Site iconSite icon Janayugom Online

ഹൈദരാബാദ് സര്‍വകലാശാലയുടെ ഭൂമിയിലെ നിര്‍മ്മാണം ഹൈക്കോടതി തടഞ്ഞു

തെലങ്കാനയിലെ ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയ്ക്ക് സമീപമുള്ള 400 ഏക്കറിലെ നിര്‍മ്മാണങ്ങള്‍ തെലങ്കാന ഹൈക്കോടതി ഒരു ദിവസത്തേക്ക് നിര്‍ത്തിവച്ചു. വിദ്യാര്‍ത്ഥികളും വാതാ ഫൗണ്ടേഷനും സമര്‍പ്പിച്ച പൊതുതാല്പര്യ ഹര്‍ജികള്‍ പരിഗണിച്ചാണ് ഇടക്കാല ഉത്തരവ്.
സര്‍വകലാശാലയ്ക്ക് സമീപം കാഞ്ച ഗച്ചിബൗളിയിലാണ് വിവാദഭൂമി. സുപ്രീം കോടതി ഉത്തരവുകള്‍ ലംഘിച്ച് തെലങ്കാന ഇന്‍ഡസ്ട്രിയല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ കോര്‍പറേഷന്‍ (ടിജിഐഐസി) ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് മരങ്ങള്‍ പിഴുതുമാറ്റുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി ഹര്‍ജിക്കാര്‍ സ്റ്റേ ആവശ്യപ്പെട്ടിരുന്നു. സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഭൂമി തങ്ങള്‍ക്ക് അനുവദിച്ച് കിട്ടിയതെന്ന് ടിജിഐഐസി അവകാശപ്പെട്ടെങ്കിലും സുപ്രീം കോടതി ഉത്തരവുകള്‍ പാലിക്കണമെന്നും മരങ്ങള്‍ മുറിക്കുന്നതിന് മേല്‍നോട്ടം വഹിക്കാന്‍ ഒരു കമ്മിറ്റി രൂപീകരിക്കണമെന്നും ഹര്‍ജിക്കാര്‍ വാദിച്ചു. 

വന്യജീവികള്‍ വസിക്കുന്ന ഭൂമിയാണെങ്കില്‍ മരം മുറിക്കുന്നതിനുമുമ്പ് അതിന്റെ പ്രത്യാഘാതങ്ങള്‍ പഠിക്കണമെന്ന് സുപ്രീം കോടതി വിധിയുണ്ട്. നിരവധി മൃഗങ്ങളുടെയും പക്ഷികളുടെയും ആവാസകേന്ദ്രമാണ് തര്‍ക്കഭൂമിയെന്നും അതിനാല്‍ വന്യജീവി സംരക്ഷണ നിയമപ്രകാരം ദേശീയോദ്യാനമായി പ്രഖ്യാപിക്കണമെന്നും ഹര്‍ജിക്കാര്‍ വാദിച്ചു. അതേസമയം ഭൂമി ഐടി പര്‍ക്കിനായി വിട്ടുനല്‍കാനുള്ള സംസ്ഥാന സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ച് സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികളെ പൊലീസ് തല്ലിച്ചതച്ചു. വിദ്യാര്‍ത്ഥി പ്രതിഷേധ റാലിക്കിടെ പൊലീസ് നടത്തിയ കണ്ണീര്‍വാതക പ്രയോഗത്തിലും സംഘര്‍ഷത്തിലും നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. എഐഎസ്എഫ് അടക്കമുള്ള വിദ്യാര്‍ത്ഥി സംഘടനകളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചത്. അധ്യാപകരും വിദ്യാര്‍ത്ഥികളും പങ്കെടുത്ത മാര്‍ച്ചിനെതിരെയാണ് പൊലീസ് ലാത്തി വീശിയതും കണ്ണീര്‍വാതകം പ്രയോഗിച്ചതും. പരിക്കേറ്റ നിരവധി വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭൂമി വിട്ടുനല്‍കാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ച് സര്‍വകലാശാല ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തുമെന്ന് കഴിഞ്ഞ ദിവസം വിദ്യാര്‍ത്ഥി യുണിയനുകള്‍ അധികൃതര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു.

Exit mobile version