Site iconSite icon Janayugom Online

പട്ടയ വിതരണം തുടരാം; വിലക്ക് നീക്കി ഹെെക്കോടതി

1964ലെ കേരള ഭൂപതിവ് ചട്ടപ്രകാരം അർഹരായവർക്ക് പട്ടയം വിതരണം ചെയ്യുന്നതിന് ഏർപ്പെടുത്തിയ സ്റ്റേ ഹൈക്കോടതി നീക്കി. പട്ടയ വിതരണ നടപടികൾ തടഞ്ഞുകൊണ്ട് 2024 ജനുവരിയിൽ പുറപ്പെടുവിച്ച ഉത്തരവ് ഭേദഗതി ചെയ്താണ് ജസ്റ്റിസ് അനിൽ കെ നരേന്ദ്രൻ, ജസ്റ്റിസ് എസ് മുരളീകൃഷ്ണ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. അതേസമയം, നിയമപ്രകാരം അനുവദനീയമായതിലപ്പുറം സ്ഥലം കൈവശമുള്ളവർക്ക് പട്ടയം നൽകരുതെന്നും കോടതി നിര്‍ദേശിച്ചു.
ഇടുക്കിയിലെ ദേവികുളം, ഉടുമ്പഞ്ചോല, പീരുമേട് താലൂക്കുകളിൽ ചട്ടം ലംഘിച്ച് പട്ടയം നൽകുന്നതിനെതിരെ ‘വൺ എർത്ത് വൺ ലൈഫ്’ നൽകിയ ഹർജിയിലാണ് ഹൈക്കോടതി പട്ടയ വിതരണം തടഞ്ഞത്. 1971 വരെയുള്ള കൈവശാവകാശം നിയമവിധേയമാക്കിയത് കയ്യേറ്റങ്ങൾക്ക് സാധുത നൽകാനാണെന്നായിരുന്നു ഹർജിയിലെ ആരോപണം.
1964ലെ ചട്ടം നിലനിൽക്കെ 1971 വരെ ഇളവ് നൽകുന്നത് എങ്ങനെയെന്ന സംശയത്തെ തുടർന്നാണ് മുമ്പ് സ്റ്റേ അനുവദിച്ചത്. എന്നാൽ, പട്ടയത്തിന് അർഹത നൽകുന്ന കൈവശാവകാശ കാലയളവ് 1964ലെ ചട്ടത്തിൽ വ്യക്തമാക്കിയിരുന്നില്ലെന്നും 1971ൽ ഭേദഗതിയിലൂടെയാണ് ഇത് നിശ്ചയിച്ചതെന്നും റവന്യു വകുപ്പ് കോടതിയെ അറിയിച്ചു. 1971 വരെ കൈവശമോ കുടികിടപ്പോ ഉള്ളവർക്ക് പട്ടയം നൽകാമെന്നാണ് ഭേദഗതിയെന്ന സർക്കാർ വിശദീകരണം രേഖപ്പെടുത്തിയ കോടതി, പട്ടയ വിതരണത്തിനുള്ള വിലക്ക് നീക്കുകയായിരുന്നു. 

Exit mobile version