Site icon Janayugom Online

ആലപ്പുഴയിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച ഭർത്താവും മരിച്ചു

ആലപ്പുഴയിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച ഭർത്താവും മരിച്ചു. ആലപ്പുഴ തിരുവമ്പാടി കല്ലുപുരയ്‌ക്കൽ ലിസി അഗസ്‌റ്റിൻ (65) ആണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്. കൈഞരമ്പ് മുറിച്ച്‌ ആത്മഹത്യക്ക്‌ ശ്രമിച്ച ഭർത്താവ് പൊന്നപ്പനെ (75) ആലപ്പുഴ മെഡിക്കൽ കോളേജ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നുവെങ്കിലും രാവിലെ മരിച്ചു. ഇരുമ്പുകമ്പി കൊണ്ട് തലയ്ക്കടിച്ച് ലിസിയെ കൊല്പപെടുത്തിയ ശേഷം ഇയാള്‍ ജീവനൊടുക്കാൻ ശ്രമിക്കുകയായിരുന്നു.

വ്യാഴം പകൽ​ 1.30നാണ്​​ സംഭവം. ഭാര്യയെ കൊലപ്പെടുത്തി പൊന്നപ്പൻ ആത്മഹത്യക്ക് ശ്രമിച്ചതാണെന്നാണ് പൊലീസ്‌ പറഞ്ഞത്. ഈ സമയത്ത്​ വീട്ടിൽ മറ്റാരുമുണ്ടായിരുന്നില്ല. ഫെഡറൽ ബാങ്ക്‌ ജീവനക്കാരായ മകനും മരുമകളും കുഞ്ഞുമായി ആശുപത്രിയില്‍ പോയ സമയത്തായിരുന്ന കൊലപാതകം.

മാതാപിതാക്കള്‍ക്കുള്ള ഭക്ഷണം മകൻ ഓണ്‍ലൈൻ വഴി ഓർഡർ ചെയ്‌തിരുന്നു​. ഭക്ഷണവുമായി എത്തിയ ഡെലിവറി ബോയ്​ വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. മ​കന്റെ ഫോൺനമ്പരിലേക്ക്​ വിളിച്ച്​ കാര്യങ്ങൾ പറഞ്ഞു. തുടര്‍ന്ന് മകൻ സമീപത്ത്​ താമസിക്കുന്ന ബന്ധുവായ ജോർജിനെ അറിയിച്ചതിനെത്തുടർന്ന്‌ ഇദ്ദേഹമെത്തി അടുക്കളവാതിലിന്റെ ഗ്രില്ല് തുറന്ന്​ അകത്തുകയറി നോക്കിയപ്പോൾ ഇരുവരും രക്തത്തിൽ കുളിച്ചുകിടക്കുന്നതാണ്​ കണ്ടത്​. പൊലീസിന്റെ സഹായത്തോ​ടെ ഇരുവരെയും ആംബുലൻസിൽ മെഡിക്കൽ കോളജ്​ ആശുപത്രിയിൽ എത്തിച്ചിരുന്നുവെങ്കിലും ലിസി മരിച്ചിരുന്നതായി ഡോക്ടർമാർ അറിയിക്കുകയായിരുന്നു.

പനിബാധിച്ച് ഒരാഴ്‌ചയായി ആലപ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ലിസിയെ ബുധനാഴ്‌ചയാണ് ഡിസ്ചാർജ്‌ ചെയ്‌ത് വീട്ടില്‍ എത്തിച്ചത്. ആലപ്പുഴ സൗത്ത് പൊലീസ് അന്വേഷണം തുടങ്ങി.

Eng­lish Sum­ma­ry: The hus­band who tried to com­mit sui­cide after killing his wife also died
You may also like this video

Exit mobile version