Site icon Janayugom Online

കശ്മീര്‍ പ്രസ്‍ക്ലബ്ബിന്റെ നിയന്ത്രണം ജമ്മുകശ്മീര്‍ സര്‍ക്കാര്‍ ഏറ്റെടുത്തു

ക്രമസമാധാന പ്രശ്നത്തിന് സാധ്യതയുണ്ടെന്ന് കാട്ടി കശ്മീര്‍ പ്രസ്‍ക്ലബ്ബിന്റെ നിയന്ത്രണം ജമ്മുകശ്മീര്‍ സര്‍ക്കാര്‍ ഏറ്റെടുത്തു. പ്രസ്‍ക്ലബ്ബിന് അനുവദിച്ച സ്ഥലത്തിന്റെ അനുമതി റദ്ദാക്കാനും നിലവിലുള്ള കെട്ടിടങ്ങളും ഭൂമിയും എസ്റ്റേറ്റ് വകുപ്പിന് കൈമാറാനും തീരുമാനിച്ചു.നേരത്തെ ക്രിമിനല്‍ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ക്ലബ്ബിന്റെ രജിസ്‌ട്രേഷൻ സർക്കാർ താൽക്കാലികമായി റദ്ദാക്കിയിരുന്നു.പ്രസ്‍ക്ലബ്ബില്‍ തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെ ഒരു സംഘം മാധ്യമപ്രവര്‍ത്തകരും പത്ര ഉടമകളും ക്ലബ്ബ് കയ്യേറിയതിനെത്തുടര്‍ന്നായിരുന്നു നടപടി. സര്‍ക്കാര്‍ പിന്തുണയോടെയുള്ള കയ്യേറ്റമാണ് പ്രസ്‍ക്ലബ്ബില്‍ നടന്നതെന്ന് മുന്‍ ജമ്മുകശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള ആരോപിച്ചു. സംഭവത്തില്‍ എഡിറ്റേഴ്സ് ഗില്‍ഡും പ്രതിഷേധം അറിയിച്ചിരുന്നു.

സൊസെെറ്റി രജിസ്ട്രേഷന്‍ ആക്ട് പ്രകാരം ക്ലബ്ബ് രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നാണ് കശ്മീര്‍ ഭരണകൂടം പ്രസ്താവനയില്‍ അറിയിച്ചത്. സ്ഥാപനത്തിന്റെ ഉടമസ്ഥാവകാശം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ക്ലബ്ബും അംഗങ്ങളും നിയമവിരുദ്ധമായ പ്രവൃത്തികളില്‍ ഏര്‍പ്പെട്ടിരുന്നതായും സര്‍ക്കാര്‍ ആരോപിച്ചു.
നിലവിലെ നിയമങ്ങള്‍ അനുസരിച്ച് രജിസ്റ്റര്‍ ചെയ്ത സ്ഥാപനമെന്ന നിലയില്‍ കശ്മീര്‍ പ്രസ് ക്ലബ്ബ് ജൂലെെ 14 മുതല്‍ നിലവിലില്ല. മാനേജ്മെന്റും പ്രവര്‍ത്തനരഹിതമാണെന്നാണ് രേഖകളിലുള്ളത്. പുതിയ ഭരണസമിതി തെരഞ്ഞെടുക്കപ്പെടാത്തതിനാല്‍ സൊസൈറ്റീസ് രജിസ്‌ട്രേഷൻ ആക്‌ട് പ്രകാരം വീണ്ടും രജിസ്റ്റര്‍ ചെയ്യാന്‍ കഴിയില്ല. ഈ സാഹചര്യത്തിലാണ് രജിസ്റ്റർ ചെയ്തിട്ടില്ലാത്ത പ്രസ് ക്ലബ്ബിന് അനുവദിച്ച സ്ഥലത്തിന്റെ അനുമതി റദ്ദാക്കാനും ഭൂമിയുടെയും കെട്ടിടങ്ങളുടെയും നിയന്ത്രണം എസ്റ്റേറ്റ് വകുപ്പിന് തിരികെ നൽകാനും തീരുമാനിച്ചതെന്ന് ഭരണകൂടം അറിയിച്ചു.
eng­lish summary;The Jam­mu and Kash­mir gov­ern­ment took con­trol of the Kash­mir Press Club
you may also like this video;

Exit mobile version