Site icon Janayugom Online

അമിത്ഷായുടെ വാഹനങ്ങള്‍ കടന്നുപോകാന്‍ ആംബുലന്‍സ് തടഞ്ഞ സംഭവം: വിശദീകരണവുമായി മുംബൈ പൊലീസ്

ambulance

കേന്ദ്രമന്ത്രി അമിത് ഷായുടെ ദ്വിദിന സന്ദര്‍ശനത്തിനിടെ ആംബുലന്‍സ് തടഞ്ഞുവച്ച സംഭവത്തില്‍ വിശദീകരണവുമായി മുംബൈ പൊലീസ്. വാഹന നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നുവെന്നത് ശരിയാണെന്നും അതേസമയം രോഗിയില്ലാത്ത ആംബുലന്‍സാണ് തടഞ്ഞ വാഹനങ്ങളുടെ കൂട്ടത്തിലുണ്ടായിരുന്നതെന്നും മുംബൈ പൊലീസ് ട്വിറ്ററിലൂടെ നല്‍കിയ മറുപടിയില്‍ പറയുന്നു.
ആംബുലന്‍സിന് സൈറണ്‍ തകരാര്‍ ഉണ്ടായിരുന്നതുകൊണ്ടാണ് മുഴങ്ങിയതെന്നും അതല്ലാതെ രോഗിയുമായി പോയ ആംബുലന്‍സ് തടഞ്ഞുവെന്ന വാര്‍ത്ത തെറ്റാണെന്നും പൊലീസ് വിശദീകരണത്തില്‍ പറഞ്ഞിരുന്നു. 

കഴിഞ്ഞ ദിവസമാണ് അമിത് ഷായുടെ ദ്വിദിന സന്ദർശനത്തിന് തുടക്കമായത്. കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ സന്ദർശനത്തിനിടെ അദ്ദേഹത്തിന് കടന്നുപോകാനായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ മൂലം വ്യാവസായിക നഗരത്തില്‍ ജനങ്ങള്‍ക്ക് ഏറെ ബുദ്ധിമുട്ടാണുണ്ടായത്.
അതിനിടെയാണ് രോഗിയുമായെത്തിയ ആബുംലൻസ് അമിത് ഷായ്ക്ക് കടന്നു പോകാനായി ഏർപ്പെടുത്തിയ നിയന്ത്രണം മൂലം കുടുങ്ങിയെന്ന വാര്‍ത്തകള്‍ പുറത്തുവന്നത്. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. അന്ധേരി സാക മേഖലയിലെ ട്രാഫിക് ബ്ലോക്കിലാണ് ആംബുലൻസ് കുടുങ്ങിയത്. ഏകദേശം 10 മിനിറ്റ് നേരം ആംബുലൻസിന് അവിടെ കാത്തുകിടക്കേണ്ടി വന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

Eng­lish Sum­ma­ry: The inci­dent where the ambu­lance stopped Amit Shah’s vehi­cles from pass­ing: Mum­bai police with an explanation

You may like this video also

Exit mobile version