Site iconSite icon Janayugom Online

കേന്ദ്രത്തിന്റെ ഇടപ്പെല്‍ ഹോര്‍ട്ടികള്‍ച്ചര്‍ മിഷനെ തകര്‍ക്കുന്നു; മന്ത്രി കെ രാജന്‍

കേരളത്തിന്റെ ഹോര്‍ട്ടികള്‍ച്ചറല്‍ മേഖലയിലെ സമഗ്ര വികസനം ലക്ഷ്യമാക്കി 2005 മുതല്‍ കേരളത്തില്‍ രൂപീകൃതമായ ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്റെ — കേരള ജീവനക്കാരുടെ സ്റ്റേറ്റ് ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ എംപ്ലോയിസ് ഫേഡറേഷന്‍ സംസ്ഥാന സമ്മേളനം തൃശൂരില്‍ നടന്നു. റവന്യു മന്ത്രി അഡ്വ. കെ രാജന്‍ ഉദ്ഘാടനം ചെയ്തു. കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക മേഖലയിലുള്ള അപകടകരമായ ഇടപ്പെല്‍ ഹോര്‍ട്ടികള്‍ച്ചര്‍ മിഷനെ തകര്‍ക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. 2022–23 സമ്പത്തിക വര്‍ഷം വരെ 5 ശതമാനമായിരുന്ന മിഷന്‍ മാനേജ്മെന്റ് ഫണ്ട് തൊട്ടടുത്ത വര്‍ഷം മൂന്ന് ശതമാനമാക്കിയും പിന്നീടത് രണ്ടര ശതമാനമാക്കിയും കേന്ദ്രസര്‍ക്കാര്‍ കുറച്ചു. ഫണ്ട് വല്ലാതെ കുറച്ചതിനാല്‍ നടത്തിവന്നിരുന്ന ഗവേഷണങ്ങളും മറ്റു പ്രവര്‍ത്തനങ്ങളും പൂര്‍ത്തീകരിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. 

കഴിഞ്ഞ ഇരുപത് വര്‍ഷക്കാലമായി കേരളത്തിന്റെ ഹോട്ടികള്‍ച്ചറല്‍ മേഖലയില്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന ഹോട്ടികള്‍ച്ചര്‍ മിഷന്റെ 2023–24 വര്‍ഷത്തില്‍ സംഘടന നടത്തിയ കഠിനമായ പരിശ്രമത്തിന്റെയും സമ്മര്‍ദ്ദത്തിന്റെയും അടിസ്ഥാനത്തില്‍ ഒരു കോടി രൂപ അനുവദിച്ചതൊഴിച്ചാല്‍ ഈ മേഖലയില്‍ വേണ്ടതു പോലെ പണം ചെലവഴിക്കാന്‍ സര്‍ക്കാരിന് സാധിച്ചിട്ടില്ല. ജീവനക്കാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയാവുന്ന വിധത്തില്‍ സംഘടന നേതാക്കളുമായി ഒരുമിച്ച് വിഷയങ്ങള്‍ ഉന്നയിക്കാനും ആവശ്യമായി സൗകര്യമുണ്ടാക്കാനും പ്രവര്‍ത്തിക്കുമെന്നും മന്ത്രി പറഞ്ഞു.

കെഎസ്എച്ച്ഇഎഫ് സംസ്ഥാന പ്രസിഡന്റ് പി എസ് സുപാല്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. എഐടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി രാജേന്ദ്രന്‍ 2025 ലെ കലണ്ടര്‍ പ്രകാശനം നിര്‍വഹിച്ചു. സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം വി എസ് സുനില്‍കുമാര്‍ വിരമിച്ച ജീവനക്കാരെ ആദരിച്ചു. കെഎസ്എച്ച്ഇഎഫ് സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് അഡ്വ. സാം കെ ഡാനിയേല്‍ 2025 ലെ ഡയറി പ്രകാശനം നിര്‍വഹിച്ചു.

സിപിഐ ജില്ലാ സെക്രട്ടറി കെ കെ വത്സരാജ്, എഐടിയുസി സംസ്ഥാന സെക്രട്ടറി കെ ജി ശിവാനന്ദന്‍, വര്‍ക്കിംഗ് വിമണ്‍സ് ഫോറം സംസ്ഥാന ജനറല്‍ സെക്രട്ടറി കെ മല്ലിക, കെഎസ്എച്ച്ഇഎഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കാര്‍ത്തിക്, സംസ്ഥാന ട്രഷറര്‍ ഷിബിന എ എസ് തുടങ്ങിയവര്‍ സംസാരിച്ചു. സംസ്ഥാന പ്രസിഡന്റായി പി എസ് സുപാൽ എംഎല്‍എയും ജനറൽ സെക്രട്ടറിയായി എ എസ് ഷിബിനയേയും രക്ഷാധികാരിയായി കെ പി രാജേന്ദ്രൻ, ട്രഷറർ പി കാർത്തിക്, വർക്കിംങ് പ്രസിഡന്റ് അഡ്വ. സാം കെ ഡാനിയൽ, സെക്രട്ടറി രാഹുൽ രവി എന്നിവരെ തെരഞ്ഞെടുത്തു.

Exit mobile version