Site iconSite icon Janayugom Online

രാജ്യം നിലനില്‍ക്കാന്‍ ഇടതുപക്ഷം വിജയിക്കണം

votingvoting

ന്നാംഘട്ട തെരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച നേട്ടം കെെവരിക്കാന്‍ കഴിയില്ല എന്ന തിരിച്ചറിവിലാണ് വര്‍ഗീയ ചേരിതിരിവിനെ കൂടുതല്‍ ശക്തമാക്കുന്ന പ്രചരണം പ്രധാനമന്ത്രി നരേന്ദ്രമോഡി ശക്തിപ്പെടുത്താന്‍ തീരുമാനിച്ചത്. ഒന്നാംഘട്ട പോളിങ് കഴിഞ്ഞപ്പോള്‍ ബിജെപി കനത്ത തിരിച്ചടിയാണ് പ്രതീക്ഷിക്കുന്നത്.

ജനങ്ങളുടെ ജീവിതവിഷയങ്ങള്‍ തെരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യുന്നതിന് പ്രധാനമന്ത്രി നരേന്ദ്രമോഡിയും ബിജെപി നേതാക്കളും എന്തുകൊണ്ട് തയ്യാറാകുന്നില്ല എന്ന ചോദ്യം രാജ്യത്ത് ശക്തമാണ്. അതിന് മറുപടി ഒന്നുംതന്നെയില്ല.

ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ട തെരഞ്ഞെടുപ്പില്‍ അപകടം മണത്തറിഞ്ഞ് വര്‍ഗീയ വിദ്വേഷമുണ്ടാക്കി ഹിന്ദു വോട്ടുകള്‍ ഏകീകരിക്കുന്നതിനുള്ള ശ്രമങ്ങള്‍ പ്രധാനമന്ത്രി നേതൃത്വം നല്‍കി പ്രാവര്‍ത്തികമാക്കുകയാണ്. സ്വന്തം ഗവണ്‍മെന്റിനെ ഇരട്ട എന്‍ജിനുള്ള ഗവണ്‍മെന്റ് എന്നാണ് നരേന്ദ്രമോഡി വിശേഷിപ്പിക്കുന്നത്. ഇരട്ട എന്‍ജിന്‍ ഗവണ്‍മെന്റ് കിതപ്പോടെയാണ് മുന്നോട്ടുപോകുന്നത് എന്നാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.


ഇതുകൂടി വായിക്കൂ: ഇവിഎം സുതാര്യത ഉറപ്പുവരുത്തണം


തെരഞ്ഞെടുപ്പില്‍ തിരിച്ചടി മണത്തറിഞ്ഞാണ് മതവിദ്വേഷത്തിന്റെ അടിസ്ഥാനത്തില്‍ പ്രചരണം ശക്തിപ്പെടുത്തുന്നത്. ജനങ്ങളുടെ ജീവിതദുരിതങ്ങള്‍ പരിഹരിക്കുന്നതില്‍ പൂര്‍ണമായും പരാജയപ്പെട്ട പ്രധാനമന്ത്രിക്ക് പ്രചരണ തന്ത്രം മാറ്റുക മാത്രമാണ് വഴി. അതാണ് രാജസ്ഥാനിലെ ജലോറിലും ബന്‍സ്വാരയിലും ടോങ്കിലും മുസ്ലിം ന്യൂനപക്ഷത്തിനെതിരായി പ്രചരണം ശക്തിപ്പെടുത്തിയത്. മുഗള്‍ കാലഘട്ടത്തെ ഓര്‍മ്മപ്പെടുത്തിയ പ്രധാനമന്ത്രി ഉദ്ദേശിച്ചത് എന്താണ് എന്ന് വ്യക്തമാണ്. പച്ച പതാക കാണുമ്പോള്‍ പാകിസ്ഥാനിലാണോ എന്ന് തോന്നിപ്പോകും എന്നുപറഞ്ഞതിന്റെ ഉദ്ദേശം വ്യക്തമാണ്. പൗരത്വ നിയമം ഭേദഗതി ചെയ്ത് മുസ്ലിം ന്യൂനപക്ഷത്തെ പാര്‍ശ്വവല്‍ക്കരിക്കുവാന്‍ നടത്തിയ നീക്കം ഹിന്ദു വിശ്വാസികളെ സ്വന്തംപക്ഷത്ത് പൂര്‍ണമായും നിര്‍ത്താനായിരുന്നു. അതെല്ലാം തകിടം മറിയുന്നതാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. രാമനവമിക്ക് തൊട്ടുമുമ്പ് മാംസം കഴിക്കുന്നത് പ്രചരണവിഷയമാക്കിയത് അന്ന് ചര്‍ച്ചാവിഷയമായിരുന്നു. ഒന്നാംഘട്ട തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണ് ആ പ്രചരണം പ്രധാനമന്ത്രി ഏറ്റെടുത്തത്. രാജ്യത്തിന്റെ സമ്പത്ത് ന്യായമായ രീതിയില്‍ പങ്കുവയ്ക്കണമെന്ന അഭിപ്രായത്തെ മുസ്ലിം പ്രീണനമെന്നാണ് പ്രധാനമന്ത്രി വിശദീകരിക്കുന്നത്. രാജ്യത്തിന്റെ സ്വത്ത് വീതിച്ച് മുസ്ലിങ്ങള്‍ക്ക് നല്‍കുകയാണ് ഇന്ത്യ മുന്നണിയുടെ ഉദ്ദേശം എന്ന് രാജ്യത്തിന്റെ പ്രധാനമന്ത്രി പ്രസംഗിക്കുന്നു.

പ്രധാനമന്ത്രി തന്നെ മതസ്പര്‍ധ വളര്‍ത്തി ചേരിതിരിവ് നടത്താന്‍ നേതൃത്വം നല്‍കുന്നതിനെ ഇന്ത്യയിലെ ജനാധിപത്യ മതനിരപേക്ഷ ജനവിഭാഗങ്ങള്‍ ശക്തമായി പ്രതിഷേധിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഇതെല്ലാം നോക്കിക്കാണുക മാത്രമാണ് ഇപ്പോള്‍ ചെയ്യുന്നത്. കേന്ദ്രഭരണകൂടത്തിനെ താങ്ങുന്നതില്‍ മാത്രമാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഇപ്പോഴത്തെ ശ്രദ്ധ. കേന്ദ്ര ഗവണ്‍മെന്റിന്റെ ഒരു വകുപ്പ് പോലെയാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രവര്‍ത്തിക്കുന്നത് എന്നത് രാജ്യത്തിന്റെ ജനാധിപത്യ സംവിധാനത്തെ തകിടംമറിക്കും എന്ന് ഉറപ്പാണ്. രാജ്യം മുമ്പൊരിക്കലും അഭിമുഖീകരിക്കാത്ത വെല്ലുവിളിയാണ് ഇപ്പോള്‍ നേരിടുന്നത്. സ്വതന്ത്രമായ തെരഞ്ഞെടുപ്പ് പോലും ഇല്ലാതാക്കി വീണ്ടും അധികാരത്തില്‍ എത്തുക എന്നതാണ് പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ലക്ഷ്യം.

നരേന്ദ്രമോഡിയുടെ വിദ്വേഷ പ്രസംഗവും തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാട്ടി സിപിഐ, സിപിഎ‌െ(എം), കോണ്‍ഗ്രസ് പാര്‍ട്ടികള്‍ ഇതിനകം തന്നെ തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ പ്രസംഗം തെരഞ്ഞെടുപ്പ് ചട്ടലംഘനമാണ് എന്ന് ആരോപിച്ച് ഡല്‍ഹി പൊലീസിന് നല്‍കിയ അപേക്ഷ സ്വീകരിക്കുവാന്‍ പോലും പൊലീസ് അധികാരികള്‍ തയ്യാറായില്ല. രാജ്യത്തെ മുതിര്‍ന്ന ഉദ്യോഗസ്ഥരായി സേവനമനുഷ്ഠിച്ച, റിട്ടയര്‍ ചെയ്ത 93 പേര്‍ ഇതുസംബന്ധമായി തെരഞ്ഞെടുപ്പ് കമ്മിഷന് കത്തയച്ചിട്ട് ദിവസങ്ങളായി. ഒപ്പിട്ടവരില്‍ വിവിധ സംസ്ഥാനങ്ങളിലെ മുന്‍ ചീഫ് സെക്രട്ടറിമാര്‍, പ്രൊഫസര്‍മാര്‍, സാമ്പത്തികവിദഗ്ധര്‍ തുടങ്ങിയവരാണ്. പരാതികള്‍ ഒന്നുംതന്നെ മുഖവിലയ്ക്കെടുക്കുന്നതിന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഇതുവരെ തയ്യാറായിട്ടില്ല.


ഇതുകൂടി വായിക്കൂ: പൊതുതെരഞ്ഞെടുപ്പ് ഏകാധിപത്യത്തിലേക്കോ?


പരാജയഭീതി തിരിച്ചറിഞ്ഞ് ലോക്‌സഭാ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള നീക്കമാണ് പ്രധാനമന്ത്രി നേതൃത്വം നല്‍കി നടപ്പിലാക്കുന്നത്. രാജ്യത്തിന്റെ ഭരണഘടനയും ജനാധിപത്യ സംവിധാനവും സംരക്ഷിക്കുക എന്നത് പരമപ്രധാനമാണ്. നരേന്ദ്രമോഡിയെ അധികാരത്തില്‍ നിന്നും പുറന്തള്ളുന്നതിലൂടെ മാത്രമേ അതിന് കഴിയു. രാജ്യത്തുടനീളം ജനങ്ങള്‍ ചിന്തിക്കുന്നത് ആ വഴിക്കുതന്നെയാണ്. അത് മനസിലാക്കിയാണ് കലിതുള്ളി എന്തും വിളിച്ചുപറയാന്‍ നരേന്ദ്രമോഡി തയ്യാറാകുന്നത്.

രാജ്യത്തിന്റെ ഐക്യവും ജനാധിപത്യവും സംരക്ഷിക്കുക എന്നതാണ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലെ ഏറ്റവും പ്രധാനപ്പെട്ട കടമ. നരേന്ദ്രമോഡിയെ പ്രധാനമന്ത്രി സ്ഥാനത്തുനിന്നും പുറത്താക്കുന്നതിലൂടെ മാത്രമേ ആ കടമ നിര്‍വഹിക്കാന്‍ കഴിയുകയുള്ളു.


ഇതുകൂടി വായിക്കൂ: നക്സല്‍വേട്ട: വസ്തുതകള്‍ വെളിപ്പെടണം


തെരഞ്ഞെടുക്കപ്പെടുന്ന ലോക്‌സഭയില്‍ ഇന്ത്യമുന്നണിക്ക് ഭൂരിപക്ഷം ഉണ്ടാകുന്നതോടൊപ്പം ഇടതുപക്ഷത്തിന്റെ അംഗബലം വലിയതോതില്‍ വര്‍ധിക്കേണ്ടതായിട്ടുണ്ട്. ശക്തമായ ഇടതുപക്ഷ സാന്നിധ്യം ഉണ്ടായാല്‍ മാത്രമേ രാജ്യത്തെ സംരക്ഷിക്കാന്‍ കഴിയുകയുള്ളു. രണ്ടാംഘട്ട തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി കേരളത്തില്‍ വലിയ വിജയം കെെവരിക്കണം. കേരളത്തില്‍ അതിന് അനുകൂലമായ രാഷ്ട്രീയ സാഹചര്യം ഉയര്‍ന്നുവന്നിട്ടുണ്ട്. ഫാസിസ്റ്റ് ശക്തികള്‍ക്കെതിരായ പോരാട്ടത്തിലെ പ്രധാന രാഷ്ട്രീയശക്തി ഇടതുപക്ഷമാണ്. കേരളത്തില്‍ ഇടതുപക്ഷത്തെ ജയിപ്പിക്കുക എന്നത് ഫാസിസ്റ്റ് ശക്തികള്‍ക്കെതിരായ പോരാട്ടത്തിലെ ഏറ്റവും പ്രധാനപ്പെട്ട കടമയാണ്. കേരളത്തില്‍ വോട്ടര്‍മാര്‍ ആ കടമ നിര്‍വഹിക്കുമെന്നാണ് രാജ്യം പ്രതീക്ഷിക്കുന്നത്.

Exit mobile version