മണിപ്പൂരില്‍ കുക്കി യുവതികളെ നഗ്‌നരാക്കി നടത്തിയ കേസില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. പ്രായപൂര്‍ത്തിയാകാത്ത ഒരു കുട്ടിയുള്‍പ്പെടെ ആറുപേരാണ് കേസിലെ മുഖ്യ പ്രതികള്‍. ഗുവാഹട്ടി സിബിഐ കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
മണിപ്പൂരിലെ കാംഗ്പോക്പി ജില്ലയില്‍ ഈ വര്‍ഷം മേയ് മൂന്നിനായിരുന്നു സംഭവമുണ്ടായത്. എന്നാല്‍ സംസ്ഥാനത്തെ ഇന്റര്‍നെറ്റ് സംവിധാനം പുനസ്ഥാപിച്ചതിന് പിന്നാലെ ജൂലൈയില്‍ സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. തുടര്‍ന്ന് ദേശവ്യാപകമായി ഇത് ശക്തമായ പ്രതിഷേധത്തിന് ഇടയാക്കി. പിന്നാലെ സുപ്രീംകോടതി കേസ് സിബിഐയ്ക്ക് കൈമാറുകയായിരുന്നു. മണിപ്പൂര്‍ പൊലീസ് അറസ്റ്റ് ചെയ്ത പ്രതികള്‍ക്ക് സംഭവത്തില്‍ പങ്കുണ്ടെന്ന് സിബിഐ അന്വേഷണത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇന്നലെ കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ ഉള്‍പ്പെട്ട മറ്റ് പ്രതികളെ തിരിച്ചറിയുന്നത് ഉള്‍പ്പെടെ കൂടുതല്‍ അന്വേഷണം നടക്കുന്നുണ്ട്.
കൂട്ടബലാത്സംഗം, കൊലപാതകം, സ്ത്രീത്വത്തെ അപമാനിക്കല്‍, ക്രിമിനല്‍ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങള്‍ ഉള്‍പ്പെടെ ചുമത്തി വിവിധ വകുപ്പുകള്‍ പ്രകാരമാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നതെന്ന് സിബിഐ അറിയിച്ചു.
2023 മേയ് നാലിന് മണിപ്പൂരിലെ കാങ്‌പോക്‌പി ജില്ലയിലെ 900‑1000 പേരടങ്ങുന്ന ഒരു സംഘം അത്യാധുനിക ആയുധങ്ങളുമായി ബി ഫൈനോം ഗ്രാമത്തിൽ കടന്നുകയറി വീടുകൾ കത്തിക്കുകയും വസ്തുവകകൾ കൊള്ളയടിക്കുകയും ഗ്രാമവാസികളെ ആക്രമിക്കുകയും കൊലപാതകങ്ങൾ നടത്തുകയും ചെയ്തുവെന്നാണ് ആരോപണം. നഗ്‌നരായി പരേഡ് നടത്തിയ സ്ത്രീകളിൽ ഒരാളുടെ രണ്ട് കുടുംബാംഗങ്ങളും സംഭവത്തിൽ കൊല്ലപ്പെട്ടുവെന്നും ആരോപണമുണ്ട്.
അതേസമയം ആക്രമണം രൂക്ഷമായ പശ്ചാത്തലത്തിൽ മണിപ്പൂരിൽ ഇന്റർനെറ്റ് നിരോധനം 21 വരെ നീട്ടി. ഇതിനിടെ മണിപ്പൂരില്‍ കേന്ദ്ര‑സംസ്ഥാന സേനകളുടെ യൂണിഫോം ധരിച്ച് സായുധരായ അക്രമികള്‍ ആക്രമണം അഴിച്ചുവിടുന്നതായി പരാതി ഉയർന്നിട്ടുണ്ട്. ന്യൂ കെയ്ഥെല്‍മാന്‍ബി ഏരിയയിലെ കുക്കി ഗ്രാമങ്ങളില്‍ തുടര്‍ച്ചയായ അഞ്ചാം തവണയും ഇത്തരം ആക്രമണം ഉണ്ടായി. അത്യാധുനിക ആയുധങ്ങളുമായെത്തുന്ന സംഘം വീടുകള്‍ കത്തിക്കുകയും ജനങ്ങളെ ആക്രമിക്കുകയും ചെയ്‌തെന്ന് കുക്കി ആദിവാസി സംഘടന കെഐഎംഎല്‍ ആരോപിച്ചു.
English Summary: The incident where young women were made naked; CBI has filed a charge sheet
You may also like this video