Site iconSite icon Janayugom Online

വാക്സിനേഷൻ രണ്ടു തരം പൗരന്മാരെ സൃഷ്ടിച്ചെന്ന് ഹൈക്കോടതി

കേന്ദ്ര സർക്കാരിന്റെ വാക്സിനേഷൻ പദ്ധതി രാജ്യത്ത് രണ്ടു തരം പൗരന്മാരെ സൃഷ്ടിച്ചെന്ന് ഹൈക്കോടതി. സഞ്ചാര സ്വാതന്ത്ര്യം പരിമിതപ്പെടുത്തപ്പെട്ട കോവാക്സിൻ സ്വീകരിച്ചവരും എവിടെ വേണമെങ്കിലും പോകാനാവുന്ന കോവിഷീൽഡ് സ്വീകരിച്ചവരും എന്ന തരത്തിൽ പൗരന്മാർ വിഭജിക്കപ്പെട്ടെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. 

വിദേശത്തു ജോലിക്കു പോകുന്നതിന് മൂന്നാം ഡോസ് ആയി കോവിഷീൽഡ് വാക്സിൻ സ്വീകരിക്കുന്നതിന് അനുമതി തേടി സമർപ്പിച്ച ഹർജി പരിഗണിച്ചുകൊണ്ടാണ്, ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്റെ നിരീക്ഷണം. രണ്ടു ഡോസ് കോവാക്സിൻ സ്വീകരിച്ച തനിക്ക് സൗദി അറേബ്യയിൽ ജോലിക്കു പോകാനാവുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി. സൗദിയിൽ വെൽഡർ ആയി ജോലി ചെയ്യുന്നയാളാണ് ഹർജിക്കാരൻ. രാജ്യാന്തരതലത്തിൽ അംഗീകരിക്കപ്പെട്ട വാക്സിൻ എടുത്തില്ലെങ്കിൽ ജോലി പോകുമെന്ന അവസ്ഥയാണെന്ന് ഹർജിക്കാരൻ പറഞ്ഞു. 

രണ്ടു തരം പൗരന്മാരെ സൃഷ്ടിക്കുകയെന്നത് മൗലിക അവകാശത്തിന്റെ ലംഘനമാണ്. ഹർജിക്കാരന്റെ മൗലിക അവകാശം ലംഘിക്കപ്പെട്ടിട്ടുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. സർക്കാരിന്റെ വാക്സിനേഷൻ പദ്ധതിയുടെ അനന്തര ഫലമാണ് ഹർജിക്കാരൻ അനുഭവിക്കുന്നത്. ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നതു പോലെ മൂന്നാം ഡോസ് വാക്സിൻ നൽകാൻ നിർദ്ദേശിക്കാൻ കോടതിക്കാവില്ല. എന്നാൽ ഒരു മാസത്തിനകം ഹർജിക്കാരന്റെ പരാതിക്കു പരിഹാരം ഉണ്ടാവണമെന്ന് കോടതി നിർദ്ദേശിച്ചു. ഇക്കാര്യത്തിൽ കേന്ദ്ര സർക്കാരിന്റെ മറുപടി ഈ മാസം അഞ്ചിനകം അറിയിക്കണം. കേസ് വീണ്ടും അഞ്ചിനു പരിഗണിക്കും.
eng­lish summary;The High Court said that vac­ci­na­tion has cre­at­ed two types of citizens
you may also like this video;

Exit mobile version