Site icon Janayugom Online

വിദ്യാര്‍ഥിനിയേയും പിതാവിനേയും പരസ്യമായി അപമാനിച്ച സംഭവം ചെറുതായി കാണാനാവില്ലെന്ന് കേരള ഹൈക്കോടതി

മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്നാരോപിച്ച്‌ വനിതാ കോണ്‍സ്റ്റബിള്‍ വിദ്യാര്‍ഥിനിയേയും പിതാവിനേയും പരസ്യമായി അപമാനിച്ച സംഭവം ചെറുതായി കാണാനാവില്ലെന്ന് കേരള ഹൈക്കോടതി. പൊലീസ് ഉദ്യോഗസ്ഥയ്ക്ക് കുട്ടിയെ ചോദ്യം ചെയ്യാനാവുമോയെന്ന് കോടതി ആരാഞ്ഞു. പൊലീസ് ഉദ്യോഗസ്ഥയ്ക്കെതിരെ എന്ത് നടപടിയെടുത്തുവെന്ന് കോടതി ചോദിച്ചു. അവര്‍ എവിടെയാണ് ജോലി ചെയ്യുന്നതെന്ന വിവരങ്ങളും അറിയിക്കാന്‍ കോടതി നിര്‍ദേശിച്ചു. ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ കണക്കിലെടുത്താല്‍ ചോദ്യം ചെയ്യാന്‍ പാടില്ല. ഇത് അടുത്ത തലമുറയെ വരെ ബാധിക്കും.

പൊലീസ് ഉദ്യോഗസ്ഥയ്ക്കെതിരെ നടപടിയെടുത്തതായി സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. മാനസികാഘാതത്തിന് ചികിത്സ തേടേണ്ടി വന്നതായി ഹര്‍ജിക്കാര്‍ അറിയിച്ചു. പൊലീസ് നടപടിയില്‍ അമ്പത് ലക്ഷം നഷ്ടപരിഹാരവും വനിതാ കോണ്‍സ്റ്റബിള്‍ രജിതയ്ക്കെതിരെ നടപടിയും ആവശ്യപ്പെട്ട് വിദ്യാര്‍ഥിനി സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി പരിഗണിച്ചത്.

ഓഗസ്റ്റ് 27-ാം തീയതി ബഹിരാകാശ കേന്ദ്രത്തിലേക്ക് യന്ത്രഭാഗങ്ങള്‍ കൊണ്ടു പോകുന്നത് കാണാന്‍ പിതാവിനൊപ്പം പോയ പെണ്‍കുട്ടി പിങ്ക് പൊലീസിന്റെ പട്രോളിങ് വാഹനത്തില്‍ നിന്ന് ഫോണ്‍ മോഷ്ടിച്ചെന്നാരോപിച്ച്‌ പരസ്യമായി കള്ളിയെന്ന് വിളിച്ചെന്നും സ്റ്റേഷനില്‍ കൊണ്ടുപോയി ദേഹപരിശോധന നടത്തിയെന്നും ഹര്‍ജിയില്‍ പറയുന്നു. ഫോണ്‍ ഇതിനിടയില്‍ വാഹനത്തില്‍ നിന്ന് ലഭിച്ചു. പരാതി നല്‍കിയെങ്കിലും ഉദ്യോഗസ്ഥയെ അവരുടെ സൗകര്യാര്‍ത്ഥം സ്ഥലം മാറ്റിയെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചു. പെണ്‍കുട്ടിയെ പൊതു സമൂഹത്തില്‍ അപമാനിച്ചത് അന്തസോടെ ജീവിക്കാനുള്ള പൗരന്റെ അവകാശങ്ങളുടെ ലംഘനമാണെന്നും ഹര്‍ജിയില്‍ പറയുന്നു.

ENGLISH SUMMARY:The Ker­ala High Court has said that the inci­dent of pub­lic humil­i­a­tion of a stu­dent and her father can­not be tak­en lightly
You may also like this video

Exit mobile version