Site iconSite icon Janayugom Online

രക്ഷാപ്രവര്‍ത്തകരുടെ കൊലപാതകം; ഗാസ ആക്രമണത്തില്‍ വീഴ്ച സമ്മതിച്ച് ഇസ്രയേല്‍

കഴിഞ്ഞ മാസം ഗാസയില്‍ രക്ഷാപ്രവര്‍ത്തകരെ കൊലപ്പെടുത്തിയതില്‍ പിഴവ് സംഭവിച്ചുവെന്ന് ഇസ്രയേല്‍. സംഭവത്തിന് ഉത്തരവാദിയായ ഡെപ്യൂട്ടി കമാന്‍ഡറെ പിരിച്ചുവിടാനും തീരുമാനിച്ചു. മാര്‍ച്ച് 23ന് തെക്കന്‍ ഗാസയില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ റെഡ്ക്രോസിന്റെ എട്ട് ആരോഗ്യപ്രവര്‍ത്തകരെയും ആറ് സിവില്‍ പ്രതിരോധ ജീവനക്കാരെയും ഒരു യുഎന്‍ ഉദ്യോഗസ്ഥനെയും ഇസ്രയേല്‍ സൈന്യം വെടിവച്ചുകൊന്നത് അന്താരാഷ്ട്ര പ്രതിഷേധത്തിനും യുദ്ധകുറ്റകൃത്യങ്ങള്‍ അന്വേഷിക്കണമെന്ന ആവശ്യത്തിനും ഇടയാക്കി. 

വെടിവയ്പ്പിന് ദിവസങ്ങള്‍ക്ക് ശേഷമാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്. തങ്ങള്‍ വെടിയുതിര്‍ത്തപ്പോള്‍ ആരോഗ്യപ്രവര്‍ത്തകരുടെ വാഹനങ്ങളില്‍ അടിയന്തര സിഗ്നലുകള്‍ ഇല്ലായിരുന്നെന്ന് ഇസ്രയേല്‍ സേന അവകാശപ്പെട്ടിരുന്നു. എന്നാല്‍ വൈദ്യ സംഘത്തിലെ ഒരാള്‍ ഇസ്രയേല്‍ സേനാംഗങ്ങളെ വീഡിയോ കോള്‍ ചെയ്തിരുന്നുവെന്ന വിവരം പുറത്തുവന്നതോടെ സേന നിലപാട് മാറ്റുകയായിരുന്നു. ഇസ്രയേല്‍ പ്രതിരോധ സേനയുടെ ഗൊലാനി ബ്രിഗേഡിന്റെ ഡെപ്യൂട്ടി കമാന്‍ഡറെ തല്‍സ്ഥാനത്ത് നിന്ന് പുറത്താക്കുമെന്ന് ഇന്നലെയാണ് അറിയിച്ചത്. 

തെറ്റുകള്‍ സമ്മതിച്ചിട്ടും ഉത്തരവാദികളായ സൈനിക യൂണിറ്റുകള്‍ക്കെതിരെ ക്രിമിനല്‍ നടപടി സ്വീകരിച്ചിട്ടില്ല. കൊല്ലപ്പെട്ട 15 പലസ്തീനികളില്‍ ആറ് പേര്‍ ഹമാസ് തീവ്രവാദികളാണെന്ന് ഇസ്രയേല്‍ വാദിച്ചിരുന്നു. ഇതേ അവകാശവാദം ഇസ്രയേല്‍ മുമ്പ് ഉന്നയിച്ചെങ്കിലും റെഡ് ക്രോസ് നിഷേധിച്ചിരുന്നു. തീവ്രവാദികളെ കൊണ്ടുപോകാനും ആയുധങ്ങള്‍ കടത്താനും ആംബുലന്‍സുകള്‍ പതിവായി ഉപയോഗിക്കുന്നുണ്ടെന്നാണ് ഇസ്രയേല്‍ സേനയുടെ ആരോപണം. 

Exit mobile version