Site icon Janayugom Online

യാത്ര ക്ലേശം രൂക്ഷം; മടയ്ക്കൽപടി — മണ്ണാരുപറമ്പിൽപടി റോഡ് ഉയർത്തണമെന്ന ആവശ്യം ശക്തമാകുന്നു

തലവടി ഗ്രാമപഞ്ചായത്ത് 12-ാം വാർഡിൽ പാരേത്തോട് വട്ടടി റോഡിനെ ബന്ധിപ്പിക്കുന്ന കൈവഴികളാണ് മടിക്കൽപടി — മണ്ണാരുപറമ്പിൽപടി റോഡും സാൽവേഷൻ ആർമി പള്ളിപ്പടി മുതൽ പൊയ്യാലുമാലിൽപ്പടി റോഡും. ഈ റോഡുകളുടെ ഇരുവശത്തായി 50 ലധികം കുടുംബങ്ങൾ താമസിക്കുന്നുണ്ട്. എഴുന്നേറ്റ് നടക്കാൻ സാധിക്കാത്ത ശരീരം തളർന്ന ഭിന്നശേഷിക്കാരനായ യുവാവ് ഉൾപ്പെടെ കിടപ്പു രോഗികളും ഇതിൽ ഉൾപ്പെടും. സാൽവേഷൻ ആർമി പള്ളിപ്പടി മുതൽ പൊയ്യാലുമാലിൽപ്പടി റോഡിൽ വെള്ളപ്പൊക്കമുണ്ടായാൽ പ്രധാന റോഡിൽ പോലും എത്താൻ പറ്റാത്ത അവസ്ഥയാണ്.

ഒരു ഓട്ടോറിക്ഷയിൽ പോലും ഇതുവഴി രോഗികളെയും കൊണ്ട് പ്രധാന റോഡിൽ എത്തുവാൻ സാധ്യമല്ല. മഴ പെയ്യുമ്പോൾ വെള്ളം കെട്ടി കിടന്ന് ചെളിയാകുകയാണ്. ഈ റോഡിൽ വഴിവിളക്കുകൾ പോലും ഇല്ല. മഴക്കാലത്ത് സൈക്കിളിൽ പോലും വിദ്യാർത്ഥികൾക്ക് സ്കൂളിൽ പോകാൻ പറ്റാത്ത വിധം ബുദ്ധിമുട്ട് ആണ് അനുഭവിക്കുന്നത്. വെള്ളപൊക്ക സമയത്ത് ഈ പ്രദേശം പൂർണ്ണമായും ഒറ്റപ്പെട്ട അവസ്ഥയാണ്. മടയ്ക്കൽ പടി — മണ്ണാരു പറമ്പിൽ പടി റോഡിൽ സൗഹൃദ നഗറിൽ വെള്ളപൊക്ക സമയത്ത് ചില ഭാഗങ്ങളിൽ 3 അടിയോളം വെള്ളമുണ്ടാകും. എല്ലാ വീടുകളിലും വാഹനമുണ്ടെങ്കിലും വെള്ളപൊക്ക സമയത്ത് പ്രദേശം ഒറ്റപ്പെടുകയാണ്.

യാതൊരു സുരക്ഷിതത്വവും ഇല്ലാത്ത വട്ടടി — പാരേത്തോട് റോഡിൽ ആണ് വാഹനങ്ങൾ സൂക്ഷിക്കുന്നത്. സാമൂഹ്യ വിരുദ്ധരുടെ ശല്യം മൂലം വാഹനങ്ങൾക്ക് നാശനഷ്ടങ്ങൾ വരെ ഉണ്ടായിട്ടുണ്ട്. നിലവിലുള്ള വഴികൾ മണ്ണിട്ട് ഉയർത്തി സഞ്ചാരയോഗ്യമാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

Exit mobile version