Site iconSite icon Janayugom Online

ആദിവാസി പെൺകുട്ടികളുടെ തിരോധാനവും, കൂട്ടബലാത്സംഗവും കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണം സിബിഐയ്ക്ക് വിടണം

ജില്ലയിലെ പ്രായപൂർത്തിയാകാത്ത ആദിവാസി പെൺകുട്ടികളുടെ തിരോധാനവും, കൂട്ടബലാത്സംഗവും, കൊലപാതകവുമായി ബന്ധപ്പെട്ട് അമ്പലത്തറ പൊലീസ് രജിസ്റ്റർ ചെയ്ത ക്രൈം നമ്പർ 44/11 (2010)ഉം ക്രൈം നമ്പർ 61/12 (2012)ഉം അടങ്ങിയ രണ്ട് കേസുകളിലും സംസ്ഥാന പൊലീസിന്റെ അന്വേഷണത്തിൽ ഗുരുതര വീഴ്ചകളും പ്രതികളുമായുള്ള ഒത്തുകളികളും നടന്നിട്ടുണ്ടെന്ന് കുടുംബാംഗങ്ങളും ആദിവാസി സംഘടനകളും ആരോപിച്ചു. അതിനാൽ അന്വേഷണം എത്രയും പെട്ടെന്ന് സിബിഐക്ക് കൈമാറണമെന്ന് കേരള സ്റ്റേറ്റ് പട്ടിക ജനസമാജം ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. 2010‑ൽ കാഞ്ഞങ്ങാട്ടെ ടീച്ചേഴ്സ് ട്രെയിനിങ് സെന്ററിൽ പഠിക്കാൻ എത്തിയ ആദിവാസി പെൺകുട്ടിയെ പ്രണയം നടിച്ച് വശത്താക്കി തട്ടിക്കൊണ്ടുപോയെന്നാണ് ക്രൈം നമ്പർ 44/11 (2010)കേസ്. കൂട്ടബലാത്സംഗത്തിനിരയായ പെൺകുട്ടിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹവും തെളിവുകളും നശിപ്പിച്ചുവെന്നും ആരോപണമുണ്ട്. ഈ കേസിൽ 15 വർഷത്തോളമായി സംസ്ഥാന പൊലീസ് വിവിധ ഏജൻസികൾ അന്വേഷിച്ചിട്ടും, 2025 മേയ് 16‑നാണ് പ്രധാന പ്രതിയായ കരാറുകാരൻ ബിജു പൗലോസ് അറസ്റ്റിലായത്. ബിജു പൗലോസിന് ഉന്നതരുടെ പിന്തുണ ലഭിച്ചെന്നും, അന്വേഷണ ഉദ്യോഗസ്ഥർ കോടതികളെ തെറ്റിദ്ധരിപ്പിച്ച് അറസ്റ്റിൽ കാലതാമസം വരുത്തിയെന്നും കുടുംബം ആരോപിച്ചു. 

2005‑ൽ ഒടയംചാലിൽ മൂന്നു പേർ ചേർന്ന് പ്രായപൂർത്തിയാകാത്ത ആദിവാസി പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തുവെന്നതാണ് ക്രൈം നമ്പർ 61/12 (2012) കേസ്. കേസ് രജിസ്റ്റർ ചെയ്തെങ്കിലും വിചാരണ നടക്കുന്നതിനിടെ ഇരയായ പെൺകുട്ടിക്ക് സംരക്ഷണം ലഭിക്കാതെ കാണാതായി. പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്നും, പെൺകുട്ടിയെ ഹാജരാക്കാൻ പൊലീസ് പരാജയപ്പെട്ടുവെന്നും ബന്ധുക്കൾ ആരോപിച്ചു. ഇര ഇല്ലാതായതിനാൽ പ്രതികളെ കോടതി വിട്ടയച്ചു. കേരളത്തിലെ കോടതി ചരിത്രത്തിലെ അപൂർവമായ വീഴ്ചയായാണ് ഇതിനെ കുടുംബം വിശേഷിപ്പിച്ചത്. ണ്ട് കേസുകളിലെയും പൊലീസ് അന്വേഷണത്തിന് വിശ്വാസ്യത നഷ്ടപ്പെട്ടെന്ന് കുടുംബം ആരോപിച്ചു. പ്രതികളുമായി പൊലീസ് ഒത്തുകളി നടക്കുന്നതായും കുടുംബം ആരോപിച്ചു. അതിനാൽ അന്വേഷണം സിബിഐക്ക് കൈമാറാൻ ഹൈക്കോടതി ഇടപെടണമെന്നും സംഘടനാ ഭാരവാഹികൾ ആവശ്യപ്പെട്ടു. വാർത്താസമ്മേളനത്തിൽ ഭാരവാഹികളായ തെക്കൻ സുനിൽകുമാർ, എം ആർ പുഷ്പ, കെ ഹരികൃഷ്ണൻ, അഭിലാഷ് എന്നിവർ പങ്കെടുത്തു. 

Exit mobile version