വൈത്തിരി ചാരിറ്റിയിൽ വ്യാപക മണ്ണിടിച്ചിൽ. സ്വകാര്യ വ്യക്തി നിർമ്മിച്ച 100 മീറ്ററോളം സംരക്ഷണ മതിൽ തകർന്നു. പ്രദേശത്ത് മഴ ശക്തമായതിനാൽ കൂടുതൽ പ്രദേശം ഇടിയുമോ എന്ന ആശങ്കയിലാണ് നാട്ടുകാർ. ഇന്നലെ വൈകുന്നേരം മൂന്ന് മണിയോടെയാണ് സംഭവം. മേഖലയിൽ പെയ്ത കനത്ത മഴയിൽ സംരക്ഷണഭിത്തി ഒന്നാകെ ഇടിഞ്ഞു വീഴുകയായിരുന്നു. സമീപത്ത് വിള്ളലുകളും രൂപപ്പെട്ടിട്ടുണ്ട്. നിർമ്മാണം അശാസ്ത്രീയമാണെന്നും, ഉടമയ്ക്കെതിരെ നടപടി സ്വീകരിക്കുമെന്നും വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ വി വിജേഷ് പറഞ്ഞു.
മേഖലയിൽ കൂടുതൽ മണ്ണിടിച്ചിൽ ഉണ്ടാകുമോ എന്ന് ആശങ്കയിലാണ് നാട്ടുകാർ. അതേസമയം മണ്ണിടിഞ്ഞ പ്രദേശത്ത് വ്യാപകമായി മരം മുറിച്ചിട്ടുണ്ടെന്നും, നിർമ്മാണം തുടങ്ങുന്നതിന് മുൻപ് തന്നെ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടി ഉണ്ടായിട്ടില്ലെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. പതിനഞ്ചോളം കുടുംബങ്ങൾ താമസിക്കുന്ന പ്രദേശമാണിത്.

