Site icon Janayugom Online

കെ എം ഷാജിയുടെ ഭാര്യയുടെ സ്വത്ത് കണ്ടുകെട്ടൽ ഹൈക്കോടതി സ്റ്റേ ചെയ്തു

കെ എം ഷാജിയുടെ ഭാര്യയുടെ പേരിലുള്ള സ്വത്ത് കണ്ടുകെട്ടൽ ഹൈക്കോടതി സ്റ്റേ ചെയ്തു. അന്വേഷണവുമായി ഇഡിക്ക് മുന്നോട്ട് പോകാമെന്നും ഹൈക്കോടതി വ്യക്തമാക്കി. അഴീക്കോട് പ്ലസ്ടു കോഴക്കേസുമായി ബന്ധപ്പെട്ട് ഷാജിയുടെ ഭാര്യ ആശയുടെ 25 ലക്ഷം രൂപയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടിയിരുന്നു.

കോഴപ്പണം ഉപയോഗിച്ച് ഷാജി ഭാര്യയുടെ പേരിൽ നിർമ്മിച്ചെന്ന് ഇഡി കണ്ടെത്തിയ കക്കോടിയിലെ വീടടക്കമുള്ള സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. അഴീക്കോട് എംഎൽഎയായിരിക്കെ 2016 ൽ കെ എം ഷാജി അഴീക്കോട് സ്കൂളിൽ പ്ലസ്ടു കോഴ്സ് അനുവദിക്കാൻ 25 ലക്ഷം രൂപ കോഴവാങ്ങിയെന്ന് മുൻ ലീഗ് നേതാവാണ് ആദ്യം ആരോപണമുന്നയിച്ചത്.

സ്കൂളിലെ ഒരു അധ്യാപകനിൽ നിന്നാണ് കോഴ വാങ്ങിയതെന്നും ഈ അധ്യാപകന് പിന്നീട് സ്കൂളിൽ സ്ഥിരനിയമനം ലഭിച്ചെന്നും ഇഡി അന്വേഷണത്തിൽ വ്യക്തമായി.

ഈ കോഴപ്പണം ഉപയോഗിച്ച് ഷാജി ഭാര്യ ആശയുടെ പേരിൽ കോഴിക്കോട് വേങ്ങേരി വില്ലേജിൽ വീട് പണിതെന്ന് അന്വേഷണത്തിൽ വ്യക്തമായി. ഈ വീടടക്കം 25 ലക്ഷം രൂപയുടെ സ്വത്തുവകകളാണ് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം കണ്ടുകെട്ടിയതെന്നും ഇഡി വാർത്താക്കുറിപ്പിലുണ്ട്.

2020 ഏപ്രിലിൽ കണ്ണൂർ വിജിലൻസാണ് ആദ്യം കേസ് രജിസ്റ്റർ ചെയ്തത്. ഈ കേസിൽ ഇപ്പോഴും അന്വേഷണം തുടരുകയാണ്. കെ എം ഷാജിയെയും ഭാര്യയെയും നിയമസഭാ തെരഞ്ഞെടുപ്പ് കാലത്തടക്കം കേസുമായി ബന്ധപ്പെട്ട് ഇഡി കോഴിക്കോട് ഓഫീസിൽ വിളിച്ചു വരുത്തി ചോദ്യം ചെയ്തിരുന്നു.

Eng­lish summary;The High Court stayed the con­fis­ca­tion of the prop­er­ty of KM Sha­ji’s wife

You may also like this video;

Exit mobile version