സംസ്ഥാന സർക്കാർ പുതിയതായി രൂപീകരിച്ച കമ്പനിയായ കെഎസ്ആർടിസി- സ്വിഫ്റ്റിന്റെ ബസ് സർവീസ് നാളെ ആരംഭിക്കും. വൈകുന്നേരം 5.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഫ്ലാഗ് ഓഫ് ചെയ്യും. തമ്പാനൂർ കെഎസ്ആർടിസി ടെർമിനലിൽ നടക്കുന്ന ചടങ്ങിൽ ഗതാഗത മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിക്കും. തദ്ദേശ സ്വയം ഭരണ മന്ത്രി എം വി ഗോവിന്ദൻ ഗ്രാമവണ്ടി ഗൈഡ് ബുക്ക് പ്രകാശനം നിർവഹിക്കും. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി കെഎസ്ആർടിസി- സ്വിഫ്റ്റ് വെബ്സൈറ്റ് പ്രകാശനവും സിവിൽ സപ്ലൈസ് മന്ത്രി ജി ആർ അനിൽ കെഎസ്ആർടിസി — സ്വിഫ്റ്റ് ബസ് ആദ്യത്തെ റിസർവേഷൻ ചെയ്തവർക്കുള്ള സമ്മാനങ്ങളുടെ വിതരണവും നിർവഹിക്കും. ഡോ. ശശി തരൂർ എംപിയും മേയർ ആര്യ രാജേന്ദ്രനും മുഖ്യാതിഥികളായി പങ്കെടുക്കും.
ആദ്യ സർവീസുകളിൽ ഓൺലൈനിൽ ആദ്യ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് ഉദ്ഘാടനത്തോട് അനുബന്ധിച്ച് കെഎസ്ആർടിസി- സിഫ്റ്റ് നൽകുന്ന മടക്കയാത്രയുടെ സൗജന്യ ടിക്കറ്റ് ലഭിച്ചത് ഗജരാജയുടെ യാത്രക്കാരായ ജോസഫ് സ്കറിയ ( പൂഞ്ഞാർ), അരുൺ എം ( ബാഗ്ലൂർ), അനൂബ് ജോർജ് (പത്തനംതിട്ട, പുല്ലാട്) അരുൺ എം (തിരുവനന്തപുരം, പൂജപ്പുര) എന്നിവർക്കാണ്. വൈകിട്ട് 5.30 മുതൽ ബംഗളുരുവിലേക്കുള്ള എ സി വോൾവോയുടെ നാല് സ്ലീപ്പർ സർവീസുകളും ആറ് മണിക്ക് ശേഷം തിരുവനന്തപുരത്ത് നിന്നും കോഴിക്കോട്, മാനന്തവാടി, കണ്ണൂർ എന്നിവടങ്ങളിലേക്കുള്ള ആറ് ബൈപ്പാസ് റൈഡർ സർവീസുകളുമാണ് ആദ്യ ദിനം നടത്തുക. 12 ന് വൈകുന്നേരം 5.30 ന് ബംഗളുരുവില്‍ നിന്നുള്ള കേരളത്തിലേക്കുള്ള മടക്ക സർവീസ് ഗതാഗത മന്ത്രി ആന്റണി രാജു ഫ്ലാഗ് ഓഫ് ചെയ്യും.
കെഎസ്ആർടിസി- സ്വിഫ്റ്റ് ബസിലെ ടിക്കറ്റുകൾക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ബംഗളുരുവില്‍ നിന്നുള്ള കേരള യാത്രയ്ക്ക് ആദ്യ ദിനം തന്നെ മുഴുവൻ സീറ്റുകളും ബുക്കിംഗ് ആരംഭിച്ച് മണിയ്ക്കൂറുകൾക്കകം ടിക്കറ്റ് തീർന്നു. 12, 13 തീയതികളിൽ ബംഗളുരുവില്‍ നിന്നുള്ള തിരുവനന്തപുരം, എറണാകുളം സർവീസുകളുടെ ടിക്കറ്റുകളാണ് പൂർണ്ണമായും ബുക്ക് ചെയ്യപ്പെട്ടത്.
നിലവിൽ തിരുവനന്തപുരം- ബാഗ്ലൂർ, എറണാകുളം ‑ബാഗ്ലൂർ ഗജരാജ എ സി സ്ലീപ്പർ നാല് സർവീസുകളുടേയും കോഴിക്കോട്- ബംഗളരു രണ്ട് സർവീസുകളുടേയും പത്തനംതിട്ട- ബംഗളുരു ഒരു സർവീസ്, തിരുവനന്തപുരത്ത് നിന്നുള്ള കോഴിക്കോട്, കണ്ണൂർ, മാനന്തവാടി എന്നിവടങ്ങളിലേക്കുള്ള ആറ് ബൈപ്പാസ് സർവീസുകളുടേയും ഓൺലൈൻ ടിക്കറ്റ് റിസർവേഷൻ www.online.keralartc.com എന്ന വെബ്സൈറ്റ് വഴിയും ente ksrtc (എന്റെ കെഎസ്ആർടിസി) എന്ന mobile app വഴിയും ടിക്കറ്റുകൾ ലഭ്യമാണ്. കൂടുതൽ ബസുകൾക്ക് കർണ്ണാടകയുടേയും തമിഴ്നാടിന്റേയും പെർമിറ്റ് ലഭിക്കുന്ന മുറയ്ക്ക് 13 ന് മുൻപ് തന്നെ ബസുകൾ ലഭ്യമാക്കാനാണ് ശ്രമം. ദീർഘദൂര യാത്രക്കാർക്ക് കൂടുതൽ സൗകര്യ പ്രദമായ അന്തർ സംസ്ഥാന ദീർഘ ദൂര സർവീസുകളാണ് കെഎസ്ആർടിസി- സിഫ്റ്റ് നടത്തുന്നത്. ലഗ്ഗേജ് വയ്ക്കുന്നതിന് കൂടുതൽ ഇടവും ഇവ കൈകാര്യം ചെയ്യുന്നതിന് സഹായം നൽകാനായി ക്രൂവിന്റെ സഹായവും ലഭിക്കുകയും ചെയ്യും.
English Summary: The KSRTC-Swift service will start tomorrow
You may like this video also