ബിഹാറിലെ പട്‌നയില്‍ ആശുപത്രിയില്‍ സൂക്ഷിച്ച മൃതദേഹത്തില്‍നിന്ന് ഒരു കണ്ണ് കാണാതായി. പട്‌ന സ്വദേശിയായ ഫാന്തുസ് കുമാര്‍ എന്നയാളുടെ മൃതദേഹത്തില്‍നിന്നാണ് ഇടതുകണ്ണ് നഷ്ടമായത്. സംഭവത്തിന് പിന്നില്‍ ആശുപത്രി അധികൃതരാണെന്നും അവയവക്കച്ചവടത്തിന്റെ ഭാഗമായാണ് മൃതദേഹത്തില്‍നിന്ന് കണ്ണ് നീക്കംചെയ്തതെന്നുമാണ് മരിച്ചയാളുടെ ബന്ധുക്കളുടെ ആരോപണം. അതേസമയം, ഇത്തരം ആരോപണം ശരിയല്ലെന്നും കണ്ണ് എലി കരണ്ടതാകാനാണ് സാധ്യതയെന്നും ആശുപത്രി അധികൃതര്‍ പ്രതികരിച്ചു.
വയറിന് വെടിയേറ്റനിലയില്‍ കഴിഞ്ഞ വ്യാഴാഴ്ചയാണ് കുമാറിനെ പട്‌നയിലെ നളന്ദ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച രാത്രിയോടെ യുവാവ് മരിച്ചത്. തുടര്‍ന്ന് മൃതദേഹം ആശുപത്രിയില്‍ തന്നെ സൂക്ഷിക്കുകയായിരുന്നു. മണിക്കൂറുകള്‍ക്ക് ശേഷം സംസ്‌കാരചടങ്ങിനായി കുടുംബം മൃതദേഹം ഏറ്റുവാങ്ങാനെത്തിയപ്പോഴാണ് മൃതദേഹത്തില്‍ ഇടതുകണ്ണില്ലെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടത്. ഇതോടെ കുടുംബം പരാതിയുമായി രംഗത്തെത്തുകയായിരുന്നു.