നഗരത്തിലെ ജിംനേഷ്യത്തിൽ അതിക്രമിച്ച് കയറി യുവാവിന് നേരെ തോട്ട എറിഞ്ഞ സംഭവത്തിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഒന്നും, രണ്ടും പ്രതികളെ പൊലീസ് പിടികൂടി. തണ്ണീർമുക്കം പഞ്ചായത്ത് 3-ാം വാർഡ് പോട്ടയിൽ ദീപു പി ലാൽ (34), മുഹമ്മ പഞ്ചായത്ത് 2-ാം വാർഡ് തുരുത്തേൽ അനന്തകൃഷ്ണൻ (24) എന്നിവരാണ് പിടിയിലായത്.
കൊല്ലം പരവൂരിൽ ഹോട്ടൽ ജീവനക്കാരായി ഒളിവിൽ കഴിയവേ ഞായറാഴ്ച രാത്രി ചേർത്തല സി ഐ ബി വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. ഇവരെ കോടതി റിമാൻഡ് ചെയ്തു. ഇതോടെ കേസുമായി ബന്ധപ്പെട്ട് 6 പേർ പിടിയിലായി. വടക്കേ അങ്ങാടി കവലയ്ക്ക് സമീപത്തെ എസ് ജെ ജിംനേഷ്യത്തിലേക്ക് സ്പോടക വസ്തു എറിഞ്ഞതാണ് കേസ്. ജിംനേഷ്യത്തിലെത്തിയ വയലാർ കളവംകോടം സ്വദേശിയായ മറ്റൊരാളെ ലക്ഷ്യമാക്കിയാണ് അക്രമിസംഘം എത്തിയത്. ബൈക്കിലെത്തിയ സംഘത്തിലെ ഒരാൾ ജിംനേഷ്യത്തിൽ പ്രവേശിച്ച് തോട്ട എറിയുകയായിരുന്നു.
ക്വട്ടേഷൻ സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് ആക്രമണമായിരുന്നു ഇതിന് പിന്നിൽ. ഇരുചക്രവാഹനത്തിൽ എത്തിയ രണ്ടംഗ സംഘം ജിംനേഷ്യത്തിന് സമീപം പാർക്ക് ചെയ്തിരുന്ന കാറും അടിച്ചു പൊളിച്ചശേഷമാണ് സംഘം കടന്നത്. ഇവിടെ പരിശീലനത്തിനെത്തിയ കളവംകോടം മുല്ലൂർ വീട്ടിൽ പ്രസീദി് (27)ന് പരിക്കേറ്റിരുന്നു. തണ്ണീർമുക്കം പഞ്ചായത്ത് 11-ാം വാർഡിൽ പുത്തനങ്ങാടി കിഴക്കേ വളഞ്ഞവഴി അനന്തു (അമ്പാടി- 28), ചള്ളിയിൽ മുഹമ്മദ് ഷാഫി (29) എന്നിവരാണ് നേരത്തെ പിടിലായത്. കൃത്യത്തിന് ശേഷം പ്രതികൾക്ക് ഒളിത്താവളം ഒരുക്കിയ ചേർത്തല തെക്ക് പഞ്ചായത്ത് 3-ാം വാർഡ് പട്ടാണിശേരി കോളനി വിപിൻ (28), ആറാം വാർഡ് കുറുപ്പംകുളങ്ങര ചന്ദ്രാത്ത് അഖിൽ (28) എന്നിവരെ അറസ്റ്റ് ചെയ്ത് കോടതി ജാമ്യത്തിൽ വിട്ടയച്ചിരുന്നു.