Site iconSite icon Janayugom Online

മലയോരഹൈവേ സമയബന്ധിതമായി പൂര്‍ത്തിയാക്കും: മന്ത്രി മുഹമ്മദ് റിയാസ്

ജില്ലയിലെ മലയോരഹൈവേ നിര്‍മ്മാണ പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി. എ മുഹമ്മദ് റിയാസ്. മലയോര ഹൈവേ പ്രവര്‍ത്തി പുരോഗതി വിലയിരുത്താൻ ചേര്‍ന്ന യോഗത്തിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.
ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന രീതിയിലേക്ക് കാര്യങ്ങള്‍ മാറരുതെന്നും മഴക്കാലം ആരംഭിക്കുന്നതിന് മുന്‍പ് പ്രവൃത്തികള്‍ പൂര്‍ത്തിയാക്കണമെന്നും മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. കോടഞ്ചേരി-കക്കാടം പൊയില്‍, തലയാട്- കോടഞ്ചേരി, 28ആം മൈല്‍ – തലയാട്, പുല്ല് വയല്‍ – തൊട്ടില്‍പ്പാലം, നിരവില്‍പുഴ‑മൂന്നാംകൈ-തൊട്ടില്‍പാലം എന്നീ റോഡുകളിലെ വിവിധ റീച്ചുകളിലായുള്ള പ്രവൃത്തികള്‍ മന്ത്രി വിലയിരുത്തി.

കോടഞ്ചേരി-കക്കാടം പൊയില്‍ റോഡില്‍ റീഅലൈന്‍മെന്റ് ആവശ്യമുള്ള ആറ് കിലോമീറ്ററില്‍ ഫെബ്രുവരി 28നകം സര്‍വ്വേ പൂര്‍ത്തീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കി. മെയ് 20ന് മുന്‍പ് ഈ സ്‌ട്രെച്ചിന്റെ പ്രവൃത്തി പൂര്‍ത്തീകരിക്കാനും സെപ്തംബറില്‍ മുഴുവന്‍ റോഡിന്റെയും പ്രവൃത്തി പൂര്‍ത്തീകരിക്കാനുമാണ് നിര്‍ദ്ദേശം. തലയാട്- കോടഞ്ചേരി റോഡില്‍ ഭൂമിപ്രശ്‌നവുമായി ബന്ധപ്പെട്ട് സാങ്കേതിക അനുമതി ഫെബ്രുവരി ഒന്‍പതിനകം ലഭ്യമാക്കും. പുതിയ ഡി പി ആർ ഉടൻ നവീകരിക്കും.സാമ്പത്തിക അനുമതി ലഭ്യമാക്കുന്നതിലെ പ്രശ്നം പരിഹരിക്കാനും നിര്‍ദ്ദേശമുണ്ട്.

പുല്ല് വയല്‍ – തൊട്ടില്‍പ്പാലം റോഡില്‍ 28 കിലോമീറ്ററില്‍ 14 കിലോമീറ്റര്‍ ടെണ്ടര്‍ ചെയ്തു. ബാക്കി 14 കിലോമീറ്ററിലെ ഭൂമിപ്രശ്‌നം സംബന്ധിച്ച എസ്റ്റിമേറ്റ് ഫെബ്രുവരി 15നകം തയ്യാറാക്കാനും മന്ത്രി നിര്‍ദ്ദേശിച്ചു. നിരവില്‍പുഴ‑മൂന്നാംകൈ-തൊട്ടില്‍പാലം റോഡില്‍ ഫെബ്രുവരി 28നകം ഡി പി ആര്‍ തയ്യാറാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. വനംവകുപ്പ് മന്ത്രി എകെ ശശീന്ദ്രന്‍, എം എല്‍ എമാരായ ടി പി രാമകൃഷ്ണന്‍, ഇ കെ വിജയന്‍, ലിന്റോ ജോസഫ്, കാനത്തില്‍ ജമീല, കെ കെ രമ, ജില്ലാകലക്ടര്‍ എന്‍.തേജ് ലോഹിത് റെഡ്ഢി, പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ആനന്ദ് സിംഗ്, പൊതുമരാമത്ത് വകുപ്പ് ജോയ്ന്റ് സെക്രട്ടറി സാംബശിവ റാവു, ദേശീയപാത അതോറിറ്റി, പൊതുമരാമത്ത്, കിഫ്ബി ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

ENGLISH SUMMARY:The hilly high­way will be com­plet­ed on time: Min­is­ter Moham­mad Riyaz
You may also like this video

Exit mobile version