രാഹുല്‍ മാങ്കൂട്ടത്തിലിന് സ്വീകരണം നല്‍കിയ സംഭവം കോണ്‍ഗ്രസ് എത്ര ഗതികെട്ട അവസ്ഥയിലാണെന്ന് വ്യക്തമാക്കുന്നുവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. രണ്ടാഴ്ചയിലേറെ കാണാനില്ലാതിരുന്ന എംഎല്‍എ പതിനഞ്ചാം ദിവസം പ്രത്യക്ഷപ്പെട്ട് വോട്ട് ചെയ്യാനെത്തുമ്പോള്‍ അദ്ദേഹത്തിന് ഹീറോ പരിവേഷം കൊടുത്തുകൊണ്ട് കുറേയേറെ കോണ്‍ഗ്രസുകാര്‍ അണിനിരക്കുന്നു. കോണ്‍ഗ്രസ് അകപ്പെട്ടിരിക്കുന്നത് ഗതികെട്ട അവസ്ഥയിലാണ്. ബലാത്സംഗകുറ്റത്തിന് പ്രതിയായ, സ്ത്രീയെ ഉപഭോഗ വസ്തുവായി മാത്രം കാണുന്ന എംഎല്‍എ ചങ്ക് ആണെന്ന് പറയുന്ന ആള്‍ക്കാരാണ് അവിടെയുള്ളത്. ഈ പാര്‍ട്ടി എങ്ങോട്ടാണ് പോകുന്നത്? ആളുകളെ നിയന്ത്രിക്കാനോ നേര്‍വഴിക്ക് നയിക്കാനോ ആരുമില്ല കോണ്‍ഗ്രസില്‍. പാര്‍ട്ടിയുടെ അധപതനമാണിതെന്നും ബിനോയ് വിശ്വം മാധ്യമങ്ങളോട് പറഞ്ഞു.
പി ടി കുഞ്ഞുമുഹമ്മദിനെതിരെയുള്ള പരാതി മുഖ്യമന്ത്രിക്ക് കിട്ടിയ ഉടനെ നടപടിയെടുത്തു. അതില്‍ അന്വേഷണം നടക്കുകയാണ്. ആരെയും രക്ഷിക്കാന്‍ എല്‍ഡിഎഫ് ശ്രമിക്കില്ല. ബലാത്സംഗത്തിനോ, സ്ത്രീക്ക് നേരെയുള്ള ആക്രമണത്തിനോ രാഷ്ട്രീയ മാനം കൊടുക്കേണ്ടതില്ല. എല്‍ഡിഎഫ് ബലാത്സംഗം, യുഡിഎഫ് ബലാത്സംഗം എന്നോ തീവ്രത കൂടിയ ബലാത്സംഗം എന്നോ കുറഞ്ഞ ബലാത്സംഗം എന്നോ ഇല്ല. എവിടെയായാലും ഇരയാകുന്ന സ്ത്രീക്കൊപ്പമാണ് എല്‍ഡിഎഫ് നില്‍ക്കുന്നത്.
സ്ത്രീയുടെ സമ്മതമില്ലാതെ അവളുടെ ദേഹത്ത് കൈവച്ചാല്‍ അത് ആരായാലും നടപടിയെടുക്കുന്നതിന് പാര്‍ട്ടിയോ മുന്നണിയോ ഒന്നും ബാധകമല്ല. അത് ഇടതുപക്ഷത്തിന്റെ പ്രത്യയശാസ്ത്രമാണെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.

