Site icon Janayugom Online

തെളിവില്ല: കുറ്റപത്രം പോലും സമർപ്പിക്കാതെ ദിശ രവിക്കെതിരെയുള്ള ടൂൾകിറ്റ് കേസ് അന്വേഷണം അവസാനിപ്പിക്കുന്നു

അറസ്റ്റിലായ പരിസ്ഥിതി പ്രവർത്തക ദിശ രവിക്കെതിരെയുള്ള ടൂൾകിറ്റ് കേസിന്റെ അന്വേഷണം അവസാനിപ്പിക്കുന്നതായി റിപ്പോർട്ടുകൾ. കുറ്റപത്രം പോലും സമർപ്പിക്കാതെയാണ് കേസ് അവസാനിപ്പിക്കുന്നതെന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.

കഴിഞ്ഞ ഒമ്പത് മാസമായി കേസിൽ കാര്യമായി മാറ്റം വരാത്ത സാഹചര്യത്തിലാണ് കേസ് അവസാനിപ്പിക്കുന്നത്. കാർഷിക പ്രക്ഷോഭവുമായി ബന്ധപ്പെട്ട് സ്വീഡിഷ് പരിസ്ഥിതി പ്രവർത്തകയായ ഗ്രെറ്റ ത്യുൻബർഗ് ട്വിറ്ററിൽ പങ്കുവച്ച ടൂൾ കിറ്റ് രൂപകല്പന ചെയ്തതിനാണ് 22കാരിയായ ദിശയെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്യുന്നത്.

ടൂൾ കിറ്റ് എഡിറ്റ് ചെയ്യുകയും സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തെന്നാണ് ദിശയ്ക്കെതിരായ കേസ്. രാജ്യദ്രോഹം, മതസ്പർധ വളർത്തൽ, ക്രിമിനൽ ഗൂഢാലോചന എന്നീ വകുപ്പുകളാണു ഇവര്‍ക്കെതിരെ ചുമത്തിയിരുന്നത്. ‘ഫ്രൈഡേയ്സ് ഫോർ ഫ്യൂച്ചർ ഇന്ത്യ’ എന്ന പരിസ്ഥിതി കൂട്ടായ്മയുടെ സ്ഥാപകരിലൊരാളാണ് ദിശ. ഇവർക്ക് ജാമ്യം ലഭിച്ചതിനു ശേഷവും പല തവണ കേസിൽ അന്വേഷണം നടത്തിയിരുന്നു. എന്നാൽ ക്രിമിനൽ ഗൂഢാലോചനയുമായി അവരെ ബന്ധിപ്പിക്കാൻ സാധിച്ചിട്ടില്ലെന്നാണ് പൊലീസ് റിപ്പോർട്ടിൽ പറയുന്നത്. ഈ സാഹചര്യത്തിലാണ് കേസ് അവസാനിപ്പിക്കുന്നത്.

 

Eng­lish Sum­ma­ry: No evi­dence: The inves­ti­ga­tion into the toolk­it case against Disha Ravi ends with­out even fil­ing a chargesheet

 

You may like this video also

Exit mobile version