Site iconSite icon Janayugom Online

എവറസ്റ്റിലെ ഏറ്റവും ഉയരത്തിലുള്ള കൊടുമുടി ഉരുകി അപ്രത്യക്ഷമാകുന്നു

ആയിരക്കണക്കിന് വര്‍ഷങ്ങളെടുത്ത് രൂപം പ്രാപിച്ച എവറസ്റ്റിലെ ഏറ്റവും ഉയരത്തിലുള്ള കൊടുമുടിയുടെ ഭാഗമായ മഞ്ഞുപാളി അതിവേഗം ഉരുകി അപ്രത്യക്ഷമാകുന്നു. കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന് കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടെയാണ് സൗത്ത് കോളിലെ മഞ്ഞുപാളികള്‍ ഏറ്റവും കൂടുതല്‍ ഉരുകിയത്. 25 വര്‍ഷത്തിനിടെ 55 മീറ്റര്‍ ഉരുകിയില്ലാതായെന്ന് നേചര്‍ മാഗസിനില്‍ പ്രസിദ്ധീകരിച്ച മായിന്‍ സര്‍വകലാശാലയുടെ പഠനത്തില്‍ പറയുന്നു.

കൊടുമുടിയുടെ ഏറ്റവും മുകളിലെ മഞ്ഞുപാളിക്ക് രണ്ടായിരം വര്‍ഷം പഴക്കമാണ് കാര്‍ബണ്‍ ഡേറ്റിങ്ങിലൂടെ കണ്ടെത്തിയത്. എന്നാല്‍ രൂപമെടുത്തതിനേക്കാള്‍ 80 ഇരട്ടി വേഗത്തില്‍ ഇത് ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. തല്‍സ്ഥിതി തുടര്‍ന്നാല്‍ ഏതാനും പതിറ്റാണ്ടുകള്‍ക്കുള്ളില്‍ സൗത്ത് കോള്‍ പൂര്‍ണമായും അപ്രത്യക്ഷമാകുമെന്ന് ഗവേഷകയായ പോള്‍ മയ്വസ്കി പറഞ്ഞു.

സമുദ്രത്തില്‍ നിന്ന് 26,000 അടി ഉയരത്തിലാണ് സൗത്ത് കോള്‍ സ്ഥിതി ചെയ്യുന്നത്. ഹിമാലയന്‍ മഞ്ഞുപാളികള്‍ അതിവേഗത്തില്‍ ഉരുകുന്നതായി മറ്റ് പല ഗവേഷണങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തില്‍ മഞ്ഞുപാളികള്‍ ഉരുകി വെള്ളം താഴോട്ട് ഒഴുകുന്നത് മലയിടുക്കുകള്‍ക്കിടയില്‍ തടാകങ്ങള്‍ രൂപപ്പെടുന്നതിനും ഹിമാലയന്‍ നദികളില്‍ വെള്ളപ്പൊക്കത്തിലും കാരണമാകുന്നുണ്ട്.

കൊടുമുടിക്ക് മുകളില്‍ പ്രകടമായ മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും പലസ്ഥലങ്ങളിലും പാറകള്‍ കാണാന്‍ കഴിയുന്ന തരത്തില്‍ മഞ്ഞുപാളികള്‍ ഉരുകിപ്പോയെന്നും 25 തവണ എവറസ്റ്റ് കീഴടക്കിയ നേപ്പാള്‍ പര്‍വ്വതാരോഹക കമി റിഗ ഷെര്‍പ പറഞ്ഞു. മലനിരകള്‍ക്ക് ചുറ്റും, നദിക്കരയിലുമായി ജീവിക്കുന്ന ഇരുന്നൂറ് കോടി ജനങ്ങളുടെ ആശ്രയമാണ് ഹിമാലയന്‍ നദികള്‍. ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട പത്ത് നദികള്‍ ഹിമാലയത്തെ ചുറ്റിപ്പറ്റിയാണ് ഒഴുകുന്നത്.

കാലവസ്ഥാ വ്യതിയാനത്തെ തുടര്‍ന്നുണ്ടാകുന്ന പ്രത്യഘാതങ്ങളില്‍ നിന്ന് ഉടലെടുക്കുന്ന കാലാവസ്ഥാ ദുരന്തങ്ങളുടെ അനന്തരഫലങ്ങള്‍ ലോകം പ്രതിദിനം അനുഭവിച്ചുവരികയാണെന്ന് യുഎന്‍ കാലാവസ്ഥാ ശാസ്ത്രജ്ഞരും സാക്ഷ്യപ്പെടുത്തുന്നുണ്ട്.

eng­lish sum­ma­ry; The high­est peak on Mount Ever­est is melt­ing and disappearing

you may also like this video;

Exit mobile version