Site icon Janayugom Online

കേരളത്തെ ഞെട്ടിച്ച കൈവെട്ട് കേസ്: നാൾവഴി

തൊടുപുഴ ന്യൂമാൻ കോളജ് അധ്യാപകനായിരുന്ന പ്രൊഫസർ ടി ജെ ജോസഫിന്റെ കൈവെട്ടിയ കേസിൽ ആറ് പ്രതികൾ കുറ്റക്കാരെന്ന് കോടതി വിധിച്ചിരിക്കുകയാണ്. മതിയായ തെളിവുകളുടെ അഭാവത്തിൽ അഞ്ചുപേരെ വെറുതെ വിട്ടു. സംഭവം നടന്ന് 12 വർഷത്തിന് ശേഷമാണ് രണ്ടാം ഘട്ട വിചാരണ പൂർത്തിയാക്കി 11 പ്രതികൾക്കുള്ള ശിക്ഷ വിധിക്കുന്നത്.
2010 ജൂലൈ നാലിനാണ് തൊടുപുഴ ന്യൂമാൻ കോളജ് അധ്യാപകനായിരുന്ന പ്രൊഫ. ടി ജെ ജോസഫിന്റെ കൈപ്പത്തി പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ വെട്ടിമാറ്റിയത്. 2010 മാർച്ച് 23ന് നടന്ന രണ്ടാം സെമസ്റ്റർ ബികോം മലയാളം ഇന്റേണൽ പരീക്ഷയുടെ ചോദ്യ പേപ്പറിലെ 11-ാം നമ്പർ ചോദ്യത്തിൽ നിന്നാണ് സംഭവങ്ങളുടെ തുടക്കം. ടി ജെ ജോസഫ് തയ്യാറാക്കിയ ചോദ്യപ്പേപ്പറിലെ ചോദ്യം പ്രവാചകനെ നിന്ദിക്കുന്നതാണെന്ന് ആരോപിച്ചായിരുന്നു ആക്രമണം.
പി ടി കുഞ്ഞഹമ്മദ് എഴുതിയ ‘തിരക്കഥയിലെ രീതിശാസ്ത്രം’ എന്ന പുസ്തകത്തിൽ നിന്നുള്ള ഭ്രാന്തനും ദൈവവുമായുള്ള സംഭാഷണമായിരുന്നു ചോദ്യം. വിഷയം വിവാദമായതോടെ, വിവിധ സംഘടനകൾ കോളജിനെതിരെ പ്രതിഷേധം ആരംഭിച്ചു. ഒരു പത്രത്തിൽ വന്ന വാർത്തയായിരുന്നു വിവാദത്തിന് തിരി കൊളുത്തിയത്. കോളജ് ടി ജെ ജോസഫിനെ തള്ളിപ്പറഞ്ഞതോടെ അദ്ദേഹം ഒളിവിൽ പോയി. കോളജിൽ നിന്ന് പ്രൊഫസറെ സസ്പെൻഡ് ചെയ്യുകയും കോളജ് അധികൃതർ പരസ്യമായി മാപ്പു പറയുകയും ചെയ്തു. വിഷയത്തിൽ മതനിന്ദ കുറ്റം ചുമത്തി ടി ജെ ജോസഫിനെതിരെ പൊലീസ് സ്വമേധയാ കേസെടുത്തു. ജോസഫ് ഒളിവിൽ പോയ സാഹചര്യത്തിൽ അദ്ദേഹത്തിന്റെ 22 കാരനായ മകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. തന്റെ മകനും കുടുംബത്തിനും നേരെയുള്ള അതിക്രമങ്ങൾ വർധിച്ചതോടെ, ആറ് ദിവസത്തിന് ശേഷം അദ്ദേഹം പൊലീസിന് മുന്നിൽ കീഴടങ്ങി, ജയിലിലായി.
ഒരാഴ്ചയോളം ജയിലിൽ കഴിഞ്ഞ ശേഷം ജാമ്യം നേടി പുറത്തിറങ്ങിയ ജോസഫിനെത്തേടി പലതവണ അക്രമികൾ വന്നിരുന്നു. ജൂലൈ നാലിന് അമ്മയോടൊപ്പം മൂവാറ്റുപുഴയിലെ പള്ളിയിൽ പോയി മടങ്ങി വരുകയായിരുന്ന ടി ജെ ജോസഫിന് നേരെ വീടിന് അടുത്തുവച്ചാണ് ആക്രമണമുണ്ടാകുന്നത്. മിനിവാനിലെത്തിയ ഒരു സംഘം വഴിയിൽ തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു. ആറംഗ സംഘത്തിൽ ഒരാൾ, കോടാലിയുപയോഗിച്ച് കാറിന്റെ ചില്ല് തകർത്തു. കാറിന്റെ വാതിൽ ഉള്ളിൽ നിന്ന് തുറന്ന് പ്രൊഫസറെ റോഡിലൂടെ വലിച്ചിഴച്ചു. കൈകളിലും കാലിലും ആഞ്ഞുവെട്ടി. ഇടതു കൈപ്പത്തി പൂർണമായും വെട്ടിമാറ്റുകയും വലതുകൈക്ക് സാരമായി വെട്ടേൽക്കുകയും ചെയ്തു.
ഒരു മാസത്തിന് ശേഷം ആശുപത്രിയിൽ നിന്ന് തിരിച്ചെത്തിയ ജോസഫിനെ ന്യൂമാൻ കോളേജിൽ നിന്ന് പുറത്താക്കിയിരുന്നു. ഇതിനെതിരെയും പ്രതിഷേധങ്ങൾ ഉണ്ടായി. അദ്ദേഹത്തിന്റെ ചികിത്സയ്ക്കുള്ള പണം കണ്ടെത്തുന്നതിനായി അധ്യാപകർ പിരിവുകൾ സംഘടിപ്പിച്ചു. പുറത്താക്കലിനെതിരെ കോളജിന് മുന്നിൽ സത്യഗ്രഹമിരുന്നു.
കുട്ടികളുടെ വിദ്യാഭ്യാസത്തിനായി എടുത്ത വിദ്യാഭ്യാസ ലോൺ ഉൾപ്പെടെ കുടുംബം കടക്കെണിയിലായി. തുടർച്ചയായ പ്രതിസന്ധികൾക്ക് പിന്നാലെ അദ്ദേഹത്തിന്റെ ഭാര്യ സലോമി വിഷാദരോഗത്തിന് അടിമപ്പെട്ടു. 2014 മാർച്ചിൽ സലോമി ആത്മഹത്യ ചെയ്തത് ജനരോഷത്തിനു കാരണമായി. വിരമിക്കാൻ മൂന്ന് ദിവസം ബാക്കിനിൽക്കെ, കോളജ് ടി ജെ ജോസഫിനെ തിരിച്ചുവിളിച്ചു. പെൻഷൻ ആനുകൂല്യങ്ങൾക്ക് അദ്ദേഹം അർഹനാണെന്ന് കണ്ടെത്തുകയും ചെയ്തു. അക്രമവുമായി ബന്ധപ്പെട്ട് 31 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ആദ്യം കേരളാ പൊലീസ് അന്വേഷിച്ച കേസ് 2011 മാർച്ച് ഒമ്പതിനാണ് ദേശീയ അന്വേഷണ ഏജൻസി ഏറ്റെടുത്തത്. വിചാരണ പൂർത്തിയാക്കി കൊച്ചിയിലെ എൻഐഎ കോടതി 2015 ഏപ്രിൽ 30ന് ആദ്യഘട്ടം വിധിപറഞ്ഞു. സംഭവത്തിൽ 13 പേരെ കോടതി ശിക്ഷിച്ചു. ഇതിൽ 10 പേരെ എട്ടുവർഷത്തെ തടവിന് വിധിച്ചു. ശേഷം തുടർന്നുണ്ടായ അന്വേഷണത്തിൽ 11 പേരെക്കൂടി അറസ്റ്റ് ചെയ്യുകയായിരുന്നു. 

Exit mobile version