Site icon Janayugom Online

ഇന്റര്‍ സര്‍വീസ് ബില്‍ പാസാക്കി; ലക്ഷ്യം അധികാരകേന്ദ്രീകരണം

ഇന്ത്യന്‍ സൈനിക വിഭാഗങ്ങളുടെ സംയോജനം ലക്ഷ്യമിടുന്ന ഇന്റര്‍ സര്‍വീസ് ഓര്‍ഗനൈസേഷന്‍ ബില്‍ 2023 (കമാന്‍ഡ്-കണ്‍ട്രോള്‍-ആന്റ് ഡിസിപ്ലിന്‍) പാസാക്കി കേന്ദ്ര സര്‍ക്കാര്‍. പ്രതിരോധസേനയിലെ ഉദ്യോഗസ്ഥരുടെ സേവന നിയമങ്ങള്‍ അതേപടി നിലനിര്‍ത്തി സായുധ സേനകളുടെ സംയോജനം ലക്ഷ്യം വച്ചുള്ള ബില്‍ ലോക്‌സഭയില്‍ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങാണ് അവതരിപ്പിച്ചത്. സേനയിലെ അംഗങ്ങളുടെ സര്‍വീസ് സംബന്ധമായ വിഷയങ്ങള്‍, അച്ചടക്കം, ഭരണപരമായ വിഷയങ്ങള്‍ എന്നിവ കൈകാര്യം ചെയ്യാന്‍ കമാന്‍ഡര്‍ ഇന്‍ ചീഫ്-ഓഫിസര്‍ ഇന്‍ കമാന്‍ഡ് എന്നിവര്‍ക്ക് അധികാരം നല്‍കുന്ന വിധമാണ് ബില്‍ അവതരിപ്പിച്ചിരിക്കുന്നത്.

ആര്‍മി ആക്ട് 1950, നേവി ആക്ട് 1957, എയര്‍ഫോഴ്സ് ആക്ട് 1950 എന്നിവ പ്രകാരം അച്ചടക്ക നടപടി നേരിട്ട ഉദ്യോഗസ്ഥരെ മാതൃയൂണിറ്റിലേക്ക് മടക്കി അയയ്ക്കുന്നത് ഒഴിവാക്കുക, തെറ്റായ പെരുമാറ്റ നടപടികള്‍ക്കെതിരെയുള്ള കേസുകള്‍ വേഗത്തിലാക്കുക, ഒന്നിലധികം നടപടിക്രമങ്ങള്‍ ഒഴിവാക്കി സമയനഷ്ടം ഇല്ലാതാക്കുക എന്നിവ ലക്ഷ്യമിട്ടാണ് ബില്‍ കൊണ്ട് വന്നതെന്ന് പ്രതിരോധ മന്ത്രി അവകാശപ്പെട്ടു. നിലവില്‍ സേനയിലെ അച്ചടക്കരാഹിത്യം അടക്കമുള്ള വിഷയങ്ങളില്‍ കമാന്‍ഡര്‍ ഇന്‍ ചീഫ്- ഓഫിസര്‍ ഇന്‍ കമാന്‍ഡ് എന്നിവര്‍ക്ക് അച്ചടക്ക നടപടി സ്വീകരിക്കാന്‍ അനുവാദമുണ്ടായിരുന്നില്ല. പുതിയ ബില്‍ അനുസരിച്ച് ഇത്തരം പ്രശ്നങ്ങള്‍ ഇവര്‍ക്ക് തന്നെ പരിഹരിക്കാന്‍ സാധിക്കും.

പാര്‍ലമെന്റ് സ്തംഭനം തുടരുന്നു

ന്യൂഡല്‍ഹി: മണിപ്പൂര്‍ വിഷയത്തില്‍ സഭയില്‍ പ്രധാനമന്ത്രിയുടെ പ്രസ്താവന വേണമെന്ന പ്രതിപക്ഷ ആവശ്യത്തില്‍ പ്രക്ഷുബ്ധമായ പാര്‍ലമെന്റിന്റെ ഇരു സഭകളും ഇന്നലെയും സ്തംഭിച്ചു. രാജ്യസഭയും ലോക്‌സഭയും സമ്മേളിച്ചയുടന്‍ പ്രതിപക്ഷ പ്രതിഷേധത്തില്‍ ആദ്യം 12 മണി വരെ പിരിഞ്ഞു. തുടര്‍ന്ന സമ്മേളിച്ച രാജ്യ സഭ തിങ്കളാഴ്ചത്തേക്ക് പിരിയുകയാണുണ്ടായത്. ലോക്‌സഭ 12 ന് വീണ്ടും ചേര്‍ന്ന് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ബില്ല് പാസ്സാക്കി രണ്ടു വരെ പിരിഞ്ഞ ശേഷം രണ്ടിന് സമ്മേളിച്ച സഭ സ്വകാര്യ ബില്‍ ചര്‍ച്ചകള്‍ക്ക് ശേഷം മൂന്നു മണിക്ക് മുമ്പ് തിങ്കളാഴ്ചത്തേക്ക് പിരിഞ്ഞ് സഭാ നടപടികള്‍ അവസാനിപ്പിച്ചു.

Eng­lish Sum­ma­ry: The Inter-Ser­vices Bill was passed
You may also like this video

Exit mobile version