Site iconSite icon Janayugom Online

മമ്മൂട്ടിക്കായി മോഹൻലാൽ വഴിപാട് നടത്തിയ സംഭവം; രസീത് ചോർത്തിയത് ഉദ്യോഗസ്ഥരല്ലെന്ന് ദേവസ്വം ബോർഡ്

ശബരിമലയിയിൽ മമ്മൂട്ടിക്കായി മോഹൻലാൽ വഴിപാട് നടത്തിയ സംഭവത്തിൽ രസീത് ചോർത്തിയത് ദേവസ്വം ഉദ്യോഗസ്ഥരല്ലെന്ന വിശദീകരണവുമായി തിരുവിതാംകൂർ ദേവസം ബോർഡ്. വഴിപാട് വിവരങ്ങൾ ദേവസ്വം ഉദ്യോഗസ്ഥർ പരസ്യപ്പെടുത്തിയെന്ന മോഹൻലാലിന്റെ പരാമർശത്തിൽ പ്രതികരിക്കുകയായിരുന്നു ദേവസ്വം ബോർഡ്. മോഹൻലാലിന്റെ പ്രസ്താവന തെറ്റിദ്ധാരണ മൂലമാണെന്നും രസീത് വിവരങ്ങൾ പരസ്യപ്പെടുത്തിയത് ഉദ്യോഗസ്ഥരല്ലെന്നും ദേവസ്വം ബോർഡ് അറിയിച്ചു. 

കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിലാണ് മോഹൻലാൽ ഇതേക്കുറിച്ച് പരാമർശിച്ചത്. പിന്നാലെ വിശദീകരണവുമായി ദേവസ്വം ബോർഡ് രംഗത്തെത്തുകയായിരുന്നു. മോഹൻലാലിന്റെ പരാമർശം തെറ്റിദ്ധാരണ മൂലം ഉണ്ടായതാണ്. മോഹൻലാൽ ശബരിമല ദർശനം നടത്തിയ വേളയിൽ നടൻ മമ്മൂട്ടിയ്ക്കായി നടത്തിയ വഴിപാട് രസീത് ഭക്തന് നൽകുന്ന ഭാഗമാണ് മാധ്യമങ്ങൾ വഴി പ്രചരിച്ചത്. കൗണ്ടർ ഫോയിൽ മാത്രമാണ് വഴിപാടിന് പണം അടയ്ക്കുമ്പോൾ സൂക്ഷിക്കുക. ബാക്കി ഭാഗം വഴിപാട് നടത്തുന്നയാൾക്ക് കൈമാറും. മോഹൻലാൽ വഴിപാട് നടത്തിയപ്പോഴും അദ്ദേഹം ചുമതലപ്പെടുത്തി ദേവസ്വം കൗണ്ടറിലെത്തി പണം അടച്ച ആൾക്ക് രസീതിന്റെ ഭാഗം കൈമാറിയിട്ടുണ്ട്. ദേവസ്വം ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് ഇക്കാര്യത്തിൽ വീഴ്ച സംഭവിച്ചിട്ടില്ലെന്നും ബോർഡ് വ്യക്തമാക്കി.

Exit mobile version