Site iconSite icon Janayugom Online

സർവകലാശാലാ നിയമങ്ങൾ ഭേദഗതി ബിൽ നിയമസഭ പാസാക്കി

വൈസ് ചാൻസലർ തെരഞ്ഞെടുപ്പിന് സെർച്ച് കമ്മിറ്റി അംഗങ്ങളെ മൂന്നിൽനിന്ന് അഞ്ചാക്കുന്നത് ഉൾപ്പെടെ സുപ്രധാന നിർദേശങ്ങളുമായി സർവകലാശാലാ നിയമങ്ങൾ ഭേദഗതി ബിൽ നിയസഭ പാസാക്കി. സർക്കാർ, യുജിസി, സിൻഡിക്കറ്റ് പ്രതിനിധികൾക്കുപുറമെ സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ നിർദ്ദേശിക്കുന്ന വ്യക്തിയും ചാൻസലറായ ഗവർണറുടെ പ്രതിനിധിയും സെർച്ച് കമ്മിറ്റിയിൽ ഉൾപ്പെടുന്നു. ഉന്നതവിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ നിർദ്ദേശിക്കുന്ന വ്യക്തി എന്നത് ഔദ്യോഗിക ഭേദഗതിയായി മന്ത്രി നിയമസഭയിൽ അവതരിപ്പിക്കുകയായിരുന്നു. 

സർക്കാർ പ്രതിനിധിയായിരിക്കും കണ്‍വീനർ. ബില്ലിന് 2022 ഓഗസ്റ്റു മുതല്‍ മുന്‍കാല പ്രാബല്യമുണ്ട്. പുതിയ വ്യവസ്ഥകൾ ചാൻസലറുടെ അധികാരം കുറയ്ക്കുന്നില്ലെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു നിയമസഭയിൽ വ്യക്തമാക്കി. സെലക്ഷൻ കമ്മിറ്റി അംഗങ്ങളെ നിയമിക്കുന്നതും കമ്മിറ്റി നിർദേശിക്കുന്ന മൂന്നുപേരുടെ പാനലിൽനിന്നും ഒരാളെ വൈസ് ചാൻസിലറായി നിയമിക്കുന്നതും ചാൻസലർ തന്നെയാണ്. 

2019ലെ യുജിസി മാർഗ്ഗ നിർദ്ദേശങ്ങൾക്ക് അനുസൃതമായാണ് നിയമങ്ങളിൽ മാറ്റം വരുത്തിയത്. വിസി നിയമനവ്യവസ്ഥകൾ യുജിസി റഗുലേഷൻസ് 2018ന് അനുസൃതമായി പരിഷ്കരിക്കണമെന്നാണ് ഉന്നതവിദ്യാഭ്യാസ കൗൺസിലിന്റെ ശുപാർശ. യുജിസി റഗുലേഷൻ നിർദേശക സ്വഭാവത്തിലുള്ളതാണ്. ഇതനുസരിച്ചാണ് സെർച്ച് കമ്മിറ്റിയിലെ അംഗങ്ങളുടെ എണ്ണം അഞ്ചായി ഉയർത്തിയത്. നിയമങ്ങളിലെ മാറ്റം സംസ്ഥാനത്ത് കേരള, കാലിക്കറ്റ്,എംജി, കണ്ണൂര്‍, കാലടി സർവ്വകലാശാലകൾക്കു ബാധമാകും. 

സെര്‍ച്ച് കമ്മിറ്റി മൂന്നു മാസത്തിനുള്ളില്‍ മൂന്നുപേരുടെ പട്ടിക ചാൻസലർക്ക് നൽകണം. ചാന്‍സലര്‍ 30 ദിവസത്തിനള്ളില്‍ വിസി നിയമനം നടത്തണം. വിസിയുടെ പ്രയപരിധി 65 വയസ്സാക്കി നിശ്ചയിച്ചു. ആബിദ് ഹുസൈൻ തങ്ങൾ, ടിവി ഇബ്രാഹിം, രമേശ് ചെന്നിത്തല, എം വിജിൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. 

Eng­lish Summary:The Leg­isla­tive Assem­bly passed the Uni­ver­si­ty Rules Amend­ment Bill
You may also like this video

Exit mobile version