മുസ്‌ലിം ലീഗ് പിടിച്ചടക്കാനുള്ള പി കെ കുഞ്ഞാലിക്കുട്ടിയുടെ കോക്കസിനെതിരെ പാര്‍ട്ടിക്കുള്ളിലെ കുറുമുന്നണി കരുത്താര്‍ജിക്കുന്നതിനിടെ ലീഗിന്റെ നിര്‍ണായക നേതൃയോഗം ഇന്ന് പാണക്കാട് തറവാട്ടില്‍.
അന്തഃസംഘര്‍ഷങ്ങള്‍ തെരുവിലേക്കും മാധ്യമങ്ങളിലേക്കും രാഷ്ട്രീയ കേരളത്തിനു മുന്നിലും വലിച്ചിഴയ്ക്കപ്പെട്ട സാഹചര്യത്തില്‍ പാര്‍ട്ടിയെ തുറിച്ചുനോക്കുന്നത് എണ്ണമറ്റ പ്രശ്നങ്ങള്‍. ഏറ്റവുമൊടുവില്‍ ലീഗില്‍ ഒരു പൊട്ടിത്തെറിക്കുതന്നെ ഇടയാക്കിയ മുതിര്‍ന്ന നേതാവ് കെഎന്‍എ ഖാദറുടെ ആര്‍എസ്എസ് ബന്ധമുള്ള വേദിയിലെ പ്രഭാഷണവും. ഖാദറിനെ അതിന്റെ പേരില്‍ വളഞ്ഞിട്ടാക്രമിക്കാനുള്ള കുഞ്ഞാലിക്കുട്ടി കോക്കസിനെതിരെയാണ് പുതിയ കുറുമുന്നണിയുടെ പടനീക്കം. ഹരിതനേതാക്കളെ അധിക്ഷേപിക്കുന്നതില്‍ നിന്നു തുടങ്ങിയ കലാപം കുഞ്ഞാലിക്കുട്ടിയുടെ സംരക്ഷണത്തിലുള്ള എംഎസ്എഫ് നേതാക്കളുടെ പണാപഹരണത്തില്‍ വരെ എത്തിനില്‍ക്കുന്നു. എംഎസ്എഫ് ജനറല്‍ സെക്രട്ടറി പി കെ നവാസിനും കൂട്ടര്‍ക്കുമെതിരെ ഗുരുതരമായ ആരോപണങ്ങളുമായി പുറത്താക്കപ്പെട്ട നേതാവ് ഷെഫീഖ് വഴിമുക്ക് കഴിഞ്ഞ ദിവസം രംഗത്തിറങ്ങിയതും പാര്‍ട്ടിക്കുള്ളിലെ കലാപം കാട്ടുതീ വേഗത്തിലാക്കി.
ഖാദറിനെതിരെ അദ്ദേഹത്തെക്കാള്‍ ജൂനിയറായ ഡോ. എം കെ മുനീര്‍ രംഗത്തിറങ്ങിയതും ശ്രദ്ധേയമായി. ഒതുക്കപ്പെട്ട നിലയിലായിരുന്ന മുനീറിനെ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ തോല്പിക്കാനായി കോഴിക്കോട്ടുനിന്നും കൊടുവള്ളിയിലേക്കു പറഞ്ഞയച്ചതുമുതല്‍ ഒതുക്കല്‍ ഗൂഢാലോചന നടക്കുകയായിരുന്നു. എന്നാല്‍ മുനീര്‍ കൊടുവള്ളി പിടിച്ചെടുത്തിട്ടും അദ്ദേഹത്തെ നിര്‍ണായക വേളകളില്‍ മാറ്റിനിര്‍ത്തുകയായിരുന്നു. ഇതോടെ കുഞ്ഞാലിക്കുട്ടിയുടെ കോക്കസില്‍ ഇടം നേടാനായി അദ്ദേഹം ഖാദര്‍ വിരുദ്ധ കാര്‍ഡിറക്കി കളിക്കുകയാണെന്നാണ് ലീഗിലെ ഒരു പക്ഷത്തിന്റെ ആരോപണം. എന്നാല്‍ ഇപ്പോള്‍ ഉരുത്തിരിഞ്ഞുവന്നിട്ടുള്ള ഉള്‍പ്പാര്‍ട്ടി കലാപം നിയമസഭാ തെരഞ്ഞെടുപ്പോടുകൂടി കത്തിത്തുടങ്ങിയതാണെന്നാണ് നിരീക്ഷക പക്ഷം.
ലീഗിലെ കരുത്തനായ കെ എം ഷാജിയെ ഒതുക്കാന്‍ നടത്തിയ നീക്കങ്ങളും തിരിച്ചടിയായി. ലോക കേരള സഭയില്‍ എം എ യൂസഫലി നടത്തിയ പ്രസംഗത്തിന്റെ പേരില്‍ ഷാജി യൂസഫലിയെ കടന്നാക്രമിച്ചതും ലീഗ് നേതൃത്വത്തെ പ്രതിസന്ധിയിലാഴ്ത്തി. യൂസഫലിയെ ന്യായീകരിക്കാന്‍ കുഞ്ഞാലിക്കുട്ടി നടത്തിയ വിശദീകരണമാകട്ടെ വെളുക്കാന്‍ തേച്ചതു പാണ്ടുമായി. സമൂഹമാധ്യമങ്ങളില്‍ ഷാജിക്ക് അനുകൂലമായും കുഞ്ഞാലിക്കുട്ടിയെ കടന്നാക്രമിച്ചുമുള്ള പോസ്റ്റുകളുടെ പ്രവാഹമാണ്. ഖാദറിനെതിരെ സമൂഹമാധ്യമങ്ങളിലൂടെ ക്യാമ്പെയിന്‍ നടത്താനുള്ള ലീഗ് കോക്കസിന്റെ ശ്രമം പാളുകയും ചെയ്തു. ആര്‍എസ്എസ് വേഷമണിഞ്ഞ ഖാദറിന്റെ ചിത്രവും വരെ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു.
ഇന്നത്തെ നേതൃയോഗം നിര്‍ണായകമെങ്കിലും ഖാദര്‍ നല്കിയ വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹത്തെ താക്കീതുപോലും നല്കാതെ കുറ്റവിമുക്തനാക്കുമെന്നാണ് സൂചന. അഥവാ നടപടിയെടുത്താല്‍ ഖാദര്‍ കയ്യുംകെട്ടി അതംഗീകരിക്കില്ല. ലീഗ് നേതൃത്വത്തെയും കുഞ്ഞാലിക്കുട്ടിയെയും ഇതു ഭയപ്പെടുത്തുന്നു. ഖാദറിനെതിരെ നടപടിയെടുത്താലും ഇല്ലെങ്കിലും ലീഗിലെ കൂടുതല്‍ വിഭാഗങ്ങള്‍ കുറുമുന്നണിയിലേക്ക് ഒഴുകിയെത്തുമെന്ന വിലയിരുത്തലും ലീഗ് കോക്കസിനെ ആശങ്കയിലാഴ്ത്തുന്നുണ്ട്.
English summary; The infighting in the Muslim League is intense
You may also like this video;