Site iconSite icon Janayugom Online

ആരവങ്ങള്‍ക്ക് നാടൊരുങ്ങി; നെഹ്രു ട്രോഫി വള്ളംകളി 30ന് തുഴച്ചിൽ പരിശീലനം തുടങ്ങി

നെഹ്രു ട്രോഫി വള്ളംകളിയുടെ ആരവങ്ങൾക്ക് നാടൊരുങ്ങി. ഇനി പരിശീലനത്തുഴച്ചിലിന്റെ നാളുകളാണ്. ചുണ്ടൻ വള്ളങ്ങൾ പരിശീലനം സജീവമാക്കിയതോടെ ആരാധകരും ഉണർന്നു. നെഹ്രു ട്രോഫിയിൽ മുത്തമിടാനുള്ള ആവേശവുമായി പ്രമുഖ ക്ലബ്ബുകളാണ് ഇത്തവണ പുന്നമടയിലെത്തുന്നത്. കോട്ടയംകാരുടെ കുമരകം ബോട്ട് ക്ലബ്ബ്, കുമരകം ടൗൺ ബോട്ട് ക്ലബ്ബ്, ചങ്ങനാശ്ശേരി ബോട്ട് ക്ലബ് എന്നിവക്ക് പുറമെ കുമരകത്തുനിന്ന് ഇമാനുവൽ എന്ന പുതിയ ക്ലബ്ബും മത്സരരംഗത്തുണ്ട്. പായിപ്പാട് പുത്തൻ ചുണ്ടനിൽ ചമ്പക്കുളം മൂലം വള്ളംകളിയിൽ എ ഗ്രേഡ് വെപ്പ് വള്ളങ്ങളുടെ മത്സരത്തിൽ ഒന്നാമതെത്തിയ വിജയാവേശവുമായാണ് കുമരകം ടൗൺ ബോട്ട് ക്ലബ്ബ് പുന്നമടയിലെത്തുന്നത്. 2010ലാണ് ക്ലബ്ബ് അവസാനമായി നെഹ്രു ട്രോഫി നേടിയത്. കുമരകം ബോട്ട് ക്ലബ്ബ് 13 വർഷങ്ങൾക്കുശേഷം വീണ്ടും വെള്ളംകുളങ്ങരയിലാണ് പുന്നമടയിലിറങ്ങുക. 

ചങ്ങനാശേരി ബോട്ട് ക്ലബ്ബ് രണ്ടാം തവണയാണ് നെഹ്രു ട്രോഫിയിൽ പോരാട്ടത്തിനിറങ്ങുന്നത്. ഇത്തവണ ചമ്പക്കുളം ചുണ്ടനിലാണ് മത്സരം. രണ്ടാം ഹാട്രിക് ലക്ഷ്യം വച്ചിറങ്ങുന്ന പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ്, കൈനകരി യുണൈറ്റഡ് ബോട്ട് ക്ലബ്ബ്, കാരിച്ചാൽ ബോട്ട് ക്ലബ്ബ്, നിരണം ബോട്ട് ക്ലബ്ബ് എന്നിങ്ങനെ നീളുകയാണ് മത്സരിക്കാൻ ഇറങ്ങുന്ന വമ്പന്മാരുടെ നിര. കൈനകരി, പള്ളാത്തുരുത്തി, കുമരകം, പുളിങ്കുന്ന് തുടങ്ങി പല സ്ഥലങ്ങളിലായാണ് പരിശീലന ക്യാമ്പുകൾ. യുബിസി തുഴയുന്ന തലവടി ചുണ്ടൻ ഇന്ന് നീറ്റിലിറക്കും. നിരണം ബോട്ട് ക്ലബ്ബിന്റെ നിരണം ചുണ്ടന്‍ ഏഴിന് നീരണിയും. പള്ളാത്തുരുത്തി തുഴയുന്ന മേല്പാടം ചുണ്ടൻ നേരത്തെ നീരണിഞ്ഞിരുന്നു.
ഒരുമാസം നീണ്ട പരിശീലനമാണ് ബോട്ട് ക്ലബ്ബുകൾ നടത്തുന്നത്. പരിശീലനത്തിന് എത്തുമ്പോൾ ചുണ്ടനിൽ 120 പേർ വരെ ഉണ്ടാകും. ഇവരിൽ തുഴച്ചിൽക്കാർ നൂറിൽ താഴെ മാത്രം. തുഴകൾ ഒരേസമയം വെള്ളത്തിൽ വീഴണം. ഇങ്ങനെ കുത്തിയെറിയുമ്പോഴാണു ചു­ണ്ടൻ കുതിക്കുന്നത്. തുഴ വീഴുന്നതിൽ അല്പം വ്യത്യാസം ഉണ്ടായാൽ അതു വേഗത്തെ ബാധിക്കും. നൂറോളം പേരുടെ കൈകളിൽ നിന്ന് തുഴകൾ അണുവിട വ്യത്യാസമില്ലാതെ വെള്ളം കുത്തിയെറിയണമെങ്കിൽ താളം കൃത്യമായിരിക്കണം. അങ്ങനെ താളം കൊടുക്കുന്നവരാണ് ചുണ്ടനിലെ താളക്കാർ. ഒരു ചുണ്ടനിലെ അഞ്ച് അമരക്കാർ, നൂറിൽ താഴെ തുഴക്കാർ, ഇടിയൻ ഉൾപ്പെടെ ഉള്ള ഏഴ് താളക്കാർ ഇവർക്കെല്ലാം ഉള്ള പരിശീലനമാണ് പുരോഗമിക്കുന്നത്. പല ക്ലബ്ബുകളും മറ്റു വള്ളങ്ങളിലാണ് പരിശീലിക്കുന്നത്. അടുത്ത ആഴ്ചകളിൽ സ്വന്തം വള്ളങ്ങളിൽ തുഴയും. ഇത്തവണ ജലമേള നടത്തിപ്പിന് രണ്ട് കോടി രൂപയുടെ സ്പോൺസർഷിപ്പ് കണ്ടെത്താനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. 

Exit mobile version