Site icon Janayugom Online

മോന്‍സന്‍ മാവുങ്കലിനെതിരായ പൊലീസ് അന്വേഷണ പുരോഗതി റിപ്പോര്‍ട്ടില്‍ ഹൈക്കോടതിക്ക് അതൃപ്തി

പുരാവസ്തു തട്ടിപ്പു കേസില്‍ മോന്‍സന്‍ മാവുങ്കലിനെതിരായ പൊലീസ് അന്വേഷണ പുരോഗതി റിപ്പോര്‍ട്ടില്‍ ഹൈക്കോടതിക്ക് അതൃപ്തി. ഇന്നലെ കേസ് പരിഗണിക്കുമ്പോള്‍, അറിയേണ്ടത് മോന്‍സനെതിരെ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണമല്ലെന്നു പറഞ്ഞ കോടതി ഡിജിപിയുടെ സത്യവാങ്മൂലത്തില്‍ അതൃപ്തി രേഖപ്പെടുത്തി.

ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുടെ കണ്ണില്‍ പൊടിയിട്ട് മോന്‍സന്‍ എല്ലാവരെയും കബളിപ്പിച്ചു. ഡിജിപി സമര്‍പ്പിച്ച സത്യവാങ്മൂലം കൂടുതല്‍ സംശയങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. ഐജി ലക്ഷ്മണ നടത്തിയ ഇടപെടലിനെ കുറിച്ച്‌ സത്യവാങ്മൂലത്തല്‍ വ്യക്തതയില്ല, എല്ലാ സംവിധാനങ്ങളെയും മോന്‍സന്‍ തന്നിഷ്ടത്തിന് ഉപയോഗിച്ചെന്നും കോടതി പറഞ്ഞു. മോന്‍സനെതിരെ നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ ഭയപ്പെടുന്നുണ്ടോ എന്നു കോടതി ആരാഞ്ഞു.

മോന്‍സന്റെ വസതി സന്ദര്‍ശിച്ച ഡിജിപിക്കു സംശയം തോന്നിയെങ്കില്‍ എന്തുകൊണ്ട് ആ സമയം നടപടി സ്വീകരിച്ചില്ലെന്നു കോടതി ആരാഞ്ഞു. ഇയാളുടെ വീട്ടില്‍ കണ്ട വസ്തുക്കള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടതാണോ എന്ന് ആരും അന്വേഷിച്ചില്ല. സംശയം തോന്നി അന്വേഷണം നടത്താന്‍ ഡിജിപി കത്ത് നല്‍കിയ ശേഷമല്ലേ മോന്‍സന്‍ പൊലീസ് സംരക്ഷണം തേടി കത്ത് നല്‍കയിത് എന്നായിരുന്നു കോടതിയുടെ മറ്റൊരു ചോദ്യം.

ഡിജിപി കത്ത് നല്‍കിയിട്ടും റിപ്പോര്‍ട്ട് നല്‍കാന്‍ എട്ട് മാസം എടുത്തത് എന്ത് കൊണ്ടാണെന്നും കോടതി ചോദിച്ചു. ഇതുമായി ബന്ധപ്പെട്ടു ഡിജിപി നല്‍കി എന്നു പറയുന്നത് ഉള്‍പ്പടെയുള്ള കത്തുകള്‍ ഹാജരാക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. കേസ് ഹൈക്കോടതി നവംബര്‍ 11നു വീണ്ടും പരിഗണിക്കുന്നതിനു മാറ്റി വച്ചു.

ENGLISH SUMMARY:The High Court is dis­sat­is­fied with the progress report of the police inves­ti­ga­tion against Mon­son Mavungal
You may also like this video

Exit mobile version