ബംഗ്ലാദേശിലെ റോഹിങ്ക്യന്‍ ക്യാമ്പിലുണ്ടായ തീപിടിത്തം ആസൂത്രിത അട്ടിമറിയാണെന്ന് അന്വേഷണ സമിതി. മാർച്ച് അഞ്ചിനുണ്ടായ തീപിടിത്തത്തിൽ 2,800 ഷെൽട്ടറുകളും ആശുപത്രികളും പഠന കേന്ദ്രങ്ങളും ഉൾപ്പെടെ കത്തിനശിച്ചിരുന്നു. 12,000 ത്തിലധികം ആളുകൾക്ക് വീടുകള്‍ നഷ്ടപ്പെട്ടതായാണ് കണക്കുകള്‍. ഒരേ സമയം പലയിടത്തും തീപിടിത്തമുണ്ടായത് ആസൂത്രിതമായ പ്രവൃത്തിയാണെന്ന് തെളിയിക്കുന്നതായി ഏഴംഗ അന്വേഷണ സമിതിയുടെ തലവനായ മുതിർന്ന ജില്ലാ സർക്കാർ ഉദ്യോഗസ്ഥൻ അബു സുഫിയാൻ പറയുന്നു.
ക്യാമ്പുകൾക്കുള്ളിൽ സാമുദായിക സംഘങ്ങൾ ആധിപത്യം സ്ഥാപിക്കാനുള്ള ബോധപൂർവമായ ശ്രമമാണിതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ സംഘങ്ങളുടെ പേരുകള്‍ അദ്ദേഹം വെളിപ്പെടുത്തിയില്ല. ചുരുങ്ങിയ സമയത്തിനുള്ളിൽ അഞ്ച് സ്ഥലങ്ങളിലെങ്കിലും തീപിടിച്ചു. അപകടത്തിന്റെ തലേദിവസം ചില സംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടലുകള്‍ നടന്നിരുന്നു. ഗുണ്ടാസംഘങ്ങൾക്കിടയിൽ വളരുന്ന ടർഫ് യുദ്ധത്തിന്റെ സൂചനയാണ് തീപിടിത്തമെന്ന് താമസക്കാര്‍ വെളിപ്പെടുത്തിയതായും അബു സുഫിയാൻ കൂട്ടിച്ചേര്‍ത്തു.
സംഭവത്തിന് പിന്നിലെ സംഘങ്ങളെ തിരിച്ചറിയാൻ കൂടുതല്‍ അന്വേഷണത്തിന് ശുപാര്‍ശ ചെയ്തതായും അദ്ദേഹം പറഞ്ഞു. 150 സാക്ഷികളില്‍ നിന്നുള്ള വിവരങ്ങളെ അടിസ്ഥാനമാക്കിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്നും സുഫിയാന്‍ വ്യക്തമാക്കി. റോഹിങ്ക്യൻ ക്യാമ്പുകൾക്കായി പ്രത്യേക ഫയർ സർവീസ് യൂണിറ്റ് രൂപീകരിക്കാനും സമിതി ശുപാർശ ചെയ്തു. താത്കാലിക ഷെല്‍ട്ടറുകള്‍ തിങ്ങിനിറഞ്ഞ റോഹിങ്ക്യന്‍ ക്യാമ്പുകളില്‍ പലപ്പോഴും തീപിടിത്തങ്ങളുണ്ടാകാറുണ്ട്. 2021 മാർച്ചിൽ ഉണ്ടായ വൻ തീപിടിത്തത്തിൽ 15 അഭയാർത്ഥികൾ കൊല്ലപ്പെടുകയും പതിനായിരത്തിലധികം വീടുകൾ നശിപ്പിക്കുകയും ചെയ്തു.
English Summary;The investigation committee said that the fire in the Rohingya camp was planned
You may also like this video