Site iconSite icon Janayugom Online

മൂന്നാം തവണയും കിരീടം കൈവിട്ട് കേരള ബ്ലാസ്റ്റേഴ്സ്; ആദ്യമായി ജേതാക്കളായി ഹൈദരാബാദ് എഫ്സി

ഗ്യാലറികളില്‍ മഞ്ഞയണിഞ്ഞ ആരാധകക്കൂട്ടത്തിന്റെ ആര്‍പ്പുവിളികള്‍ കണ്ണീരിന് വഴിമാറി. കേരളത്തിന്റെ കൊമ്പന്മാര്‍ക്ക് മൂന്നാംവട്ടവും കലാശപ്പോരില്‍ തോല്‍വി. ഹൈദരാബാദ് എഫ്‌സിയാണ് ബ്ലാസ്റ്റേഴ്സിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തി ഇന്ത്യന്‍ സൂപ്പര്‍ ലീഗ് കിരീടത്തില്‍ സുവര്‍ണലിപികളില്‍ സ്വന്തം പേരെഴുതിച്ചേര്‍ത്തത്. മഡ്ഗാവിലെ പിജെഎന്‍ സ്റ്റേഡിയത്തില്‍ നടന്ന ആവേശമത്സരം അധികസമയത്തും സമനിലയില്‍ തുടര്‍ന്നതോടെ പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീളുകയായിരുന്നു.

മത്സരത്തിന്റെ സാധാരണ സമയത്ത് ഓരോ ഗോളുകള്‍ നേടി ഇരുടീമുകളും സമനില പാലിച്ചു. ഗോള്‍രഹിതമായ ആദ്യപകുതിക്ക് ശേഷം മലയാളി താരം കെ പി രാഹുല്‍ മനോഹര ഗോളിന് ഉടമയായപ്പോള്‍ സാഹില്‍ ടവോറ ഹൈദരാബാദിനായി മറുപടി നല്‍കി. മുമ്പ് കേരളം രണ്ടുതവണ കലാശപ്പോരില്‍ കളിച്ചുവെങ്കിലും രണ്ടാംസ്ഥാനക്കാരായി മടങ്ങാനായിരുന്നു വിധി. ലോകത്തിലെ വിവിധയിടങ്ങളിലുള്ള മലയാളികള്‍ ഉള്‍പ്പെടെ ഒരേ മനസോടെ നോക്കിക്കണ്ട മത്സരത്തില്‍ ബ്ലാസ്റ്റേഴ്സിനായിരുന്നു ആധിപത്യം. പന്തടക്കത്തിലും ഗോളവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും ബ്ലാസ്‌റ്റേഴ്‌സ് ആയിരുന്നു ആദ്യ പകുതിയില്‍ മുന്നില്‍. ലൂണയും വാസ്‌കസും ഡയസുമെല്ലാം ഹൈദരാബാദിന്റെ ഗോള്‍മുഖത്തേക്ക് പലകുറി ഇരമ്പിയെത്തി. മറുഭാഗത്ത് ബര്‍തൊലോമ്യോ ഒഗ്‌ബെച്ചെക്ക് അവസരങ്ങള്‍ സൃഷ്ടിക്കാന്‍ സാധിച്ചില്ല.

കിക്കോഫായി ആദ്യ മിനിറ്റിനുള്ളില്‍ തന്നെ ബ്ലാസ്റ്റേഴ്‌സ് ആദ്യ ആക്രമണത്തിന് കുതിച്ചു. 11-ാം മിനിറ്റില്‍ സൗവിക് ചക്രവര്‍ത്തിയുടെ ലോങ് റേഞ്ചര്‍ ഗോളി ഗില്ലിന്റെ കൈകളിലൊതുങ്ങി. 15-ാം മിനിറ്റില്‍ ഖബ്രയുടെ ക്രോസ് ഡയസിന്റെ തലയില്‍ തലോടി പുറത്തേക്ക് പോയി. 18-ാം മിനിറ്റില്‍ അല്‍വാരോ വാസ്‌കസിന് സുന്ദരമായ ഗോളവസരം ലഭിച്ചെങ്കിലും വിഫലമായി.

30-ാം മിനിറ്റില്‍ ക്യാപ്റ്റന്‍ അഡ്രിയാന്‍ ലൂണ ഹൈദരാബാദിന്റെ ഗോള്‍മുഖത്തേക്ക് ബോക്‌സിന് പുറത്തുനിന്ന് മികച്ച കിക്കെടുത്തെങ്കിലും ഗോളി ലക്ഷ്മികാന്ത് കട്ടിമണി നിഷ്പ്രഭമാക്കി. 39-ാം മിനിറ്റിലും ബ്ലാസ്റ്റേഴ്‌സിന് സുവര്‍ണാവസരം ലഭിച്ചിരുന്നു. വാസ്‌കസിന്റെ ഷോട്ട് പോസ്റ്റിന്റെ ക്രോസ് ബാറില്‍ തട്ടിത്തെറിച്ചു. തിരിച്ചുവന്ന ബോള്‍ രാഹുല്‍ തട്ടിയിടാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടക്കത്തില്‍ ശക്തമായ ആക്രമണമാണ് രണ്ടാം പകുതിയിലും ബ്ലാസ്റ്റേഴ്സ് നടത്തിയത്. കെ പി രാഹുൽ 68–ാം മിനിറ്റിൽ നേടിയ ഗോ‌ളിലൂടെ ലീഡ് നേടുകയും ചെയ്തു. രണ്ടാം പകുതിയിൽ ഹൈദരാബാദ് എഫ്‍സി തുടർച്ചയായി സമ്മർദ്ദം ചെലുത്തുന്നതിനിടെയാണ് രാഹുലിലൂടെ ബ്ലാസ്റ്റേഴ്സ് ലീഡു പിടിച്ചത്. ഗോള്‍ വീണതിന് പിന്നാലെ ഹൈദരാബാദും ആക്രമണം ശക്തമാക്കി. ഇതിന് ഫലം കണ്ടു. 88-ാം മിനിറ്റില്‍ സാഹില്‍ ടവോറ ഹൈദരാബാദിനായി സമനില ഗോള്‍ നേടി.

Eng­lish sum­ma­ry; The Ker­ala Blasters lost the title for the third time

You may also like this video;

Exit mobile version