Site iconSite icon Janayugom Online

സ്വർണപീഠം കാണാതായ സംഭവം; ഉണ്ണികൃഷ്ണൻ പോറ്റിയുടെ കൂടുതല്‍ അനധികൃത ഇടപാടുകൾ പുറത്ത്

ശബരിമല ദ്വാരപാലക ശില്പങ്ങളിലെ സ്വർണം പൂശിയ പീഠം കാണാതായ സംഭവത്തിൽ അന്വേഷണം നേരിടുന്ന ഉണ്ണികൃഷ്ണൻ പോറ്റിയുടെ അനധികൃത ഇടപാടുകൾ പുറത്ത്. 2019 ൽ അറ്റകുറ്റപ്പണിക്കായി കൊണ്ടുപോയ ശബരിമലയിലെ ശില്പപാളി ചെന്നൈയിലടക്കം പലയിടത്തും പ്രദർശിപ്പിച്ച് ഉണ്ണികൃഷ്ണൻ പോറ്റി കോടികൾ സമ്പാദിച്ചതായി ദേവസ്വം വിജിലൻസ് കണ്ടെത്തി.

ശില്പപാളി ശബരിമലയിലെ ശ്രീകോവിലിന്റെ വാതിലെന്ന പേരിലാണ് തട്ടിപ്പ് നടത്തിയത്. ഈ പണം ഉപയോഗിച്ച് തലസ്ഥാനത്ത് അടക്കം വലിയ തോതില്‍ ഉണ്ണികൃഷ്ണന്‍ പോറ്റി ഭൂമി വാങ്ങിക്കൂട്ടിയെന്നും വിവരമുണ്ട്. 30 കോടിയിലധികം രൂപയുടെ ഭൂമിയിടപാടുകൾ നടന്നിട്ടുണ്ടെന്നാണ് സൂചന.

ഇയാൾ അനധികൃതമായി പണവും പലിശയ്ക്ക് നൽകിയിരുന്നു. കൂടുതൽ തെളിവുകൾ ലഭിച്ചതോടെ ഉണ്ണികൃഷ്ണന്റെ സാമ്പത്തിക, ഭൂമി ഇടപാടുകളെക്കുറിച്ചെല്ലാം ദേവസ്വം വിജിലൻസ് അന്വേഷണം നടത്തുകയാണ്. ചെന്നൈയിലെ ശില്പ പാളി പ്രദർശനത്തിൽ നടൻ ജയറാമും ഗായകന്‍ വീരമണി രാജുവും പങ്കെടുത്തിരുന്നു. ശബരിമലയിലെ ശ്രീകോവിലിന്റെ കട്ടിളപ്പടികളുണ്ടെന്ന് പറഞ്ഞ് ഉണ്ണികൃഷ്ണന്‍ പോറ്റി ക്ഷണിച്ചിട്ടാണ് താന്‍ ചടങ്ങില്‍ പങ്കെടുത്തതെന്ന് നടൻ ജയറാം പ്രതികരിച്ചു.

അതേസമയം, കേസിൽ ഉണ്ണികൃഷ്ണനെയും സഹായി വാസുദേവനെയും ഇന്ന് ദേവസ്വം വിജിലന്‍സ് ചോദ്യം ചെയ്യും. ശബരിമല മണ്ഡലകാലത്ത് കീഴ്ശാന്തിയുടെ സഹായികളായ പരികർമികളിൽ ഒരാളായാണ് ഉണ്ണികൃഷ്ണന്‍ പോറ്റി സന്നിധാനത്തെത്തുന്നത്. ശബരിമലയില്‍ എത്തിയതോടെ ഉണ്ണികൃഷ്ണന് ബംഗളൂരുവിലെ ഭക്തര്‍ക്കിടയില്‍ വലിയ സ്വാധീനമുണ്ടാക്കാനായി. ഈ സ്വാധീനം ഉപയോഗിച്ചാണ് ഇയാൾ തട്ടിപ്പുകളെല്ലാം നടത്തിയിരുന്നത്.

Exit mobile version