ഇടുക്കി ഉപ്പുതറയിൽ അപകടത്തിൽപ്പെട്ട കാറിനുള്ളിൽ ഭാര്യയെ ഉപേക്ഷിച്ച് കടന്ന് ഭർത്താവ്. ആലടി സ്വദേശി സുരേഷ് ഓടിച്ച കാർ ആണ് അപകടത്തിൽപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ ഭാര്യ നവീന കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. രാവിലെ എട്ടുമണിയോടെയാണ് മലയോര ഹൈവേയുടെ ഭാഗമായ ആലടിയിൽ വാഹന അപകടമുണ്ടായത്.
റോഡിൽ നിന്ന് താഴ്ചയിലേക്ക് പതിച്ച കാറിനുള്ളിൽ കുടുങ്ങിക്കിടന്ന നവീനയേ നാട്ടുകാരും പൊലീസും ചേർന്ന് ആശുപത്രിയിൽ എത്തിച്ചു. വാഹനത്തിൽ ഭർത്താവ് സുരേഷ് ഉണ്ടായിരുന്ന വിവരം നവീന പറഞ്ഞതോടെ പൊലീസ് ഇയാള്‍ക്കായി തിരച്ചിൽ നടത്തിയത്. അപകടത്തിന് പിന്നാലെ വാഹനത്തിൽ നിന്നിറങ്ങിയ സുരേഷ് ഒറ്റയ്ക്ക് വീട്ടിലേക്ക് പോവുകയായിരുന്നു. മദ്യലഹരിയിൽ ആയിരുന്ന സുരേഷ് മനപ്പൂർവ്വം അപകടം ഉണ്ടാക്കിയതായാണ് സംശയം.
സുരേഷും ഭാര്യ നവീനയും തമ്മിൽ അസ്വാരസ്യങ്ങൾ ഉണ്ടായിരുന്നതാണ് പൊലീസിന് ലഭിച്ച വിവരം. സ്ഥിരം മദ്യപിച്ച് പ്രശ്നമുണ്ടാക്കുന്ന ആളാണ് സുരേഷ്. അപകടത്തിൽ ഇയാൾക്കും പരിക്കേറ്റിരുന്നു. ഭാര്യ നവീനയുടെ മൊഴി രേഖപ്പെടുത്തിയതിന് ശേഷം ആയിരിക്കും സുരേഷിനെതിരെ ഉപ്പുതറ പൊലീസിന്റെ നടപടി ഉണ്ടാവുക.

