Site iconSite icon Janayugom Online

മുക്കുപണ്ടം പണയം വച്ച് പണം തട്ടിയ സംഘത്തിലെ പ്രധാനി പിടിയിൽ

തെക്കൻ കേരളം കേന്ദ്രീകരിച്ച് സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിൽ മുക്കുപണ്ടം പണയം വച്ച് പണം തട്ടുന്ന സംഘത്തിലെ പ്രധാനി പിടിയിൽ. ഇടുക്കി കീരിത്തോട് കപ്യാര് കുന്നിൽ വീട്ടിൽ സുനീഷാണ് പിടിയിലായത്. അഞ്ചലിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ മുക്കുപണ്ടം പണയം വച്ച് പണം തട്ടിയ കേസിൽ കൊട്ടാരക്കര സ്വദേശി സജയകുമാറിനെ അഞ്ചൽ പൊലീസ് ഒരു മാസം മുമ്പ് പിടികൂടിയിരുന്നു.
ഇയാളെ ചോദ്യം ചെയ്ത വേളയിലാണ് സുനീഷിനെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്. 

തുടർന്നു നടത്തിയ അന്വേഷണത്തിൽ തെക്കൻ കേരളത്തിലെ വിവിധ ജില്ലകളിൽ തട്ടിപ്പ് നടത്തുന്നതിനായി മുക്കുപണ്ടം എത്തിക്കുന്നത് സുനീഷാണെന്ന് കണ്ടെത്തുന്നത്. മുക്കുപണ്ടം പണയം വച്ച് പണം തട്ടുന്നതടക്കം കേരളത്തിലെ വിവിധ പൊലീസ് സ്റ്റേഷനുകൾ സുനീഷിനെതിരെ ഇരുപത്തിയാറോളം കേസുകൾ നിലവിലുണ്ട്. പ്രതിയെ തിരിച്ചറിഞ്ഞ അഞ്ചൽ പൊലീസ് രണ്ടുതവണ ഇയാളെ പിടികൂടാനുള്ള ശ്രമം നടത്തിയെങ്കിലും ശ്രമം വിഫലമായി. വനാതിർത്തിയോട് ചേർന്ന് താമസിക്കുന്ന സുനീഷ് പൊലീസ് സാന്നിധ്യം മനസിലാക്കിയാൽ വനത്തിലേക്ക് മുങ്ങും. എന്നാൽ ഇയാളെ നിരന്തരം നിരീക്ഷിച്ചുവന്ന പൊലീസ് കഴിഞ്ഞ ദിവസം പിടികൂടുകയായിരുന്നു.

സ്വർണത്തെ വെല്ലുന്ന രീതിയിൽ മുക്കുപണ്ടം നിർമ്മിക്കുന്ന സംഘത്തിൽ നിന്നും ഇവ വാങ്ങി ആവശ്യക്കാർക്ക് എത്തിക്കുന്ന സുനീഷ് വാട്സാപ് കാൾ മുഖേനെയാകും ഇടപാടുകാരുമായി സംസാരിക്കുക. തട്ടിപ്പിലൂടെ ലഭിക്കുന്ന തുക മറ്റുചിലരുടെ കൈകളിൽ എത്തിക്കും. പിന്നീട് പല കൈമറിഞ്ഞാകും തട്ടിപ്പ് സംഘത്തിന്റെ കൈകളിൽ എത്തുക എന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അഞ്ചൽ സർക്കിൾ ഇൻസ്പെക്ടർ ഹരീഷ്, എസ്ഐ പ്രജീഷ് കുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർ വിനോദ് കുമാർ, സിവിൽ പൊലീസ് ഓഫീസർമാരായ സാബു, വിഷ്ണു എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.

Exit mobile version