Site iconSite icon Janayugom Online

കലയുടെ ആനന്ദനൃത്തം; സ്കൂൾ കലോത്സവത്തിന് തിരിതെളിഞ്ഞു

കൃഷ്ണനാട്ടത്തിന് കളിവിളക്ക് തെളിഞ്ഞ കലയുടെ ഹൃദയഭൂമിയില്‍ കേരള സ്കൂൾ കലോത്സവത്തിന് തിരിതെളിഞ്ഞു. വാദ്യസംഗീതത്തോടെയും കാല്‍ച്ചിലമ്പൊലിയോടെയും കൗമാരകേരളം വിജയപ്രതീക്ഷകളോടെ കടന്നുവന്ന കോഴിക്കോടിന്റെ മധുരം കിനിയുന്ന തെരുവുകളിലേക്ക് ആസ്വാദകരുടെ വലിയ നിരയും ആവേശത്തോടെ എത്തിത്തുടങ്ങി. കോവിഡ് മഹാമാരി തീർത്ത പ്രതിസന്ധികൾക്ക് ശേഷം വന്നെത്തിയ കൗമാര കലാമേളയുടെ ആദ്യ ദിനത്തെ അക്ഷരാർത്ഥത്തിൽ നെഞ്ചേറ്റുകയായിരുന്നു കോഴിക്കോട്. ഏഴ് വരെ ജില്ലയിലെ 24 വേദികളിൽ പതിനായിരത്തിലധികം കലാപ്രതിഭകൾ മാറ്റുരയ്ക്കും.
ഇന്നലെ പ്രധാന വേദിയായ വിക്രം മൈതാനിയിലെ അതിരാണിപ്പാടത്ത് മോഹിനിയാട്ടവും സംഘനൃത്തവും അരങ്ങേറി. സാമൂതിരി സ്കൂളിലെ ഭൂമിയിൽ സംസ്കൃത നാടകവും സാമൂതിരി സ്കൂൾ ഗ്രൗണ്ടിലെ കൂടല്ലൂരിൽ ഭരതനാട്യവും മാർഗംകളിയും പ്രോവിഡൻസ് സ്കൂളിലെ തസ്രാക്കിൽ കുച്ചുപ്പുടിയും വട്ടപ്പാട്ടും നടന്നു. കോൽക്കളി, ദഫ് മുട്ട്, മോണോആക്ട്, പഞ്ചവാദ്യം, ചാക്യാർകൂത്ത്, നങ്ങ്യാർകൂത്ത്, കൂടിയാട്ടം കഥകളി എന്നിവയും ആസ്വാദകരുടെ പ്രിയം നേടി. വീണയും വിചിത്ര വീണയും ക്ലാരനറ്റും തബലയും മദ്ദളവും മൃദംഗവും നാടൻപാട്ടും ഗസലുമെല്ലാം പെയ്തിറങ്ങിയ ആദ്യ ദിനം കാഴ്ചക്കാർക്ക് അവിസ്മരണീയമായ അനുഭവമാണ് സമ്മാനിച്ചത്. 

വിക്രം മൈതാനിയിൽ കലോത്സവത്തിന് തുടക്കം കുറിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ ജീവൻ ബാബു പതാക ഉയർത്തി. ഇ കെ വിജയൻ എംഎൽഎ അധ്യക്ഷത വഹിച്ചു. രാജ്യത്തിനുവേണ്ടി ധീരരക്തസാക്ഷിത്വം വരിച്ച ക്യാപ്റ്റൻ വിക്രമിന്റെ ഓർമ്മകൾ തുടിക്കുന്ന വെസ്റ്റ് ഹിൽ വിക്രം മൈതാനിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ കലോത്സവം ഔപചാരികമായി ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി അധ്യക്ഷത വഹിച്ചു. 

മന്ത്രിമാരായ പി എ മുഹമ്മദ് റിയാസ്, എ കെ ശശീന്ദ്രൻ, അഹമ്മദ് ദേവർകോവിൽ തുടങ്ങിയവർ മുഖ്യാതിഥികളായിരുന്നു. നിയമസഭാ സ്പീക്കർ എ എൻ ഷംസീർ മുഖ്യപ്രഭാഷണം നടത്തി. എം കെ രാഘവൻ എംപി, എംഎൽഎമാരായ ഇ കെ വിജയൻ, കെ പി കുഞ്ഞമ്മദ് കുട്ടി, പി ടി എ റഹീം, ലിന്റോ ജോസഫ്, കെ കെ രമ, കെ എം സച്ചിൻ ദേവ്, തോട്ടത്തിൽ രവീന്ദ്രൻ, കാനത്തിൽ ജമീല, മേയർ ഡോ. ബീന ഫിലിപ്പ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, ജില്ലാ കളക്ടർ ഡോ. എൻ തേജ് ലോഹിത് റെഡ്ഡി, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. സിനിമാ താരം ആശ ശരത്ത് പ്രത്യേക ക്ഷണിതാവായിരുന്നു. പൊതുവിദ്യാഭ്യാസവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ് സ്വാഗതവും പൊതുവിദ്യാഭ്യാസവകുപ്പ് ഡയറക്ടർ കെ ജീവൻ ബാബു നന്ദിയും പറഞ്ഞു. കവി പി കെ ഗോപി രചിച്ച സ്വാഗതഗാനം 61 വിദ്യാർത്ഥികൾ ചേർന്ന് ആലപിച്ചു. നാൽപതിലേറെ കലാപ്രതിഭകൾ ചുവട് വച്ച ഗാനശില്പത്തിന് കനകദാസ് പേരാമ്പ്രയുടെ നേതൃത്വത്തിലുള്ള കലാകാരൻമാർ നേതൃത്വം നൽകി. 

Eng­lish Summary;The joy­ous dance of art; The school kalol­savom 2023
You may also like this video

Exit mobile version