Site iconSite icon Janayugom Online

ഐസ് ഏജന്റിന്റെ വെടിയേറ്റ് യുവതി കൊല്ലപ്പെട്ട സംഭവം; മിനിയാപൊളിസിൽ വൻ പ്രതിഷേധം, 29 അറസ്റ്റ്

അമേരിക്കയിലെ മിനിയാപൊളിസിൽ ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് ഏജന്റിന്റെ വെടിയേറ്റ് മുപ്പത്തിയേഴുകാരിയായ റെനി നിക്കോൾ ഗുഡ് കൊല്ലപ്പെട്ട സംഭവത്തിൽ നഗരത്തിൽ വൻ പ്രതിഷേധം. വെള്ളിയാഴ്ച രാത്രി നടന്ന പ്രതിഷേധ പ്രകടനങ്ങളിൽ ആയിരത്തോളം പേർ പങ്കെടുത്തു. പ്രതിഷേധക്കാർ പൊലീസിന് നേരെ മഞ്ഞുകട്ടകളും കല്ലുകളും എറിഞ്ഞതിനെത്തുടർന്ന് നഗരത്തിൽ സംഘർഷാവസ്ഥയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് 29 പേരെ പൊലീസ് അറസ്റ്റ് ചെയ്ത് പിന്നീട് വിട്ടയച്ചു. പ്രതിഷേധത്തിനിടെ ഒരു പൊലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്.

ബുധനാഴ്ച തന്റെ കാറിനുള്ളിൽ ഇരിക്കുമ്പോഴാണ് റെനി നിക്കോൾ ഗുഡിന് വെടിയേറ്റത്. ഇമിഗ്രേഷൻ നടപടികൾ നേരിടുന്ന അയൽവാസികളെ സഹായിക്കാനാണ് റെനിയും പങ്കാളിയും സ്ഥലത്തെത്തിയത്. കാർ തടഞ്ഞ ഐസ് ഏജന്റുമാർ റെനിയോട് പുറത്തിറങ്ങാൻ ആവശ്യപ്പെടുകയും അവർ കാർ ഓടിച്ചു പോകാൻ ശ്രമിച്ചപ്പോൾ വെടിയുതിർക്കുകയുമായിരുന്നു. ഏജന്റ് ജോനാഥൻ റോസ് ആത്മരക്ഷാർത്ഥമാണ് വെടിവെച്ചതെന്നാണ് ട്രംപ് ഭരണകൂടം വ്യക്തമാക്കുന്നത്. എന്നാൽ റെനി ആർക്കും ഭീഷണിയായിരുന്നില്ലെന്നും അവർ രക്ഷപ്പെടാനാണ് ശ്രമിച്ചതെന്നും മിനിയാപൊളിസ് മേയർ ജേക്കബ് ഫ്രേ പറഞ്ഞു. സംഭവത്തിൽ എഫ്ബിഐ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഐസ് ഏജന്റുമാർ താമസിക്കുന്നു എന്ന് കരുതപ്പെടുന്ന ഹോട്ടലിന് മുന്നിലായിരുന്നു പ്രധാന പ്രതിഷേധം നടന്നത്. ചിലർ ഹോട്ടലിനുള്ളിലേക്ക് അതിക്രമിച്ചു കയറാൻ ശ്രമിച്ചതോടെ പൊലീസ് ഇടപെടുകയായിരുന്നു. വരും ദിവസങ്ങളിൽ ടെക്സസ്, ഫ്ലോറിഡ ഉൾപ്പെടെയുള്ള നഗരങ്ങളിലും പ്രതിഷേധം തുടരുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Exit mobile version