സംസ്ഥാന റവന്യു വകുപ്പിന്റെ ഭൂമിയിലെ അനധികൃത നിര്‍മ്മാണം അധികൃതര്‍ പൊളിച്ചു മാറ്റി. തിരുവനന്തപുരം കവടിയാറില്‍ റവന്യു വകുപ്പിന്റെ ആസ്ഥാന മന്ദിരമായ റവന്യു ഭവന്‍ നിര്‍മ്മിക്കാനൊരുങ്ങുന്ന ഭൂമിയിലെ കയ്യേറ്റമാണ് ഒഴിപ്പിച്ചത്.
കവടിയാര്‍ കൊട്ടാരത്തിന്റെ ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള എസ്റ്റേറ്റാണ് റവന്യു ഭൂമി കയ്യേറിയത്. റവന്യു ഭവന്‍ നിര്‍മ്മിക്കാനൊരുങ്ങുന്ന സ്ഥലത്തിന്റെ പിന്‍ഭാഗത്തുള്ള ഈ എസ്റ്റേറ്റിലേക്ക് പോകുവാന്‍ റവന്യു ഭൂമി കയ്യേറുകയും മതില്‍ പൊളിച്ച് ഗേറ്റ് നിര്‍മ്മിക്കുകയും ചെയ്തിരുന്നു. കൂടാതെ ജെസിബി ഉപയോഗിച്ച് അഞ്ച് മീറ്ററോളം പാതയും നിര്‍മ്മിച്ചിരുന്നു. കയ്യേറ്റം ശ്രദ്ധയില്‍പ്പെട്ടതോടെ പേരൂര്‍ക്കട വില്ലേജ് ഓഫിസ് അധികൃതര്‍ അന്വേഷണം നടത്തി. ഗുരുതര നിയമലംഘനം കണ്ടെത്തിയതിനെതുടര്‍ന്ന് വില്ലേജ് ഓഫിസര്‍ ദര്‍ശന്‍ വിശ്വനാഥ് പേരൂര്‍ക്കട പൊലീസില്‍ വ്യാഴാഴ്ച പരാതി നല്‍കി. പരാതി പരിശോധിച്ച പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.
അനധികൃത കയ്യേറ്റം ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി ഇന്ന് രാവിലെ വില്ലേജ് ഓഫിസറുടെ നേതൃത്വത്തില്‍ ഗേറ്റ് നീക്കം ചെയ്തു മതില്‍ കെട്ടിയടിച്ചു. പുതിയതായി നിര്‍മ്മിച്ച പാത മണ്ണിട്ട് മൂടി. തുടര്‍ന്ന് കയ്യേറ്റ ഭൂമിയില്‍, ഭൂമി റവന്യു വകുപ്പിന്റേതാണെന്നും അനധികൃത കയ്യേറ്റം നിയമലംഘനമാണെന്നും എഴുതിയ ബോര്‍ഡും സ്ഥാപിച്ചു. അനധികൃത നിര്‍മ്മാണത്തിനോടൊപ്പം റവന്യു വകുപ്പിന്റെ ഭൂമിയിലെ വൃക്ഷങ്ങളും മുറിച്ചു മാറ്റിയിരുന്നു. കയ്യേറ്റത്തെക്കുറിച്ച് വില്ലേജ് ഓഫിസറുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷിച്ചതിനു ശേഷമാണ് പൊലീസില്‍ പരാതി നല്‍കിയത്.
പൊലീസിന്റെ ഭാഗത്തു നിന്നുള്ള അന്വേഷണത്തിനോടൊപ്പം കയ്യേറ്റക്കാര്‍ക്കെതിരെ സര്‍ക്കാര്‍ തലത്തിലും നടപടി ഉണ്ടാകുമെന്ന് വില്ലേജ് ഓഫിസര്‍ പറഞ്ഞു. സര്‍ക്കാര്‍ ഭൂമിയാണെന്നും 24 മണിക്കൂറിനുള്ളില്‍ അനധികൃത നിര്‍മ്മാണം പൊളിച്ചുമാറ്റണമെന്നും ചൂണ്ടിക്കാട്ടി വ്യാഴാഴ്ച കയ്യേറ്റഭൂമിയില്‍ നോട്ടീസ് പതിപ്പിച്ചിരുന്നു. എന്നാല്‍ കൊട്ടാരം അധികൃതരുടെ ഭാഗത്തുനിന്നും യാതൊരു നടപടിയും ഉണ്ടാകാത്തതിനാലാണ് ഇന്ന് അനധികൃത കയ്യേറ്റം ഒഴിപ്പിച്ചത്.
English Summary: The illegal construction on the revenue department’s land was demolished
You may also like this video