Site iconSite icon Janayugom Online

ലണ്ടനിലെ ഗാന്ധി പ്രതിമയ്ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ അപലപിച്ച് ഇന്ത്യൻ ഹൈക്കമ്മിഷൻ

ലണ്ടനിലെ ഗാന്ധി പ്രതിമയ്ക്ക് നേരെയുണ്ടായ ആക്രമണത്തിൽ  ശക്തമായി അപലപിച്ച്  ഇന്ത്യൻ ഹൈക്കമ്മിഷൻ. അഹിംസ എന്ന ആശയത്തിനും മഹാത്മാഗാന്ധിയുടെ പൈതൃകത്തിനും നേരെയുണ്ടായ ആക്രമണമെന്ന് ഇന്ത്യൻ ഹൈക്കമ്മിഷൻ പ്രതികരിച്ചു. ഇതിനെ “ലജ്ജാകരമായ പ്രവൃത്തി” എന്നും അഹിംസയുടെ പൈതൃകത്തിനു നേരെയുള്ള ആക്രമണമാണെന്നും വിശേഷിപ്പിച്ചു. ഗാന്ധിജയന്തി ആഘോഷങ്ങൾ അടുത്തിരിക്കേയാണ് ലണ്ടനിലെ ടാവിസ്റ്റോക്ക് സ്ക്വയറിൽ സ്ഥാപിച്ചിട്ടുള്ള മഹാത്മാഗാന്ധിയുടെ വെങ്കല പ്രതിമ ഇന്ത്യാവിരുദ്ധ വാക്കുകൾ എഴുതിയും പെയിന്റടിച്ചും വികൃതമാക്കിയത്.

“ഇത് വെറും നശീകരണ പ്രവർത്തനമല്ല, മറിച്ച് അന്താരാഷ്ട്ര അഹിംസാ ദിനത്തിന് മൂന്ന് ദിവസം മുമ്പ്, അഹിംസ എന്ന ആശയത്തിനും മഹാത്മാഗാന്ധിയുടെ പൈതൃകത്തിനും നേരെയുള്ള അക്രമാസക്തമായ ആക്രമണമാണ്. എക്സില്‍ കുറിച്ചു. പ്രതിമ വികൃതമാക്കിയ സംഭവം ഹൈക്കമ്മിഷൻ ബ്രിട്ടീഷ് അധികാരികളെ അറിയിച്ചിട്ടുണ്ട്. പ്രതിമ പൂര്‍വസ്ഥിതിയിലാക്കാന്‍ നടപടികൾ സ്വീകരിച്ചതായും ഹൈക്കമ്മിഷൻ അറിയിച്ചു. അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. എല്ലാ വർഷവും ഗാന്ധിജയന്തി ദിനത്തിൽ പ്രതിമയിൽ പുഷ്പാർച്ചന നടത്താറുണ്ട്. 1968 ലാണ് ടാവിസ്റ്റോക്ക് സ്ക്വയറിൽ പ്രതിമ അനാച്ഛാദനം ചെയ്തത്. ലണ്ടനിൽ നിയമ വിദ്യാർത്ഥിയായിരുന്ന മഹാത്മാഗാന്ധിയോടുള്ള ആദരസൂചകമായാണ് പ്രതിമ സ്ഥാപിച്ചത്.

Exit mobile version