Site iconSite icon Janayugom Online

സിനിമ അടക്കമുള്ള എല്ലാ മേഖലകളിലും സ്ത്രീകളുടെ അവകാശങ്ങള്‍ക്കുവേണ്ടിയാണ് ഇടതുപക്ഷം നിലകൊണ്ടിട്ടുള്ളത്: ബിനോയ് വിശ്വം

binoy viswambinoy viswam

സിപിഐയുടെ നിലപാട് എന്നും ഇടതുപക്ഷ കാഴ്ചപ്പാടിനെ മുറുകെ പിടിക്കുന്നതാണെന്നും സിനിമ അടക്കമുള്ള എല്ലാ മേഖലകളിലും സ്ത്രീകളുടെ അവകാശങ്ങള്‍ക്കുവേണ്ടി ആണ് ഇടതുപക്ഷം നിലകൊണ്ടിട്ടുള്ളതെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സ്ത്രീകളുടെ പങ്ക് അനിഷേധ്യമായ മേഖലയാണ് സിനിമ. സ്ത്രീകളെ ഒഴിവാക്കി മലയാള സിനിമ ഇല്ല എന്നതാണ് ഇടതുപക്ഷ കാഴ്ചപ്പാടെന്നും അതുകൊണ്ടാണ് ഹേമ കമ്മിറ്റിയെ നിയോഗിച്ചതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ഇന്ത്യയില്‍ തന്നെ ആദ്യമായാണ് ഒരു സംസ്ഥാന സര്‍ക്കാര്‍ ഉന്നതാധികാര കമ്മിഷനെ നിയോഗിച്ചത്. 

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മികച്ച അന്വേഷണ സംഘത്തെയാണ് സർക്കാർ നിയോഗിച്ചത്. അന്വേഷണ സംഘത്തില്‍ സ്ത്രീകള്‍ക്ക് മതിയായ പ്രാതിനിധ്യം വേണമെന്ന ആവശ്യം എല്‍ഡിഎഫ് സര്‍ക്കാര്‍ ഉള്‍ക്കൊണ്ടിട്ടുണ്ട്. പൊലീസ് അന്വേഷണ സംഘത്തില്‍ നാല് സ്ത്രീകള്‍ അംഗങ്ങളാണ്. മുകേഷിനെതിരായ ആരോപണത്തിൽ എന്നല്ല ആരുടെ കാര്യത്തിലും മുഖം നോക്കാതെ നടപടിയെടുക്കും എന്ന സര്‍ക്കാര്‍ നിലപാട് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ഈ വിഷയത്തില്‍ സിപിഐയുടെ നിലപാട് ചര്‍ച്ച ചെയ്യാതെ പറയാനാവില്ലെന്നും അദ്ദേഹം ചോദ്യത്തിന് മറുപടിയായി വ്യക്തമാക്കി. 

ഒരു രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍ ഡബ്ല്യുസിസിയെക്കുറിച്ച് തികഞ്ഞ ആദരവും മതിപ്പും ഉണ്ട്. ആ സ്ത്രീ കൂട്ടായ്മയാണ് മലയാള സിനിമയുടെ പുതിയ മാറ്റത്തിന് വഴിതെളിച്ചത്. അവര്‍ ഉയര്‍ത്തിപ്പിടിച്ച ആശയങ്ങളും നിലപാടുകളുമാണ് ശരിയെന്ന് പൊതുസമൂഹം അംഗീകരിച്ചു കഴിഞ്ഞു. സിനിമ കോണ്‍ക്ലേവ് എന്ന ആശയം തെറ്റല്ലെന്നും അതിനായി നവംബര്‍ മാസം വരെ കാത്തിരിക്കേണ്ടതുണ്ടോയെന്ന് സര്‍ക്കാര്‍ ഗൗരവമായി ചിന്തിക്കണം. സിനിമാ മേഖലയില്‍ നിന്ന് അത്തരം ചോദ്യങ്ങള്‍ ഉയരുന്നുണ്ടെന്നും സര്‍ക്കാര്‍ അതുള്‍ക്കൊള്ളുമെന്നാണ് പ്രതീക്ഷയെന്നും ബിനോയ് വിശ്വം പറഞ്ഞു.

Exit mobile version