ദി കേരള സ്ററോറി വിവാദമായതിനു പിന്നാലെ തിരുത്തുമായി അണിയറ പ്രവര്‍ത്തകര്‍. സിനിമയുടെ യുട്യൂബ് വീഡിയോയുടെ ഡിസ്ക്രിപ്ഷനില്‍ കൊടുത്തിരുന്നത് കേരളത്തിലെ 32,00 പെണ്‍കുട്ടികളുടെ കഥ എന്നായിരുന്നു.ഇതാണ് വിവാദമായതോടെ തിരുത്തിയിരിക്കുന്നത്.
കേരളത്തിലെ 32000 സ്ത്രീകളുടെ ഹൃദയഭേദകമായ കഥ എന്നതില്‍ നിന്ന് കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 3 പെണ്‍കുട്ടികളുടെ യഥാര്‍ത്ഥ കഥ എന്നാക്കിയാണ് യൂട്യൂബ് ഡിസ്‌ക്രിപ്ഷന്‍ തിരുത്തിയിരിക്കുന്നത്. നേരത്തെ തന്നെ സിനിമ ഉയര്‍ത്തുന്ന പ്രമേയത്തേയും അതില്‍ പെരുപ്പിച്ച് കാണിക്കുന്ന കണക്കുകളേയും ഖണ്ഡിച്ച് കൊണ്ട് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു.അവസാനം അണിയറ പ്രവര്‍ത്തകര്‍ക്ക് തിരുത്തേണ്ടി വന്നു.
ആയിരക്കണക്കിന് നിരപരാധികളായ സ്ത്രീകള്‍ വ്യവസ്ഥാപിതമായി മതപരിവര്‍ത്തനം ചെയ്യപ്പെടുകയും സമൂലവല്‍ക്കരിക്കപ്പെടുകയും അവരുടെ ജീവിതം നശിപ്പിക്കപ്പെടുകയും ചെയ്തു. അത് അവരുടെ കഥയാണ് എന്നും ഡിസ്‌ക്രിപ്ഷനില്‍ കൊടുത്തിട്ടുണ്ട്. സുപ്രീംകോടതിയില്‍ ദി കേരള സ്‌റ്റോറിക്ക് എതിരെ ഹര്‍ജിയും ഫയല്‍ ചെയ്തിട്ടുണ്ട്. അതിനിടെ ദി കേരള സ്റ്റോറിക്ക് എ സര്‍ട്ടിഫിക്കറ്റോടെ കേന്ദ്ര സെന്‍സര്‍ ബോര്‍ഡിന്റെ പ്രദര്‍ശനാനുമതി ലഭിച്ചിട്ടുണ്ട്. എന്നാല്‍ ചിത്രത്തില്‍ 10 മാറ്റങ്ങള്‍ വരുത്തണം എന്നും സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഈ മാസം അഞ്ചിന് ആണ് സിനിമ റിലീസ് ചെയ്യുന്നത്.
കേരളത്തില്‍ നിന്ന് കാണാതായ ഹിന്ദു, ക്രിസ്ത്യന്‍ സ്ത്രീകളെ മതപരിവര്‍ത്തനം നടത്തി രാജ്യത്തിന് അകത്തും പുറത്തും ഭീകരപ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നുണ്ട് എന്ന പ്രമേയമാണ് ചിത്രം പങ്ക് വെക്കുന്നത് എന്നാണ് ട്രെയിലര്‍ സൂചിപ്പിക്കുന്നത്. ആദാ ശര്‍മ്മയാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായ ശാലിനി ഉണ്ണികൃഷ്ണനെ അവതരിപ്പിക്കുന്നത്.ഒരു കോളേജ് കാമ്പസിലെ മൂന്ന് പെണ്‍കുട്ടികളെ സുഹൃത്ത് മതം മാറാന്‍ പ്രേരിപ്പിക്കുന്നതും ഒടുവില്‍ തീവ്രവാദ സംഘടനയായ ഐഎസില്‍ ചേരുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം.
യഥാര്‍ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള ചിത്രമാണ് കേരള സ്‌റ്റോറി എന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. വിപുല്‍ അമൃതലാല്‍ ഷാ ആണ് ചിത്രം നിര്‍മിക്കുന്നത്.സംവിധായകന്‍ സുദീപ്‌തോ സെന്‍ ചിത്രത്തിന്റെ ഭാഗമായി സംസ്ഥാനത്തും അറബ് രാജ്യങ്ങളിലും പോയി ഇരകളുടെ കുടുംബങ്ങളെയും പ്രദേശവാസികളെയും കണ്ടു എന്നൊക്കെ നേരത്തെ അവകാശപ്പെട്ടിരുന്നതാണ്. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മൂന്ന് പെണ്‍കുട്ടികളുടെ യഥാര്‍ത്ഥ കഥകളുടെ സമാഹാരമാണ് ദി കേരള സ്‌റ്റോറി എന്നാണ് പുതിയ ഡിസ്‌ക്രിപ്ഷനില്‍ കൊടുത്തിരിക്കുന്നത്.
English Summary:
The Kerala Story; Workers lined up with corrections
You may also like this video:

