Site iconSite icon Janayugom Online

സ്വർണക്കടത്ത് സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവം; കൊയിലാണ്ടിയിൽ കണ്ടെത്തിയ മൃതദേഹം ഇർഷാദിന്റേത്

കോഴിക്കോട് പന്തിരിക്കരയിൽ നിന്ന് സ്വർണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ ഇർഷാദ് കൊല്ലപ്പെട്ടു. കൊയിലാണ്ടിയിൽ കടപ്പുറത്ത് കണ്ടെത്തിയ മൃതദേഹം ഇർഷാദിന്റെതാണെന്ന് ഡിഎൻഎ പരിശോധനയില്‍ സ്ഥിരീകരിച്ചു.

ജൂലൈ പതിനേഴിന് കടപ്പുറത്ത് കണ്ടെത്തിയ മൃതദേഹം മറ്റൊരു യുവാവിന്റെതെന്ന് കരുതി സംസ്കരിച്ചിരുന്നു. ഇതിനു മുമ്പ് ഡിഎൻഎ പരിശോധനയ്ക്കായി സാമ്പിൾ ശേഖരിച്ചിരുന്നു. ഈ ഡിഎൻഎയുമായി ഇർഷാദിന്റെ മാതാപിതാക്കളുടെ ഡിഎൻഎ ഒത്തുനോക്കിയാണ് മരണം സ്ഥിരീകരിച്ചത്.

കഴിഞ്ഞ ദിവസം ഇർഷാദിനെ തട്ടിക്കൊണ്ടുപോയ സംഘത്തിലെ അംഗങ്ങൾ പിടിയിലായിരുന്നു. ഇവരിൽ നിന്ന് ലഭിച്ച വിവരമാണ് അന്വേഷണത്തിൽ വഴിത്തിരിവായത്. ഇന്നലെ അറസ്റ്റിലായ വൈത്തിരി സ്വദേശി ഷെഹീൽ, കൽപ്പറ്റ സ്വദേശി ജിനാഫ്, സജീർ എന്നിവരിൽ നിന്നാണ് നിർണായക വിവരങ്ങൾ പൊലീസിന് ലഭിച്ചത്. തങ്ങളുടെ പിടിയിൽ നിന്ന് രക്ഷപ്പെട്ട ഇർഷാദ് പുഴയിൽ ചാടിയെന്ന് അറസ്റ്റിലായവർ മൊഴി നൽകിയിരുന്നു.

യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിൽ നാലു പേരാണ് ഇതുവരെ അറസ്റ്റിലായത്. താമരശ്ശേരി സ്വദേശിയായ 916 നാസർ എന്ന വ്യക്തിയാണ് ഇതിന്റെ സൂത്രധാരൻ എന്നാണ് പൊലീസിന്റെ നിഗമനം. ഇയാൾ വിദേശത്താണ്.

വിദേശത്ത് നിന്ന് കൊടുത്തുവിട്ട സ്വർണം കൈമാറാതെ കബളിപ്പിച്ച ഇർഷാദിനെ തട്ടിക്കൊണ്ട് പോയെന്നും തടവിൽ പാർപ്പിച്ച കേന്ദ്രത്തിൽ നിന്ന് മറ്റൊരിടത്തേക്ക് മാറ്റുന്നതിനിടെ, പുഴയിൽ ചാടി രക്ഷപ്പെട്ടെന്നുമായിരുന്നു അറസ്റ്റിലായവരുടെ മൊഴി. കഴിഞ്ഞ മാസം 15 ന് പുറക്കാട്ടിരി പാലത്തിന് മുകളിൽ നിന്ന് ഇർഷാദ് പുഴയിൽ ചാടിയെന്നാണ് വിവരം.

ദുബായിൽ നിന്ന് ഇക്കഴിഞ്ഞ മേയ് മാസത്തിലാണ് ഇർഷാദ് നാട്ടിലെത്തുന്നത്. അതിന് ശേഷം കോഴിക്കോട് നഗരത്തിൽ ജോലി ചെയ്യുകയായിരുന്നു. ജൂലൈ ആറിനാണ് അവസാനമായി ഇയാൾ വീട്ടിലേക്ക് വിളിച്ചത്. പിന്നീട് ഒരു വിവരവുമില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്.

Eng­lish summary;The inci­dent where the gold smug­gling gang kid­napped the youth; The dead body found in Koi­lan­di belongs to Irshad

You may also like this video;

Exit mobile version