Site iconSite icon Janayugom Online

സംസ്ഥാനത്തെ വ്യവസായ മേഖല മുന്നേറ്റത്തിന്റെ പാതയില്‍: മുഖ്യമന്ത്രി

കൊച്ചി: സംസ്ഥാനത്തെ വ്യവസായ മേഖല ഉദ്ദേശിച്ചതിനേക്കാൾ വലിയ നേട്ടങ്ങളിലൂടെയാണ് കടന്നു പോകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വ്യവസായ സൗഹൃദ റാങ്കിങിലെ മുന്നേറ്റം, തുടർച്ചയായ മൂന്നാം വർഷവും സ്റ്റാർട്ടപ്പുകൾക്ക് അനുകൂലമായ അന്തരീക്ഷത്തിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനമെന്ന പദവി എന്നിവയെല്ലാം കേരളത്തിലെ വ്യവസായാനുകൂല സാഹചര്യത്തിന് തെളിവാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കേരള സ്റ്റേറ്റ് സ്മോൾ ഇന്‍ഡസ്ട്രീസ് അസോസിയേഷന്‍ കൊച്ചിയിൽ സംഘടിപ്പിച്ച വ്യവസായി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
സംസ്ഥാനത്തിന്റെ വ്യവസായ വികസനത്തിൽ സൂക്ഷ്മ, ചെറുകിടം, ഇടത്തരം സംരംഭങ്ങളുടെ പങ്ക് സുപ്രധാനമാണ്. ഈ മേഖലയുടെ പ്രശ്നങ്ങൾ പരിശോധിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കും. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് 69,138 സ്ഥാപനങ്ങളാണ് ഈ മേഖലയിൽ ആരംഭിച്ചത്. 6442 കോടി രൂപയുടെ നിക്ഷേപവും 2,45,369 തൊഴിലവസരങ്ങളും ഇതിൽ നിന്നും സൃഷ്ടിക്കാനായി. ഈ സമീപനം നിലവിലെ സർക്കാരും ശക്തമായി മുന്നോട്ടു കൊണ്ടുപോകും.
സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായ രംഗത്ത് 2016ൽ 82,000 സംരംഭങ്ങളാണ് ഉണ്ടായിരുന്നത്. 2021ൽ ഒന്നര ലക്ഷമായി ഉയർന്നു. തൊഴിലാളികൾ നാല് ലക്ഷത്തിൽ നിന്നും ഏഴ് ലക്ഷത്തിലെത്തി. 2026നകം മൂന്നു ലക്ഷം സംരംഭങ്ങളും ആറ് ലക്ഷം അധിക തൊഴിലവസരങ്ങളുമാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി പുതിയ വികസന മേഖലകൾ, വ്യവസായ എസ്റ്റേറ്റുകൾ എന്നിവ സ്ഥാപിക്കുകയും നിലവിലുള്ളവയുടെ പശ്ചാത്തല സൗകര്യം മെച്ചപ്പെടുത്തുകയും ചെയ്യും. സംരംഭങ്ങൾ ആരംഭിക്കുന്നതിനുള്ള നടപടികൾ ലഘൂകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് എം ഖാലിദ് അധ്യക്ഷനായിരുന്നു. വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്, ജി എസ് പ്രകാശ്, എസ് പ്രേംകുമാർ, കെ പി രാമചന്ദ്രന്‍ നായർ, വി കെ സി മമ്മദ് കോയ, എ നിസാറുദ്ദീന്‍ തുടങ്ങിയവർ പങ്കെടുത്തു. 

Eng­lish Sum­ma­ry: The indus­tri­al sec­tor in the state is on the path of progress: Chief Minister

You may like this video also

Exit mobile version