കേരള സർക്കാരിന്റെ ക്രിസ്മസ്-പുതുവത്സര ബമ്പറിന്റെ 20 കോടി രൂപയുടെ ഒന്നാം സമ്മാനത്തിന്മേലുള്ള അവകാശവാദം ഉന്നയിച്ച് വിരമിച്ച പൊലീസുകാരൻ നൽകിയ ഹർജി ഹൈക്കോടതി തള്ളി. ടിക്കറ്റ് നഷ്ടപ്പെട്ടെന്ന് പരാതിപ്പെട്ട പിറവം പാഴൂർ കോട്ടപ്പുറത്ത് വീട്ടിൽ കെ കെ സജിമോന്റെ ഹർജിയാണ് കോടതി നിരസിച്ചത്. ലോട്ടറി വകുപ്പ് ഹാജരാക്കിയ ശാസ്ത്രീയ പരിശോധനാ ഫലങ്ങളും യഥാർത്ഥ വിജയി സമർപ്പിച്ച ടിക്കറ്റിന്റെ വിശദാംശങ്ങളും പരിശോധിച്ച ശേഷമാണ് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്റെ ഉത്തരവ്.
സജിമോന്റെ അവകാശവാദത്തെ ശരിവയ്ക്കുന്ന തെളിവുകൾ കണ്ടെത്താനായില്ലെന്ന് ലോട്ടറി വകുപ്പ് കോടതിയെ അറിയിച്ചിരുന്നു. പരാതിയെത്തുടർന്ന് സമ്മാനത്തുക വിതരണം ചെയ്യുന്നതിന് ഏർപ്പെടുത്തിയിരുന്ന വിലക്കും കോടതി നീക്കി. കോട്ടയം കാഞ്ഞിരപ്പള്ളി ബസ് സ്റ്റാൻഡിന് സമീപത്തുള്ള ന്യൂ ലക്കി സെന്ററിൽ വിറ്റ XC 138455 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. ജനുവരി 24നായിരുന്നു നറുക്കെടുപ്പ്.
ഡിസംബർ ഒന്നിന് മുണ്ടക്കയത്ത് ബന്ധുവീട്ടിൽ പോയപ്പോൾ കാഞ്ഞിരപ്പള്ളിയിൽ നിന്ന് വാങ്ങിയ ടിക്കറ്റിനാണ് സമ്മാനം അടിച്ചതെന്നായിരുന്നു സജിമോന്റെ വാദം. തന്റെ ട്രാവലറിൽ ശബരിമലയ്ക്ക് പോയ വിശാഖപട്ടണം സ്വദേശികൾ നെയ്പാത്രം വണ്ടിയിൽ മറന്നുവെച്ചെന്നും, താൻ വാങ്ങിയ ടിക്കറ്റ് ഈ പാത്രത്തിനടിയിൽ സൂക്ഷിച്ചിരുന്നുവെന്നും സജിമോൻ പറഞ്ഞു. പിന്നീട് തീർത്ഥാടകരുടെ ആവശ്യപ്രകാരം നെയ്പാത്രം കൊറിയർ ചെയ്തപ്പോൾ ടിക്കറ്റും ഒപ്പം പോയെന്നാണ് പരാതിയിൽ പറഞ്ഞിരുന്നത്. എന്നാൽ ഈ വാദങ്ങൾക്കൊന്നും തെളിവില്ലെന്ന് കോടതി നിരീക്ഷിച്ചു. ഇതോടെ മാസങ്ങൾ നീണ്ട നിയമയുദ്ധത്തിന് വിരാമമായി.

