Site iconSite icon Janayugom Online

തൊഴിലുറപ്പ് പദ്ധതി ഇല്ലാതായി; മഹാത്മാഗാന്ധിയെ പുറത്താക്കി

ലോകത്തിലെ ഏറ്റവും വലിയ ഗ്രാമീണ തൊഴില്‍ പദ്ധതിയായ മഹാത്മാ ഗാന്ധി ദേശീയ ഗ്രമീണ തൊഴിലുറപ്പ് പദ്ധതി ഇല്ലാതാകുന്നു. നരേന്ദ്ര മോഡി അധികാരത്തിലെത്തിയ 2014ല്‍ തന്നെ പദ്ധതി നിര്‍ത്തലാക്കുമെന്ന് പ്രഖ്യാപനം നടത്തിയിരുന്നു. പ്രതിപക്ഷത്തിന്റെയും തൊഴിലാളികളുടെയും ശക്തമായ എതിര്‍പ്പിനെത്തുടര്‍ന്ന് നപടികള്‍ പതുക്കെയാക്കുകയായിരുന്നു. എന്നാലിപ്പോള്‍ പദ്ധതി ഇല്ലാതാക്കാനുള്ള നീക്കങ്ങള്‍ക്ക് വീണ്ടും വേഗതകൂട്ടി. പദ്ധതി വിഹിതം വെട്ടിക്കുറച്ചും സാങ്കേതികതയുടെ പേരില്‍ തൊഴിലാളികളെ പുറത്താക്കിയും തൊഴിലുറപ്പ് ഇല്ലാതാക്കാന്‍ ശ്രമിച്ച ഭരണകൂടം പദ്ധതിയുടെ പേരില്‍ നിന്ന് രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിയെയും പുറത്താക്കി. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി എന്ന പേരില്‍ നിന്ന് ഏതാനും ദിവസം മുമ്പ് ഗാന്ധിജിയെ ഒഴിവാക്കി. പൂജ്യ ബാപ്പു ഗ്രാമീണ്‍ റോസ്ഗാര്‍ യോജന (പിബിജിആര്‍വൈ) എന്നാണ് പുനര്‍നാമകരണം ചെയ്തത്. എന്നാല്‍ ഇന്നലെ പദ്ധതിക്ക് വീണ്ടും പുതിയ പേര് മോഡി സര്‍ക്കാര്‍ ചാര്‍ത്തി. വികസിത് ഭാരത്-ഗ്യാരന്റി ഫോര്‍ റോസ്ഗാര്‍ ആന്റ് അജീവിക മിഷന്‍ (ഗ്രാമീണ്‍) എന്നാക്കി പദ്ധതിയുടെ പേര് മാറ്റാനുള്ള ബില്‍ സര്‍ക്കാര്‍ അവതരിപ്പിച്ചു. പാര്‍ലമെന്റില്‍ ബില്‍ പാസാകുന്നതോടെ തൊഴിലുറപ്പ് പദ്ധതി ഇനി വിബി-ജി റാംജി എന്നാകും അറിയപ്പെടുക.

ബില്ലിലെ സെക്ഷൻ 22 ലെ ഉപവകുപ്പ് (2) പ്രകാരം കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും സാമ്പത്തിക ബാധ്യത പങ്കിടും. കരട് ബില്ലില്‍ കേന്ദ്ര വിഹിതം 60% വും സംസ്ഥാന വിഹിതം 40% ആയും നിജപ്പെടുത്തി. ഇതിന്റെ ഫലമായി സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അധിക സാമ്പത്തിക ഭാരം പേറേണ്ടി വരും. നേരത്തെ പദ്ധതിയുടെ 90% കേന്ദ്ര സര്‍ക്കാരായിരുന്നു വഹിച്ചിരുന്നത്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കും ഹിമാലയന്‍ സംസ്ഥാനങ്ങളായ ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ്, ജമ്മു കശ്മീര്‍ എന്നിവിടങ്ങളില്‍ പദ്ധതി തുക 90:10 നിരക്കിലായിരിക്കുമെന്നും ബില്ലില്‍ പറയുന്നു. പദ്ധതിയില്‍ കേന്ദ്രത്തിന്റെ വിഹിതം കുറയുമ്പോഴും തീരുമാനങ്ങള്‍ എടുക്കാനുള്ള അവകാശങ്ങളില്‍ കേന്ദ്രത്തിനാണ് മുന്‍ഗണന. പദ്ധതി എവിടെ നടപ്പാക്കണം എങ്ങനെ നടപ്പാക്കണം എന്നതു തീരുമാനിക്കാന്‍ കേന്ദ്രത്തിനാണ് അധികാരം. പദ്ധതി പ്രകാരം തൊഴില്‍ ദിനങ്ങള്‍ 100 എന്നത് 125 ആയി വര്‍ധിക്കുമെങ്കിലും കേന്ദ്രത്തിന് ബില്‍ വ്യവസ്ഥകള്‍ പ്രകാരം അധിക തൊഴില്‍ദിനം ലഭ്യമാക്കലിന്റെ അധിക സാമ്പത്തിക ബാധ്യത ഏറ്റെടുക്കേണ്ടതില്ല.

സംസ്ഥാനങ്ങളില്‍ വിളവെടുപ്പ് ഉള്‍പ്പെടെ നടക്കുന്ന സമയങ്ങളില്‍ തൊഴില്‍ ലഭ്യത ഉറപ്പാണെന്നത് മുന്നില്‍ കണ്ട് പദ്ധതി രണ്ടു മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്യാനും ബില്ലില്‍ വ്യവസ്ഥയുണ്ട്. പുതുക്കിയ ബില്‍ പ്രകാരം ഈ വ്യവസ്ഥ പ്രാവര്‍ത്തികമാകുന്ന പക്ഷം തൊഴില്‍ ദിനങ്ങളിലെ വർധനവ് സംബന്ധിച്ചുള്ള ഉറപ്പും ചോദ്യം ചെയ്യപ്പെടുകയാണ്. പ്രതിവര്‍ഷമുള്ള 125 ദിവസത്തെ തൊഴില്‍ ദിനങ്ങളില്‍ നിന്നും രണ്ടു മാസത്തെ പദ്ധതി സസ്‌പെന്‍ഷന്‍ കാലാവധിയിലെ തൊഴില്‍ ലഭ്യത കുറച്ചാല്‍ എത്ര ദിവസം പദ്ധതി പ്രകാരം തൊഴില്‍ ലഭിക്കും എന്നതിലും കൃത്യതയില്ല. പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ടുള്ള് ഗവേണിങ് ബോഡിയില്‍ നിന്നും പട്ടികജാതി, പട്ടിക വര്‍ഗ്ഗ, ന്യൂനപക്ഷ, വനിതാ പ്രാതിനിധ്യം വെട്ടിക്കുറയ്ക്കാനും ബില്‍ ഉന്നം വയ്ക്കുന്നു. ഗ്രാമീണ മേഖലയിലെ വനിതകളെ ലക്ഷ്യമിട്ടുള്ള പദ്ധതിയിലെ ഭരണ സമിതിയില്‍ ഇത്തരം നടപടി നീതി നിഷേധമാണെന്ന ആക്ഷേപം ഇതിനോടകം ഉയര്‍ന്നു.

Exit mobile version