Site iconSite icon Janayugom Online

മുനമ്പത്തെ ജനങ്ങളുടെ മണ്ണ് അവരുടെത് തന്നെയായിരിക്കും: ബിനോയ് വിശ്വം

മുനമ്പം വഖഫ് പ്രശ്നം പരിഹരിക്കാൻ ഭൗതികവാദികളും ആത്മീയവാദികളും ഒന്നിച്ചുനില്‍ക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. എന്തൊക്കെത്തന്നെയുണ്ടായാലും മുനമ്പത്തെ ജനങ്ങളുടെ മണ്ണ് അവരുടെത് തന്നെയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മുനമ്പം നിവാസികളുടെ റവന്യു അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നടന്ന പ്രതിഷേധ കൂട്ടായ്മയില്‍ സംസാരിക്കുകയായിരുന്നു ബിനോയ് വിശ്വം.

മുനമ്പത്തുകാരുടെ അവകാശങ്ങള്‍ സ്ഥാപിക്കപ്പെടുന്നതുവരെ അവരുടെ കൂടെ എല്ലാവരും ഉണ്ടാവും. വേണമെങ്കില്‍ വികാരങ്ങളുടെ പേരില്‍ മുനമ്പം വിഷയം ആളിക്കത്തിക്കാനാവും. എന്നാലിത് വികാരങ്ങള്‍ ആളിക്കത്തിക്കാനുള്ള നേരമല്ല. മനുഷ്യര്‍ക്ക് അവര്‍ വിലകൊടുത്തു വാങ്ങിയ മണ്ണില്‍ ജീവിക്കാൻ അവകാശമുണ്ട്. ആ അവകാശത്തെ ആരും ചോദ്യം ചെയ്യില്ല. സര്‍ക്കാരിന്റെ വഴിയും അതാണ്. 28ലെ യോഗം 22ലേക്ക് ആക്കിയത് തന്നെ സര്‍ക്കാരിന്റെ ആ നിലപാടിന്റെ ഭാഗമായാണ്. മുനമ്പത്തെ പാവപ്പെട്ട ജനങ്ങളുടെ മണ്ണ് അവരുടെത് തന്നെയായിരിക്കുമെന്ന് ഉറപ്പാണ്. 

മറികടക്കാൻ കടമ്പകളേറെയുണ്ട്. അതിനായി ഭൗതികവാദികളും ആത്മീയവാദികളും കൈകോര്‍ത്ത് നില്‍ക്കേണ്ട സമയമാണിതെന്നും ബിനോയ് വിശ്വം പറഞ്ഞു. കത്തോലിക്കാ രൂപതകളും ക്രൈസ്തവ സഭാവിഭാഗങ്ങളും സാമൂഹിക സാംസ്കാരിക രാഷ്ട്രീയ സന്നദ്ധപ്രവർത്തകരും സംയുക്തമായി പാളയം രക്തസാക്ഷി മണ്ഡപത്തിൽ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ ലത്തീൻ അതിരൂപതാ ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോ ഉദ്ഘാടനം ചെയ്തു. 

Exit mobile version