Site iconSite icon Janayugom Online

കംഗാരുക്കള്‍ കിതച്ചുവീണു; ഇന്ത്യക്ക് 48 റണ്‍സ് ജയം, പരമ്പരയില്‍ 2–1ന് മുന്നില്‍

ഓസ്ട്രേലിയയ്ക്കെതിരായ നാലാം ടി20 ക്രിക്കറ്റ് മത്സരത്തില്‍ ഇന്ത്യക്ക് 48 റണ്‍സ് ജയം. ജയത്തോടെ അഞ്ച് മത്സര പരമ്പരയില്‍ ഇന്ത്യ 2–1ന് മുന്നിലെത്തി. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ 18.2 ഓവറില്‍ 119 റണ്‍സിന് ഓസീസ് ഓള്‍ഔട്ടായി. ഓസീസ് നിരയില്‍ ആദ്യ ആറ് ബാറ്റര്‍മാര്‍ രണ്ടക്കം തൊട്ടെങ്കിലും അവസാന അഞ്ച് പേര്‍ക്ക് ഒറ്റയക്ക റണ്‍സ് മാത്രമാണ് നേടാനായത്. 24 പന്തില്‍ 30 റണ്‍സെടുത്ത ക്യാപ്റ്റന്‍ മിച്ചല്‍ മാര്‍ഷാണ് ഓസീസിന്റെ ടോപ് സ്കോറര്‍. ഭേദപ്പെട്ട തുടക്കമാണ് ഓസീസിന് ലഭിച്ചത്. മിച്ചല്‍ മാര്‍ഷും മാത്യു ഷോര്‍ട്ടും മിന്നിച്ച് തുടങ്ങിയതോടെ ടീം നാലോവറില്‍ 35ലെത്തി. എന്നാല്‍ സ്‌കോര്‍ 37ല്‍ നില്‍ക്കേ 25 റണ്‍സെടുത്ത ഷോര്‍ട്ടിനെ അക്ഷര്‍ എല്‍ബിഡബ്ല്യുവില്‍ കുരുക്കി പുറത്താക്കി. രണ്ടാം വിക്കറ്റില്‍ ജോഷ് ഇംഗ്ലിസിനെ കൂട്ടുപിടിച്ച് മാര്‍ഷ് ഓസീസിനെ 60 കടത്തി. അവസാന എട്ട് വിക്കറ്റുകള്‍ കേവലം 52 റണ്‍സിനിടെയാണ് ആതിഥേയര്‍ക്ക് നഷ്ടമായത്. 

ടിം ഡേവിഡ് (14), മാര്‍കസ് സ്‌റ്റോയിനിസ് (17), ഗ്ലെന്‍ മാക്‌സ്‌വെല്‍ (2), ബെന്‍ ഡ്വാര്‍ഷ്വിസ് (5), സേവ്യര്‍ ബാര്‍ട്ട്‌ലെറ്റ് (0), ആദം സാംപ (0) എന്നിവര്‍ക്കൊന്നും പിടിച്ചുനില്‍ക്കാന്‍ സാധിച്ചില്ല. നതാന്‍ എല്ലിസ് (2) പുറത്താവാതെ നിന്നു. വാഷിങ്ടണ്‍ സുന്ദർ മൂന്നു വിക്കറ്റുകളും അക്സർ പട്ടേൽ, ശിവം ദുബെ എന്നിവർ രണ്ടു വിക്കറ്റുകളും വീഴ്ത്തി തിളങ്ങി. അർഷ്ദീപ് സിങ്, ജസ്പ്രീത് ബുംറ, വരുൺ ചക്രവർത്തി എന്നിവർക്കും ഓരോ വിക്കറ്റു വീതമുണ്ട്.
ഇത്തവണയും സഞ്ജു സാംസണ്‍ ഇല്ലാതെയാണ് ഇന്ത്യയിറങ്ങിയത്. ഭേദപ്പെട്ട തുടക്കം ഇന്ത്യക്ക് ലഭിച്ചു. അഭിഷേക് ശര്‍മ്മയും ശുഭ്മാന്‍ ഗില്ലും ഓപ്പണിങ് കൂട്ടുകെട്ടില്‍ 56 റണ്‍സ് ചേര്‍ത്തു. 28 റണ്‍സെടുത്ത അഭിഷേകിന്റെ വിക്കറ്റാണ് ഇന്ത്യക്ക് ആദ്യം നഷ്ടമാകുന്നത്. അഭിഷേക് പുറത്തായതിന് പിന്നാലെ മൂന്നാമനായി ശിവം ദുബെയാണ് ക്രീസിലിറങ്ങിയത്. 18 പന്തില്‍ 22 റണ്‍സെടുത്ത് ദുബെയും കൂടാരം കയറിയതോടെ ടീം 88–2 എന്ന നിലയിലായി. എന്നാല്‍ ക്യാപ്റ്റന്‍ സൂര്യയുമായി ചേര്‍ന്ന് ഗില്‍ ടീമിനെ 100 കടത്തി. നഥാൻ എലിസിന്റെ 15–ാം ഓവറിലെ ആദ്യ പന്തിൽ ഗില്‍ ബോൾഡായി. 

രണ്ടു സിക്സുകൾ പറത്തിയ സൂര്യകുമാർ യാദവിന് പിന്നീട് മികച്ച ഇന്നിങ്സ് കളിക്കാന്‍ കഴിഞ്ഞില്ല. പിന്നാലെ സൂര്യകുമാര്‍ യാദവിനെ (10 പന്തില്‍ 20) സേവിയര്‍ ബാര്‍ട്ട്‌ലെറ്റ് മടക്കി. തിലക് വര്‍മ്മയെയും (5), ജിതേഷ് ശര്‍മയെയും(3) ആദം സാംപയും മടക്കിയതോടെ ഇന്ത്യ 136–6ലേക്ക് കൂപ്പുകുത്തി. എന്നാല്‍ വാഷിങ്ടണ്‍ സുന്ദറും അക്സ്‍ പട്ടേലും ചേര്‍ന്ന് നടത്തിയ ചെറുത്തുനില്പ് ഇന്ത്യയെ 150 കടത്തി. സുന്ദര്‍ 12 റണ്‍സെടുത്ത് പുറത്തായി. അക്സര്‍ പട്ടേല്‍ 11 പന്തില്‍ നിന്ന് 21 റണ്‍സെടുത്ത് പുറത്താവാതെ നിന്നു. ഓസ്ട്രേലിയയ്ക്കായി നഥാൻ എലിസും ആദം സാംപയും മൂന്നു വിക്കറ്റുകൾ വീതം വീഴ്ത്തി.

Exit mobile version