മധ്യപ്രദേശിലെ അനുപ്പൂർ ജില്ലയിൽ കിണറ്റിൽ ചാക്കിൽ പൊതിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. 60കാരനായ ഭയ്യാലാൽ രജക് ആണ് കൊല്ലപ്പെട്ടത്. അദ്ദേഹത്തിന്റെ മൂന്നാം ഭാര്യയും കാമുകനും ചേർന്നാണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസിൻ്റെ കണ്ടെത്തൽ. ബ്രോക്കറായ നാരായൺ ദാസ് കുശ്വാഹയുമായി മുന്നി എന്ന മൂന്നാം ഭാര്യ പ്രണയത്തിലായിരുന്നു. ഭയ്യാലാലിനെ ഒഴിവാക്കിയാൽ മാത്രമേ ഒന്നിച്ചു ജീവിക്കാനാകൂ എന്ന ചിന്തയാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ഇതിനായി ഇവർ ധീരജ് കോൽ എന്നയാളെ വാടകയ്ക്കെടുത്ത് ഓഗസ്റ്റ് 30ന് രാത്രി ഉറങ്ങിക്കിടക്കുകയായിരുന്ന ഭയ്യാലാലിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം പുതപ്പിൽ പൊതിഞ്ഞ് ചാക്കിൽ കെട്ടി ഉപയോഗശൂന്യമായ കിണറ്റിൽ ഉപേക്ഷിച്ചു.
എന്നാൽ, അടുത്ത ദിവസം കിണറ്റിൽ അനക്കം കേട്ട് നോക്കിയ രണ്ടാം ഭാര്യ ഗുഡ്ഡി ഭായിയാണ് മൃതദേഹം ആദ്യം കണ്ടത്. തുടർന്ന് പൊലീസിനെ അറിയിക്കുകയായിരുന്നു. കിണർ വറ്റിച്ചാണ് മൃതദേഹം പുറത്തെടുത്തത്. മൃതദേഹത്തിനൊപ്പം കിണറ്റിൽ നിന്ന് കണ്ടെത്തിയ മൊബൈൽ ഫോണാണ് കേസിൽ നിർണായക വഴിത്തിരിവായത്.

