Site icon Janayugom Online

പ്രകാശനത്തിനു മുമ്പേ വിടപറഞ്ഞ് കഥാകാരന്‍

ഇതേ സമയം ഇലകൾ കൊഴിയുന്ന വസന്തമായ മഞ്ഞുകാലത്ത് ഓഡറ്റ് തന്റെ കാർ ലിസ്ബൺ യൂണിവേഴ്സിറ്റിയുടെ തലതൊട്ടപ്പനായ റെക്ടറുടെ പൗരാണികമായ ഓഫീസിലേക്ക് തിരിച്ചു… ഇന്നലെ പ്രകാശനം ചെയ്യേണ്ടിയിരുന്ന ഗഫൂർ അറയ്ക്കലിന്റെ ‘ദ കോയ’ എന്ന നോവലിലെ ഒരു അധ്യായം ആരംഭിക്കുന്നത് ഇങ്ങനെയാണ്.

മലയാള സാഹിത്യലോകത്ത് പുതിയൊരു ചരിത്രമാകുന്ന നോവൽ പ്രകാശനം ചെയ്യുന്നതിന് തൊട്ടു മുമ്പേ വിടപറയാനായിരുന്നു എഴുത്തുകാരൻ ഗഫൂർ അറയ്ക്കലിന്റെ വിധി. കാൻസർ ബാധിതനായി കോഴിക്കോട്ടെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന ഗഫൂർ അറയ്ക്കൽ ഉച്ചയോടെ അന്തരിക്കുകയായിരുന്നു. കോഴിക്കോട്ടെ പള്ളിക്കണ്ടിയെന്നൊരു ചെറിയ പ്രദേശം പോർച്ചുഗലിനുമപ്പുറമുള്ളൊരു സാംസ്ക്കാരികാസ്തിത്വത്തിലേക്ക് വളരുന്നതിന്റെ നാടകീയവും ക്ഷോഭജനകവും ആർദ്രവുമായൊരു ആവിഷ്ക്കാരമാണ് ‘ദ കോയ’ എന്ന നോവൽ.

മലയാള സാഹിത്യ ലോകത്ത് അധികം ആഘോഷിക്കപ്പെടാത്ത എഴുത്തുകാരനാണ് ഗഫൂർ അറയ്ക്കൽ. എന്നാൽ അദ്ദേഹത്തിന്റെ ഒരു ഭൂതത്തിന്റെ ഭാവിജീവിതം, അരപ്പിരിലൂസായ കാറ്റാടിയന്ത്രം, ഹോർത്തൂസുകളുടെ ചോമി, രാത്രിഞ്ചരനായ ബ്രാഞ്ച് സെക്രട്ടറി തുടങ്ങിയ നോവലുകളെല്ലാം രചനാപരമായും ആവിഷ്ക്കാര പരമായും ഏറെ ഉയർന്നു നിൽക്കുന്നവയായിരുന്നു. മലയാളികളുടെ പൊതുബോധത്തിന്റെ സ്വതന്ത്ര സെക്യുലർ സങ്കൽപ്പങ്ങളെ പൊളിച്ചെഴുതുന്ന ’ ദ കോയ’ എന്ന നോവൽ പുറത്തുവരുന്നതോടെ ഗഫൂർ സാഹിത്യ ലോകത്ത് കൂടുതൽ അടയാളപ്പെടുത്തുമെന്നത് വ്യക്തമായിരുന്നു. എന്നാൽ കാലം അതിന് മുമ്പേ അദ്ദേഹത്തെ തിരികെ വിളിച്ചു.

 

സത്യങ്ങളും പരിഹാസങ്ങളും ചേർത്തുവെച്ച് ഇസ്ലാമോഫോബിക് അവസ്ഥയെ നിവർന്നുനിന്ന് നേരിടുകയാണ് നോവലെന്ന് പുസ്തകം വായിച്ചവർ വ്യക്തമാക്കുന്നു. കോഴിക്കോട് പള്ളിക്കണ്ടി പ്രദേശത്തെ സാധാരണക്കാരനും നാട്ടുകാർ പറങ്കിക്കോയയെന്ന് പരിഹസിച്ച് വിളിക്കുന്നതുമായ ഒരാൾ സാർവദേശീയ മാനമാർജ്ജിക്കുന്ന കഥ ചിരിയും നാടകീയതും നിറച്ചുപറയുകയാണ് നോവൽ. ഫാസിസ്റ്റ് വാഴ്ചയുടെ കാലത്ത് സ്വാതന്ത്യത്തിന്റെ ബഹുസ്വരതയാണ് കോയയിൽ നിറയുന്നത്. ഭീതിയുടെയും ഉത്കണ്ഠകളുടെയും ആഴങ്ങളിൽ നിന്ന് ഉയർന്നുവരുന്ന നോവൽ എല്ലാറ്റിനെയും ചോദ്യം ചെയ്യുകയും പൊതുബോധ നിർമ്മിതികളെ തകർത്തെറിയുകയും ചെയ്യുന്നു. ഭരണകൂടം മായ്ച്ചുകളയുന്ന ചരിത്രസത്യങ്ങളെ നോവൽ കണ്ടെടുക്കുന്നു. മലയാള നോവൽ സാഹിത്യചരിത്രത്തിലെ പുതിയ രാഷ്ട്രീയ ചുവടുവെയ്പ്പ് കൂടിയായിരുന്നു ഈ നോവൽ.

കോഴിക്കോട് ചെറുവണ്ണൂരിനടുത്തുള്ള വണ്ടിപ്പേട്ട എന്ന ചെറുഭൂഭാഗമാണ് ഗഫൂറിന്റെ രാത്രിഞ്ചരനായ ബ്രാഞ്ച് സെക്രട്ടറി എന്ന നോവലിന്റെ പശ്ചാത്തലം. നോവൽ കേരളത്തിന്റെ സമീപകാല ചരിത്രത്തിലെ സൂക്ഷ്മമായ അടരുകളിലൊന്നിലെ സൂക്ഷ്മാനുഭവങ്ങളെ ചരിത്രമായി പുനർവിന്യസിക്കുന്നതാണെന്ന് ആമുഖക്കുറിപ്പിൽ സുനിൽ പി ഇളയിടം വ്യക്തമാക്കുന്നത്. പ്രദേശത്തെ ബ്രാഞ്ച് സെക്രട്ടറിയായ ലോകനാഥനെന്ന ദലിതനായ മനുഷ്യനും അയാളുടെ ചുറ്റുമുള്ള മനുഷ്യരും നിറയുന്ന നോവൽ മലയാളത്തിലെ മികച്ച ആക്ഷേപ ഹാസ്യ രാഷ്ട്രീയ നോവലുകളിലൊന്നു കൂടിയാണ്. സഖാക്കളായ ദാസപ്പനും കോയക്കയും ലീഗുകാരനായ പൊൻമീൻ ബാവക്കയും കാസ്പറോവ് ശ്രീധരേട്ടനും അബദ്ധ വശാൽ ദേശീയ പതാക തലതിരിച്ചുയർത്തിയെന്ന കുറ്റത്തിന് ഉത്തരേന്ത്യയിൽ വെച്ച് അക്രമിക്കപ്പെടുന്ന ഷൗക്കത്തലിയും നക്സലൈറ്റ് മസ്താൻ മജീദുമെല്ലാം നിറയുന്ന ഭൂമികയിൽ ലോകനാഥനെന്ന കമ്മ്യൂണിസ്റ്റുകാരൻ എല്ലാവർക്കും വേണ്ടി ജീവിക്കുന്നു. എന്നാൽ ആന്തരവൈരുദ്ധ്യങ്ങൾ അയാളെ ഉലച്ചുകൊണ്ടിരുന്നു.

ഗഫൂറിന്റെ ഹോ​ർ​ത്തൂ​സു​ക​ളു​ടെ ചോ​മി ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്. ബാഷ് മുഹമ്മദ് സംവിധാനം ചെയ്ത ലുക്കാ ചുപ്പി എന്ന ചിത്രത്തിന് തിരക്കഥയും ഒരുക്കിയിട്ടുണ്ട് ഗഫൂർ അറയ്ക്കൽ. വർഷങ്ങൾക്ക് ശേഷം ഒരു റിസോർട്ടിൽ ഒരുമിക്കുന്ന കോളെജ് സുഹൃത്തുക്കളുടെ കഥയായിരുന്നു സിനിമ. നർമ്മവും വേദനയും മടുപ്പും വിരസതയുമെല്ലാം നിറയുന്ന മനുഷ്യരുടെ ഒരു രാത്രിയിലെ സംഗമം ഏറെ മനോഹരമായാണ് ഗഫൂർ തിരക്കഥയിലേക്ക് പകർത്തുന്നത്. ജയസൂര്യ, മുരളി ഗോപി, ജോജു ജോർജ് തുടങ്ങിയവർ പ്രധാന വേഷത്തിലെത്തിയ ചിത്രം ഇന്ത്യൻ പനോരമയിലേക്കും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

Eng­lish Sam­mury: gafoor araykkal The koya Book

Exit mobile version