Site iconSite icon Janayugom Online

കൂറ്റൻ ഹോർഡിങ് തകർന്നു വീണു; ഓട്ടോ ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ദുർഗ്ഗാ പൂജാ ആഘോഷങ്ങൾക്കിടെ അസമിലെ സിൽചാറിൽ ശക്തമായ കൊടുങ്കാറ്റില്‍ അപകടം. ആഞ്ഞുവീശിയ ശക്തമായ കൊടുങ്കാറ്റിൽ കൂറ്റൻ ഹോർഡിങ് തകർന്നു വീണു. തകർന്നുവീണ ഗേറ്റിനടിയിൽ നിന്ന് ഒരു ഓട്ടോ ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ഡ്രൈവര്‍ രക്ഷപ്പെടുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നു. കാച്ചാർ ജില്ലയിൽ കൊടുങ്കാറ്റ് വ്യാപകമായ നാശനഷ്ടങ്ങള്‍ ഉണ്ടാക്കി. ദുർഗ്ഗാ പൂജ പന്തലുകൾക്കും താത്കാലിക നിർമ്മിതികൾക്കും വലിയ കേടുപാടുകൾ സംഭവിച്ചു.

ഓട്ടോ ഡ്രൈവർ വാഹനത്തിൽ നിന്ന് പുറത്തിറങ്ങിയ ഉടൻ തന്നെ ഹോർഡിങ് തകർന്ന് ഓട്ടോയ്ക്ക് മുകളിലേക്ക് വീഴുകയായിരുന്നു. ഭയന്നുപോയ ഡ്രൈവർ ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ നിലത്തേക്ക് വീഴുന്നത് വീഡിയോ ദൃശ്യങ്ങളില്‍ കാണാം. തകർന്ന തന്റെ വാഹനം കണ്ട് ഞെട്ടലോടെ ഇയാൾ അവിടെത്തന്നെ കിടക്കുന്നു. കൂറ്റൻ ഹോർഡിങ് തകർന്നുവീണതിനെ തുടർന്ന് രണ്ട് ചെറിയ കാറുകൾ, ഒരു സ്കൂട്ടർ, ഒരു മോട്ടോർ സൈക്കിൾ എന്നിവയ്ക്കും കേടുപാടുകൾ സംഭവിച്ചു. സംഭവത്തെതുടര്‍ന്ന് മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. ആഘോഷങ്ങൾക്കായി തടിച്ചുകൂടിയ നാട്ടുകാർ പരിഭ്രാന്തരായി.ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

Exit mobile version