Site iconSite icon Janayugom Online

ഭോപ്പാലില്‍ ബ്രാഹ്‌മണന്റെ കാൽ കഴുകിച്ച് വെള്ളം കുടിപ്പിച്ച സംഭവം; നാലുപേർക്കെതിരെ കേസ്

മധ്യപ്രദേശിലെ ധമോഹ് ജില്ലയിൽ, നിർമിത ബുദ്ധിയുടെ സഹായത്തോടെ തയ്യാറാക്കിയ ഒരു ചിത്രം പ്രചരിച്ചതുമായി ബന്ധപ്പെട്ട തർക്കത്തിൽ പിന്നാക്ക വിഭാഗത്തിൽ നിന്നുള്ളയാളെക്കൊണ്ട് ബ്രാഹ്‌മണന്റെ കാൽ കഴുകിക്കുകയും ആ വെള്ളം കുടിപ്പിക്കുകയും ചെയ്ത സംഭവത്തിൽ നാലുപേർക്കെതിരെ പൊലീസ് കേസെടുത്തു. പുരുഷോത്തം ഖുശ്വാഹയെ കൊണ്ടാണ് ഗ്രാമസഭ ഈ ‘പ്രശ്ചിത്തം’ ചെയ്യിപ്പിച്ചത്. കാൽ കഴുകിക്കുകയും മാപ്പ് പറയുകയും ചെയ്യുന്നതിൻ്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. 

ഗ്രാമത്തിൽ മദ്യനിരോധനം നിലനിൽക്കെ, ഗ്രാമത്തിലെ അനുജ് പാണ്ഡെ മദ്യം വിൽക്കുന്നത് ഗ്രാമവാസികൾ പിടികൂടി. ഇതിന് ശിക്ഷയായി പരസ്യമായി ക്ഷമാപണം നടത്താനും 2,100 രൂപ പിഴയടക്കാനും ഗ്രാമസഭ വിധിച്ചിരുന്നു. ഇതിനു പിന്നാലെ, അനുജ് പാണ്ഡെ ഷൂമാല ധരിച്ചു നിൽക്കുന്നതുപോലെയുള്ള ഒരു എ ഐ ചിത്രം പുരുഷോത്തം ഖുശ്വാഹ നിർമിച്ച് ഗ്രാമത്തിലാകെ പ്രചരിപ്പിച്ചു. ഈ ചിത്രം തങ്ങളെ അപമാനിക്കുന്നതാണെന്ന് ആരോപിച്ച് ഗ്രാമത്തിലെ ബ്രാഹ്‌മണ വിഭാഗം രംഗത്തെത്തി. പുരുഷോത്തം പ്രായശ്ചിത്തം ചെയ്യണമെന്ന് അവർ ആവശ്യപ്പെട്ടു. തുടർന്ന്, ബ്രാഹ്‌മണരുടെ സമ്മർദ്ദത്തിന് വഴങ്ങിയ പുരുഷോത്തമിനെക്കൊണ്ട് ഗ്രാമസഭ മുട്ടുകുത്തിയിരുന്ന് അനുജ് പാണ്ഡെയുടെ പാദം കഴുകിക്കുകയും ആ വെള്ളം കുടിപ്പിക്കുകയും ചെയ്തു. കൂടാതെ 5,100 രൂപ പിഴയടക്കാനും ഉത്തരവിട്ടു. പുരുഷോത്തം 15 മിനിറ്റിനുള്ളിൽ വീഡിയോ നീക്കം ചെയ്യുകയും മാപ്പ് പറയുകയും ചെയ്തിരുന്നു. സംഭവം വിവാദമായതോടെ, പാണ്ഡെ തൻ്റെ കുടുംബത്തിന്റെ ഗുരുവാണെന്നും ഇതിനെ രാഷ്ട്രീയമായി കാണരുതെന്നും പറഞ്ഞ് പുരുഷോത്തമും, അനുജ് പാണ്ഡെയും രംഗത്തെത്തി. എന്നിരുന്നാലും, പൊലീസ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Exit mobile version